നിങ്ങള്‍ എന്റെ സ്വപ്നങ്ങളും ബാല്യവും കവര്‍ന്നെടുത്തു, ഐക്യരാഷ്ട്രസഭ ഉച്ചകോടിയില്‍ വികാരനിര്‍ഭരയായി ഗ്രെറ്റ

Web Desk
Posted on September 25, 2019, 2:58 pm

ന്യൂയോര്‍ക്ക്: നിങ്ങള്‍ പൊള്ളയായ വാക്കുകള്‍ നല്‍കി എന്റെ സ്വപ്‌നങ്ങളും ബാല്യവും കവര്‍ന്നെടുത്തു എന്ന ആരോപണത്തോടെയാണ് വിഖ്യാത പരിസ്ഥിതി പോരാളി സ്വീഡിഷ് ബാലിക ഗ്രെറ്റ തന്‍ബര്‍ഗ് ഐക്യരാഷ്ട്ര സഭ കാലാവസ്ഥ ഉച്ചകോടിയില്‍ പ്രസംഗിച്ച് തുടങ്ങിയത്.

ഞങ്ങളാണ് നിങ്ങളുടെ പ്രതീക്ഷയെന്നാണ് പറയുന്നത്. എങ്ങനെ നിങ്ങള്‍ക്കതിന് ധൈര്യം വരുന്നു.

ജനങ്ങള്‍ ഏറെ അനുഭവിച്ച് മരിച്ച് കൊണ്ടിരിക്കുന്നു. മുഴുവന്‍ പരിസ്ഥിതി ഘടനയും താറുമാറായിരിക്കുന്നു. കൂട്ടക്കുരുതിക്കാണ് കളമൊരുങ്ങുന്നത്. എന്നിട്ടും നിങ്ങള്‍ സംസാരിക്കുന്നത് പണത്തെക്കുറിച്ചാണ്. ഭൗതികമായ സാമ്പത്തിക വളര്‍ച്ചയുടെ യക്ഷിക്കഥകളാണ് നിങ്ങള്‍ക്ക് പറയാനുള്ളത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ശാസ്ത്രം വ്യക്തമായ കാഴ്ചപ്പാടാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നിട്ടും ഇതില്‍ നിന്നെല്ലാം നിങ്ങള്‍ ശ്രദ്ധ തിരിക്കുന്നു. മതിയായതെല്ലാം ചെയ്യുന്നുവെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ മതിയായ രാഷ്ട്രീയ കാഴ്ചപ്പാടും പരിഹാരങ്ങളും ഏറെ അകലെയാണ്.
ഞങ്ങള്‍ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടെന്നാണ് നിങ്ങള്‍ പറയുന്നത്. കാര്യത്തിന്റെ അടിയന്തര സ്വഭാവം മനസിലാകുന്നുണ്ടെന്നും നിങ്ങള്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം എന്നെ ദുഃഖിപ്പിക്കുകയും രോക്ഷാകുലയാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വാക്കുകളില്‍ എനിക്ക് വിശ്വാസമില്ല. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയിരുന്നെങ്കില്‍ ഇപ്പോഴും നിങ്ങള്‍ മൗനം പാലിക്കുമായിരുന്നില്ല. കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുമായിരുന്നില്ല. അത് കൊണ്ട് തന്നെ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകില്ല. പത്ത് വര്‍ഷം കൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനം പകുതി കുറച്ചാല്‍ പോലും ചൂട് 1.5 ഡിഗ്രി കുറയ്ക്കാനുള്ള സാധ്യത വെറും അന്‍പത് ശതമാനം മാത്രമാണ്. ഇതിന്റെ അനന്തരഫലങ്ങള്‍ മനുഷ്യ നിയന്ത്രണത്തിന് അപ്പുറമായിരിക്കുന്നു.
അന്‍പത് ശതമാനമെന്നത് നിങ്ങള്‍ക്ക് ഒരു പക്ഷേ സ്വീകാര്യമായിരിക്കാം. എന്നാല്‍ ഈ സംഖ്യകള്‍ വെറും മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. മറ്റ് പലതും മറയ്ക്കപ്പെടുന്നു. മറ്റ് വിഷകാരികളായ അന്തരീക്ഷ മലിനീകരണ ഘടകങ്ങള്‍ കണക്കിലെടുത്തിട്ടില്ല.
അന്തരീക്ഷത്തില്‍ നിന്നുള്ളതിന് പുറമെ സാങ്കേതികത സൃഷ്ടിക്കുന്ന കോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് എന്റെ തലമുറ ശ്വസിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് ഈ അന്‍പത് ശതമാനമെന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

ചില സാധാരണ സാങ്കേതികപരിഹാരങ്ങളിലൂടെ വന്‍തോതില്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് നിങ്ങള്‍ പറയുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ഫലപ്രദമായ യാതൊരു നിര്‍ദേശങ്ങളും ഉയരുന്നില്ല. കാരണം ഇത് സംബന്ധിച്ച കണക്കുകള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. അവ പറയാനുള്ള പക്വത ഇനിയും നിങ്ങള്‍ കൈവരിക്കേണ്ടിയിരിക്കുന്നു.

നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിക്കുകയാണ്. എന്നാല്‍ നിങ്ങളുടെ വഞ്ചന ഞങ്ങള്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. ഭാവി തലമുറയുടെ മുഴുവന്‍ കണ്ണുകളും നിങ്ങള്‍ക്ക് മേലാണ്. തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും ഞങ്ങള്‍ മാപ്പ് നല്‍കില്ല. ഇതില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ വിട്ടയക്കില്ല. ഇപ്പോള്‍ ഇവിടെ വച്ച് ഞങ്ങള്‍ ഒരു ലക്ഷ്മണ രേഖ വരയ്ക്കുകയാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകം മാറ്റത്തിലേക്ക് ചുവട് വയ്ക്കുകയാണ്. ഗ്രെറ്റ പറഞ്ഞു നിര്‍ത്തി.