Web Desk

പാലാ

October 22, 2020, 9:48 am

ഗ്രീൻ ടൂറിസം റിവർവ്യൂ പാർക്കും ടൂറിസം കോംപ്ലെക്സും; ഇന്ന് ഉദ്ഘാടനം ചെയ്യും

Janayugom Online

മീനച്ചിൽ റിവർവ്യൂ പാർക്ക്, ഗ്രീൻ ടൂറിസം കോംപ്ലെക്സ്, അനുബന്ധ നിർമ്മിതികൾ എന്നിവയുടെ ഉദ്ഘാടനം ഇന്ന് 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം നിർവ്വഹിക്കും. എംപിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക് തുടങ്ങിയവർ പങ്കെടുക്കും.

അഞ്ച് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണം നിർവ്വഹിച്ചത് കിറ്റ്കോ ലിമിറ്റഡാണ്. പാലാ നഗരഹൃദയത്തിൽ പാലാ പഴയ ബസ് സ്റ്റാന്റിന്റെ എതിർവശത്ത് മീനച്ചിലാറിനോട് ചേർന്നുള്ള ഗ്രീൻ ടൂറിസം കോംപ്ലെക്സാണ് പ്രധാന ആകർഷണം. ഇവിടേയ്ക്കുള്ള പാലം നിർമ്മിച്ചിരിക്കുന്നത് ലണ്ടൻ ബ്രിഡ്ജിന്റെ മാതൃകയിലാണ്. പാരീസിലെ ലവ്റെ മ്യൂസിയത്തിന്റെ ആകൃതിയിലുള്ള ഗ്ലാസ് റൂഫോടു കൂടിയ ഭൂഗർഭ നിർമ്മിതിയും ഇവിടെയുണ്ട്. തുറന്ന ലഘുഭക്ഷണശാല, ഓപ്പൺ കോൺഫ്രൻസ് ഏരിയ, റിവർവ്യൂയിംഗ് പ്ലാറ്റ്ഫോം, വൈദ്യുത ദീപാലങ്കാരം തുടങ്ങിയവയും പദ്ധതിയെ ആകർഷകമാക്കുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും സായാഹ്നം ചിലവൊഴിക്കാൻ സാധിക്കും വിധമാണ് ഈ വിശ്രമസങ്കേതം നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ വകുപ്പ് നിർമ്മിക്കുന്ന ആദ്യ സംരംഭം കൂടിയാണ് പാലായിലെ പദ്ധതിയെന്നും സംഘാടകർ പറഞ്ഞു.

ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും കോർത്തിണക്കി സർക്യൂട്ട് മാതൃകയിൽ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീൻ ടൂറിസം സർക്യൂട്ട് പദ്ധതി.

പാലാ പ്രവേശന കവാടമായി വിഭാവനം ചെയ്തുകൊണ്ടാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 2013ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ തീർത്ഥാടന കേന്ദ്രങ്ങളായ രാമപുരം നാലമ്പലം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രം, ഏഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർകർത്തീകരിച്ചിരുന്നു. തുടർന്ന് 2017ൽ ടൂറിസം മന്ത്രി ചെയർമാനായി ഗ്രീൻ ടൂറിസം സർക്യൂട്ട് സൊസൈറ്റി പുന:സംഘടിപ്പിച്ചു. മീനച്ചിൽ താലൂക്കിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ കുളമാവിലും കുമിളിയിലും പദ്ധതിക്കു ആവശ്യമായ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.

you may also like this video