കര്‍ണാടകയില്‍ സ്ഥാനമോഹികളുടെ കലാപം

Web Desk
Posted on August 20, 2019, 10:22 pm

ബംഗളുരു: നിയമസഭാ സമ്മേളനത്തിനിടെ ലൈംഗിക വേഴ്ച രംഗമുള്ള വീഡിയോ ക്ലിപ്പുകള്‍ കണ്ടിരുന്നവരടക്കം 17 പേരെ ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. മന്ത്രിമാരാകാന്‍ കഴിയാതിരുന്ന 12 എംഎല്‍എമാരടക്കം വലിയൊരു വിഭാഗം ബിജെപി നേതാക്കളുടെ അസാന്നിധ്യമായിരുന്നു സത്യപ്രതിജ്ഞാചടങ്ങിന്റെ പ്രത്യേകത. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം കഴിഞ്ഞാണ് ബി എസ് യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിക്കുന്നത്.

മന്ത്രിസഭാ രൂപീകരണത്തിനെതിരെ നിരവധി ബിജെപി എംഎല്‍എമാര്‍ ദേശീയ നേതൃത്വത്തിന് ഇന്നലെ തന്നെ പരാതികള്‍ നല്‍കി. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മന്ത്രിസ്ഥാനം മോഹിച്ച 12 പേരും അതൃപ്തി തുറന്ന് പ്രകടിപ്പിച്ചു.
സംസ്ഥാനത്തിന്റെ പലയിടത്തും മന്ത്രിപദവി ലഭിക്കാത്ത നേതാക്കള്‍ക്കായി അണികള്‍ കലാപങ്ങള്‍ സൃഷ്ടിച്ചു. പ്രതിഷേധങ്ങളിലെല്ലാം ദേശീയ, സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു രോഷം മുഴുവനും. കേന്ദ്ര നേതൃത്വം നല്‍കിയ പട്ടിക പ്രകാരമായിരുന്നു മന്ത്രിസഭാ വികസനം.

തന്റെ സീനിയോറിറ്റിയെങ്കിലും പരിഗണിക്കാമായിരുന്നുവെന്ന് ചിത്രദുര്‍ഗയില്‍ നിന്നുള്ള എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ജി എച്ച് തിപ്പരാഡി പ്രതികരിച്ചു. സമാന ചിന്താഗതിക്കാരായ എംഎല്‍എമാര്‍ ഉടന്‍ ബംഗളുരുവില്‍ യോഗം ചേരുമെന്നും അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിനും യെദ്യൂരപ്പയ്ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികള്‍ ചിത്രദുര്‍ഗയില്‍ വാഹനങ്ങളുടെ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. നേതൃത്വത്തിനെതിരെ മുദ്രാവാക്യവും മുഴക്കി.

പാര്‍ട്ടി പ്രത്യയശാസ്ത്രത്തിലും തത്വത്തിലും തനിക്കുള്ള വിശ്വാസത്തെയെങ്കിലും നേതൃത്വം പരിഗണിക്കേണ്ടിയിരുന്നുവെന്ന് ആറ് തവണ എംഎല്‍എയായ ദളിത് നേതാവ് അംഗാറ പറഞ്ഞു. പാര്‍ട്ടി നേതൃത്വം തന്റെ ജില്ലയെ അവഗണിച്ചുവെന്ന് ഗൂളിഹാട്ടി ശേഖര്‍ എംഎല്‍എ പ്രതികരിച്ചു. മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താത്തതില്‍ രാമപ്പ ലമണി എംഎല്‍എയും പ്രതിഷേധമറിയിച്ചു.

ലിംഗായത്ത് സമുദായത്തിന് ഭൂരിപക്ഷം നല്‍കുന്നതാണ് പുതിയ മന്ത്രിസഭ. പതിനേഴ് മന്ത്രിമാരില്‍ ഏഴു പേരും ഒരേ സമുദായത്തില്‍ നിന്നുള്ളവരാണ്.
അതേസമയം കര്‍ണാടക നിയമസഭയിലിരുന്ന് ലൈംഗിക വേഴ്ച വീഡിയോ കണ്ട് കുപ്രസിദ്ധരായ ലക്ഷ്മണ്‍ സാവദിയും സി സി പാട്ടീലും മന്ത്രിസഭയിലെത്തി. 2012 ഫെബ്രുവരിയിലാണ് നിയമസഭാ സമ്മേളനത്തിന് ഇടയില്‍ ബിജെപി നേതാക്കളായ ഇരുവരും പോണ്‍ വീഡിയോ കണ്ടത്. സംഭവം വിവാദമായതോടെ രണ്ടുപേര്‍ക്കും അന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിയും വന്നു. ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍.

YOU MAY LIKE THIS VIDEO ALSO