July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ദ്വീപ് ജനതയുടെ പോരാട്ടത്തെ അഭിവാദ്യം ചെയ്യുക

Janayugom Webdesk
June 6, 2021

കേരളത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്തിന് അഭിമുഖമായാണ് ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ സ്ഥാനം. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന 36 ചെറുദ്വീപുകളുടെ ഈ കൂട്ടത്തിൽ 11 ഇടങ്ങളിൽ മാത്രമാണ് മനുഷ്യവാസമുള്ളത്. ആകെ ജനസംഖ്യ 75,000ത്തിനടുത്ത്. ഭൂസൗന്ദര്യത്തിന്റെയും പ്രശാന്തതയുടെയും ഈ സ്വപ്നഭൂമിയിലെ ജീവിതം ലളിതവും തൃപ്തവുമായ ചര്യകളിൽ അടയാളപ്പെടുത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് പൂ‍ജ്യത്തിൽ ചുറ്റിനിന്നു. 2020 ഡിസംബർ വരെ കോവിഡ് രോഗവും ലക്ഷദ്വീപിൽ നിന്ന് അകന്നു മാറി നിന്നു. എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപി ഭരണകൂടം അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ദ്വീപിനായി പ്രത്യേകം രൂപകല്പന ചെയ്ത് അടിച്ചേല്പിക്കാൻ ആരംഭിച്ചപ്പോൾ ആ നാടിന്റെ ജീവനതാളത്തിൽ അപശ്രുതിയേറി. ഇന്ന് ലക്ഷദ്വീപിൽ ഉയരുന്ന വിവാദങ്ങളും പ്രക്ഷുബ്ധതയും ബിജെപിയുടെ കുതന്ത്രത്തിന്റെയും കുടിലബുദ്ധിയുടെയും ഉപോല്പന്നമാണ്.

ഡൽഹി ഭരണസിരാ കേന്ദ്രത്തിൽ ലക്ഷദ്വീപിനു വേണ്ടി തയ്യാറാക്കിയ ആർഎസ്എസ്-ബിജെപി അജണ്ടയുടെ വിശ്വസ്ത മധ്യസ്ഥനായിരിക്കുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഏകപക്ഷീയമായി ആർഎസ്എസ് — ബിജെപി അജണ്ട ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ ജീവനും ജീവിതമാർഗ്ഗവും ഒന്നിനു പുറകെ മറ്റൊന്നായി വേട്ടയാടപ്പെട്ടു. പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരെ പോസ്റ്റർ പതിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ചെറുപ്പക്കാരെ തുറുങ്കിലടച്ചു. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. സൗന്ദര്യവത്കരണത്തിന്റെ പേരിൽ കടലോരങ്ങളിലെ താൽക്കാലിക നിർമ്മിതികളും ഓലഷെഡ്ഡുകളും പൊളിച്ചുനീക്കി. എത്രയോ കാലങ്ങളായി വള്ളങ്ങളും വലകളും മത്സ്യബന്ധന യാനങ്ങളും സൂക്ഷിച്ചിരുന്ന ഇടങ്ങളായിരുന്നു ഇവ. സ്വാഭാവികമായി ഉയർന്ന കടുത്ത പ്രതിഷേധങ്ങൾക്ക് തടയിടാൻ ഗുണ്ടാ ആക്ട് നടപ്പിലാക്കി.

ദ്വീപിലെ ജനസംഖ്യയിൽ 90 ശതമാനവും മുസ്‌ലിം മതവിശ്വാസികളാണ്. തീവ്രനിലപാടുകൾക്ക് അവിടെ ഇടമുണ്ടായിരുന്നുമില്ല. ബീഫ്, മത്സ്യം, നാളികേരം എന്നിവ ആഹാരരീതിയുടെ ഭാഗവുമായിരുന്നു. പൊടുന്നനെ ബീഫ് നിരോധിക്കപ്പെട്ടു. കന്നുകാലി ഫാമുകൾ അടച്ചുപൂട്ടി. പട്ടിണിയിലായ കന്നുകാലികളുടെ കാര്യം ‘ഗോരക്ഷകർ’ ഗൗനിച്ചില്ല. വിനോദസഞ്ചാര മേഖലയിലും ജലകായിക മേഖലയിലും പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് ആളുകൾ ആട്ടിപ്പായിക്കപ്പെട്ടു.

ലക്ഷദ്വീപ് നിവാസികളുടെ ജീവിതം കേരളവുമായി ഏറെ ബന്ധപ്പെട്ടതായിരുന്നു. കച്ചവടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ കാര്യങ്ങൾക്ക് കാലങ്ങളായി അവർ കേരളവുമായി ചേർന്ന് നിൽക്കുന്നു. ഭക്ഷ്യസാധനങ്ങൾ ബേപ്പൂർ തുറമുഖത്തുനിന്നുമായിരുന്നു ദ്വീപിലേയ്ക്ക് എത്തിയിരുന്നത്. ബിജെപി നയിക്കുന്ന ഭരണകൂടം മംഗലാപുരത്തേക്ക് ഇക്കാര്യങ്ങളുടെ ഗതിമാറ്റി. ഗുരുതര രോഗികൾക്കായുള്ള ആകാശ ആംബുലൻസ് പ്രവർത്തനങ്ങൾ പോലും നൂലാമാലകളിൽ കുരുക്കി അസാധ്യമാക്കി.

