അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരാതിയുമായി ഗ്രെറ്റ തന്‍ബര്‍ഗും കൂട്ടരും

Web Desk
Posted on September 24, 2019, 3:09 pm

ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനത്തിനെതിരെയുളള പ്രതിഷേധങ്ങള്‍ക്ക് ശേഷം ഗ്രെറ്റ തന്‍ബര്‍ഗും മറ്റ് പതിനഞ്ച് കുട്ടി പരിസ്ഥിതി പ്രവര്‍ത്തകരുംഅഞ്ച് രാജ്യങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കി. കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ഇവര്‍ ചെറു വിരല്‍ പോലും അനക്കുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി.

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള എട്ടിനും പതിനേഴിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് പരാതി നല്‍കിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സമയത്ത് വേണ്ട നടപടി കൈക്കൊള്ളാതെ ഇവര്‍ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാത്ത ലോകനേതാക്കള്‍ക്കെതിരെ ഐക്യരാഷ്ട്ര പൊതുസഭയില്‍ ആഞ്ഞടിച്ച ശേഷമാണ് ഗ്രെറ്റ പരാതി നല്‍കിയത്.

കുട്ടികളുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കാമെന്ന ഐക്യരാഷ്ട്രസഭാ കരാര്‍ എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചതാണ്. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ കുട്ടികള്‍ക്ക് പരാതിപ്പെടാനുള്ള അവകാശവും 2014ലെ ഈ കരാര്‍ നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയ ശേഷം പ്രശ്‌ന പരിപാരത്തിനുള്ള നിര്‍ദേശങ്ങള്‍ അതാത് രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് യുഎന്‍ അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ക്ക് നിയമസാധുത ഇല്ലെങ്കില്‍ പോലും ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അംഗരാജ്യങ്ങള്‍ നിര്‍ബന്ധിതരാണ്. ഒരു കൊല്ലത്തിനുള്ളില്‍ ഈ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന പ്രതീക്ഷയും അഭിഭാഷകനായ മൈക്കിള്‍ ഹൗസ്‌ഫെല്‍ഡ് പ്രകടിപ്പിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി നിയമഗ്രൂപ്പായ ഹൗസ്‌ഫെല്‍ഡ് എല്‍എല്‍പി ആന്റ് എര്‍ത്ത് ജസ്റ്റിസ് എന്ന സംഘടനയുടെ പിന്തുണയോടെയാണ് ഈ കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ പരാമര്‍ശിക്കുന്ന അഞ്ച് രാജ്യങ്ങള്‍ ആഗോളസമ്പദ്ഘടനയിലും മലിനീകരണത്തിലും മുന്നിലുള്ളവയാണ്. ഇവര്‍ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനങ്ങള്‍ അംഗീകരിച്ചിട്ടുമുണ്ട്.

അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം നടത്തുന്ന അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭാ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല.
ഫ്രാന്‍സും ജര്‍മനിയും ഹരിതഗേഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നടപടികള്‍ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. അതേസമയം അന്തരീക്ഷം മലിനമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച രാജ്യങ്ങളുമാണിവ.