Web Desk

January 17, 2020, 10:04 pm

ബ്രിട്ടനിലെ ഭീകരരുടെ പട്ടികയിൽ ഗ്രീൻപീസ് പ്രവർത്തകരും

Janayugom Online

ലണ്ടൻ: പൊലീസുകാരുടെ ഭീകര പട്ടികയിൽ ഗ്രീൻപീസ് പ്രവർത്തകരും. ഇവരെ കൂടാതെ മറ്റ് നിരവധി സംഘടനകളും നിയോനാസികൾ ഉൾപ്പെടെയുള്ളവർ അടങ്ങിയ പട്ടികിയലുണ്ട്. തീവ്രവാദ വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആരോഗ്യമേഖലയിലെ ജീവനക്കാർക്കും അധ്യാപകർക്കും മറ്റും നൽകിയ പട്ടികയിലാണ് നിരവധി സാമൂഹ്യസംഘടനകളും ഇടംപിടിച്ചിരിക്കുന്നത്.
പ്രതിരോധം അടക്കമുള്ള പരിശീലനങ്ങൾക്കായി ഉപയോഗിക്കാനാണ് ഈ പട്ടിക. ജിഹാദികളും തീവ്രവലതുപക്ഷനിലപാടുള്ളവരും ഉൾപ്പെടുന്ന പട്ടികയിലാണ് പരിസ്ഥിതി പ്രവർത്തകരും ഇടംപിടിച്ചിരിക്കുന്നത്. 24 പേജുള്ള പട്ടികയാണിത്. ഗ്രീൻപീസിന്റെ ഡെയിം ജുഡി ഡെൻച്, സ്റ്റീഫൻ ഫ്രെ, ഗില്ലൻ ആൻഡെഴ്സൺ, ജോവനാ ലൂമ്‌ലി തുടങ്ങിയവരും സമുദ്ര മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന സീ ഷെപ്പേഡ് എന്ന സംഘടനയിലെ സീൻ കോനെരി, പീയേഴ്സ് ബ്രോസ്നാൻ, തുടങ്ങിയവരും പട്ടികയിലുണ്ട്. ഗിറ്റാറിസ്റ്റായ സർ ബ്രിയാൻ മെയുള്ള പിന്തുണയുള്ള സ്റ്റോപ് ദ ബഡ്ഗർ കൾ എന്ന സംഘടനയും ഇതിലുണ്ട്.
കോമ്പാറ്റ് 18, നാഷണൽ ഫ്രണ്ട്, നാഷണൽ ആക്ഷൻ, തുടങ്ങി തീവ്രവാദപ്രവർത്തനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനകളുടെയും പ്രവർത്തകരുടെയും ഒപ്പമാണ് പട്ടികയിൽ ഇവരുടെയും സ്ഥാനം. ഇവരുടെ ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടാൽ തീവ്രവാദ വിരുദ്ധ പൊലീസിനെ അറിയിക്കണമെന്ന നിർദേശവും പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
അതേസമയം പട്ടികയിൽ ഉൾപ്പെട്ടവരെല്ലാം തീവ്രവാദികളാണെന്ന് അർത്ഥമില്ലെന്നും ഇവരുടെ ചിഹ്നങ്ങളും മറ്റും പൊതുജനങ്ങൾ അറിയുന്നതിന് വേണ്ടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.
അതേസമയം തങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകരും മറ്റും പ്രതിഷേധം അറിയിച്ചു. ഇത്തരത്തിൽ പരിസ്ഥിതി പ്രവർത്തകരെയും തീവ്രവാദികളെയും ഒരു പോലെ പരിഗണിക്കുന്നത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തെല്ലും സഹായകമാകില്ലെന്ന് ഗ്രീൻപീസിന്റെ മേധാവി ജോൺസൗവെൻ ചൂണ്ടിക്കാട്ടി. ഇത് കർമനിരതരായ പൊലീസുദ്യോഗസ്ഥരുടെ വിശ്വാസ്യത തകർക്കാനേ സഹായിക്കൂ. കാലാവസ്ഥ അടിയന്തരാവസ്ഥയ്ക്ക് കാരണമായ ദുരന്തങ്ങളെക്കുറിച്ച് തങ്ങളെ ബോധവത്ക്കരിക്കാൻ ശ്രമിക്കുന്നവർ തീവ്രവാദികളാണെന്ന് കുട്ടികൾ തെറ്റിദ്ധരിക്കുമ്പോൾ തങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെ ഫലപ്രദമാകുമെന്നും അവർ ചോദിക്കുന്നു.
തികച്ചും അപകടകരവും ജനാധിപത്യ വിരുദ്ധവുമായ മാർഗങ്ങളിലൂടെ സംഘടനകളെ നശിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് പെറ്റ മേധാവി എലിസ അലൻ പറഞ്ഞു. എല്ലാ ചിഹ്നങ്ങളും പ്രതീകങ്ങളും ഭീകരതയെ പ്രതിരോധിക്കാനുള്ള താത്പര്യം കൊണ്ടല്ലെന്നും അങ്ങനെയാണെങ്കിൽ തങ്ങൾ അതിൽ ഉൾപ്പെടുന്നത് എങ്ങനെയെന്നും എക്സിൻക്ഷൻ റെബെല്ലിയൻ വക്താവ് ചോദിച്ചു.
സമാധാനപരമായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ രാഷ്ട്രീയക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇത് അങ്ങേയറ്റം ബുദ്ധിശൂന്യതയാണെന്നാണ് ലേബർ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ലിസ നാൻഡി പ്രതികരിച്ചത്.
ഭീകരതയുമായി ബന്ധമില്ലാത്ത ആണവ നിരായുധീകരണത്തിനായി പ്രവർത്തിക്കുന്ന പലസ്തീനിയൻ സംഘടനയായ സ്റ്റോപ് ദ വാർ, ഫാസിസ്റ്റ് വിരുദ്ധ സംഘടനകൾ, വംശീയ വിരുദ്ധ പ്രവർത്തകർ, നിരവധി കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രാഷ്ട്രീയ പാർട്ടികൾ എന്നിവയും പട്ടികയിലുണ്ട്.
Extinc­tion Rebel­lion and Peta also named in anti-extrem­ism brief­ing along­side Com­bat 18 and Nation­al Action