സാമ്രാജ്യത്തിന്റെ കാവൽപ്പുരയായാണ് ബിജെപി ഭരണകൂടം ലക്ഷദ്വീപിനെ കരുതുന്നത്. അവിടെ നിയമങ്ങളും ചട്ടങ്ങളും ഭരണകൂടത്തിന്റെ ശിങ്കിടികൾ നിശ്ചയിക്കുന്നു.

തങ്ങളുടെ ജീവനെയും നാടിനെയും സംരക്ഷിക്കാനും നിലനിർത്താനും ലക്ഷദ്വീപിലെ ജനങ്ങൾ ഒന്നായി ഉണർന്നിരിക്കുന്നു. കേന്ദ്രത്തിന്റെ അതിക്രമങ്ങൾക്കെതിരെ പോരാട്ടങ്ങൾ കനത്തിരിക്കുന്നു. ദ്വീപിലെ രാഷ്ട്രീയകക്ഷികളെല്ലാം, ബിജെപിയും ഉൾപ്പെടെ, പ്രതിഷേധങ്ങളിൽ അണിനിരന്നിരിക്കുന്നു. ഇതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ദ്വീപിൽ നിന്നുള്ള എംപിയുമായി രഹസ്യചർച്ച നടത്തി. ചില ഉറപ്പുകൾ നൽകിയതായും സൂചനയുണ്ട്. ഉറപ്പുകൾക്ക് എന്തെങ്കിലും മാന്യത ശേഷിക്കുന്നുവെങ്കിൽ വേണ്ടത് അടിച്ചേൽപ്പിച്ച ജനവിരുദ്ധ നിയമങ്ങൾ പാടെ പിൻവലിക്കുകയാണ്, ദ്വീപ് അഡ്മിനിസ്ട്രേറ്ററെ മടക്കിവിളിക്കണം. എക്കാലത്തും മോഡി-ഷാ ദ്വയങ്ങളുടെ വിശ്വസ്തസേവകനായ പ്രഫുൽ കെ പട്ടേലിനെ തിരികെവിളിക്കാൻ അവർക്കാകുമോ? അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് അവരുടെ ആശയങ്ങളുടെയും രാഷ്ട്രീയത്തിന്റെയും മറ്റൊരു പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റാനാണ് പരിശ്രമം.

വംശീയ മേധാവിത്വ ചിന്തകളും കോർപ്പറേറ്റ് അത്യാഗ്രഹവും ബിജെപിയുടെ ആത്മാവിലും ഹൃദയത്തിലും അലിഞ്ഞിരിക്കുന്നു. കരീബിയൻ ദ്വീപുകളെപ്പോലെ കുത്തക മുതലാളിമാരുടെ താല്പര്യങ്ങളുടെ ഇടമായി ലക്ഷദ്വീപിനെ മാറ്റുക. ജനങ്ങളുടെ ജീവിതവും സംസ്കാരവും അടിച്ചമർത്തുക.

കാവിവത്കരണത്തിന്റെ ഭാഗമായി ഇവിടെ തെങ്ങുകൾക്ക് കാവിപൂശിയിരിക്കുന്നു. ഇങ്ങനത്തെ ദുരിതങ്ങൾ ലക്ഷദ്വീപ് ജനത ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. കാര്യങ്ങളറിയാൻ ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിച്ച കേരളത്തിൽ നിന്നുള്ള എംപിമാർക്കും മാധ്യമപ്രവർത്തകർക്കും അനുമതി നിഷേധിച്ചു. പക്ഷെ, അഡ്മിനിസ്ട്രേറ്ററുമായി ചേർന്നു നിൽക്കുന്നവരിൽ ആർക്കും നിയന്ത്രണങ്ങൾ ബാധകമായതുമില്ല. കേന്ദ്ര ഭരണകൂടവും ദ്വീപ് അഡ്മിനിസ്ട്രേറ്ററും ജനാധിപത്യവിരുദ്ധ, ജനവിരുദ്ധ നടപടികൾ ആഘോഷിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ജനങ്ങൾ മുട്ടുമടക്കാൻ തയ്യാറല്ല. രാജ്യം ദ്വീപിലെ ജനങ്ങൾക്കൊപ്പം അണിനിരക്കേണ്ട സമയമാണിത്. അവരുമായുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിച്ച് കേരളനിയമസഭ പ്രമേയം പാസാക്കി. മതേതരത്വവും ജനാധിപത്യവും വികേന്ദ്രീകൃതമായുള്ള ഭരണഘടനാ തത്വങ്ങൾ ഈ പോരാട്ടങ്ങളിൽ വഴികാട്ടിയാകുന്നു. കർഷകരെയും തൊഴിലാളികളെയും പോലെ, വിദ്യാർത്ഥികളെയും യുവാക്കളെയും പോലെ, ലക്ഷദ്വീപിലെ ജനതയും രാജ്യത്തിന്റെ ഐക്യത്തിനും മൂല്യങ്ങൾക്കുമായി പോരാടുന്നു. ദേശഭക്തരായ ദ്വീപ് ജനതയുടെ പോരാട്ടത്തെ നമുക്ക് അഭിവാദ്യം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.