നദീ മലിനീകരണം: കര്‍ണാടകയ്ക്ക് മേല്‍ ഹരിത ട്രൈബ്യൂണല്‍ പത്ത് ലക്ഷം രൂപ പിഴ ചുമത്തി

Web Desk

ന്യൂഡല്‍ഹി

Posted on June 21, 2020, 6:34 pm

നദീമലിനീകരണം നടത്തിയതിന് കര്‍ണാടകയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ പത്ത് ലക്ഷം രൂപ ഇടക്കാല പിഴ ചുമത്തി. ബംഗളുരുവിന് സമീപമുള്ള ബൊമ്മസാന്ധ്രയ്ക്കടുത്തുള്ള കിതിഗനഹള്ളി നദിയിലെ മലിനീകരണത്തിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

നദിയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് നടപടി.
ബൊമ്മസാന്ധ്ര നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപയും ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പിഴയിട്ടിട്ടുണ്ട്.

മലിനജലം നദിയിലേക്ക് ഒഴുക്കി വിടുന്നത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതിക്ക് ഇത്രയും ദോഷം വരുത്തിയ സര്‍ക്കാര്‍ അടിയന്തരമായി ഇത്രയും തുക പിഴയടക്കണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ നഷ്ടപരിഹാരം നിശ്ചയിക്കുമെന്നും ബെഞ്ച് അറിയിച്ചു. അവശ്യമെങ്കില്‍ ഒരു വിദഗ്ദ്ധസമിതിയെ നിയോഗിക്കുമെന്ും അറിയിച്ചിട്ടുണ്ട്. സഞ്ജയ് റാവുവും മറ്റ് ചിലരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

eng­lish sum­ma­ry: Green Tri­bunal Impos­es Rs 10 Lakh Fine On Kar­nata­ka Over Lake Pol­lu­tion

you may like this video: