മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഹരിത ട്രൈബ്യൂണല്‍ വിലക്ക്

Web Desk
Posted on July 02, 2018, 10:36 pm

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനത്തിനായി 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ നവീകരണവും വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ മരങ്ങള്‍ മുറിക്കുന്നത്. ജൂലൈ 19 വരെയാണ് മരങ്ങള്‍ മുറിക്കുന്നത് ട്രൈബ്യൂണല്‍ വിലക്കിയിരിക്കുന്നത്.
ഹരിത ട്രൈബ്യൂണല്‍ ഇക്കാര്യം കേന്ദ്ര നിര്‍മാണ ബോര്‍ഡായ നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെയും സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിനെയും അറിയിച്ചു. മരം മുറിക്കുന്നതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ട്രൈബ്യൂണല്‍ നടപടി.
മരം മുറിക്കുന്നത് നേരത്തെ ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. ജൂലൈ നാല് വരെയാണ് ഹൈക്കോടതി മരം മുറിക്കുന്നത് വിലക്കിയിരിക്കുന്നത്. ജൂലൈ നാലിന് ഹൈക്കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും.
1,500 മരങ്ങള്‍ ഇതിനകം മുറിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് നീക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡോ. കൗശല്‍ കാന്ത് മിശ്രയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിരവധി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.