ഹരിത തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

Web Desk
Posted on June 16, 2019, 8:45 pm

നെടുങ്കണ്ടം: ഹരിത തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. വാഗമണ്‍ കോലഹലമേട് കസ്തൂരിഭവനില്‍ കുമാര്‍ (49) ആണ് അറസ്റ്റിലായത്. സ്ഥാപനത്തിന്റെ എം ഡി ശാലിനിയുടെ തൂക്കുപാലത്തെ വാടക  വീട്ടില്‍ നിന്നുമാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  പൊലീസിനെ കണ്ടു ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയുടെ കാലിനു
പരുക്കേറ്റതിനെതുടര്‍ന്ന് പ്രതിക്കു നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍  ചികിത്സ നല്‍കി.

കഴിഞ്ഞ ദിവസം കുമാറിനായി പീരുമേട്,കോലഹലമേട്,മൂലമറ്റം,ഏലപ്പാറ എന്നിവിടങ്ങളില്‍ തിരച്ചില്‍  നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പരിശോധനക്കിടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഒന്നാം പ്രതി  ഒളിപ്പിച്ചിരുന്ന ചെക്ക് ലീഫുകളും, മുദ്രപത്രങ്ങളും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി ശാലിനി, മൂന്നാം പ്രതി മഞ്ജു
എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കുമാറിനെയും ഒന്നും, രണ്ടും പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണു പൊലീസ് നീക്കം. രണ്ടാം പ്രതി ശാലിനിയുടെ പക്കല്‍ നിന്നും  പിടിച്ചെടുത്ത 1.15 ലക്ഷം രൂപ മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. തൂക്കുപാലത്തു പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍
വായ്പക്കു അപേക്ഷിച്ചവരില്‍ നിന്നാണു 1000 മുതല്‍ 50000 രൂപ വരെ വായ്പ
നല്‍കുന്നതിനുള്ള പ്രൊസസിങ് ഫീ ഇനത്തില്‍ തട്ടിയെടുത്തത്.

തട്ടിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം വഴി തെറ്റിക്കുന്ന മൊഴികളാണു
പ്രതികള്‍ നല്‍കിയത്. പൊലീസിന് ലഭിച്ച 24 സ്വയം സഹായ സംഘങ്ങളുടെ പരാതിയില്‍ ഇതുവരെ 200 പേരുടെ പണം നഷ്ടപ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം.  100ഓളം വനിത
സംഘങ്ങള്‍ തട്ടിപ്പിനിരയായെന്നാണു സൂചന. കൂടാതെ കഴിഞ്ഞ ജനുവരി മുതല്‍  വ്യക്തികളില്‍ നിന്നും പിരിച്ച തുക കൂടിയാവുമ്പോള്‍ കോടികളുടെ ഇടപാടിന്റെ വിവരങ്ങള്‍ ആണ് പുറത്ത് വരാനുള്ളത്  കട്ടപ്പന ഡിവൈഎസ്പി പി പി ഷംസ്,നെടുങ്കണ്ടം എസ്‌ഐ കെ എ സാബു എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷണം നടക്കുന്നത്.