ന്യൂയോർക്ക്: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ 2019‑ലെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ടൈം മാഗസിൻ എഡിറ്റർ എഡ് ഫെൽസൻതാൾ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ തുൻബർഗ്.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റ തുൻബർഗിന്റേതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് എഡ് ഫെൽസൻതാൾ ചൂണ്ടിക്കാട്ടി.
എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളിൽ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാർലമെന്റിന് മുന്നിൽ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് ഗ്രേറ്റ തുൻബർഗ് ശ്രദ്ധേയായത്. തുടർന്ന് വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് സമരരംഗത്തിറങ്ങി. കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഗ്രേറ്റ ന്യൂയോർക്കിൽ നടന്ന സമരത്തിനും നേതൃത്വം നൽകിയിരുന്നു. ആഗോളതാപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിൽ ലോക നേതാക്കൾ നടപടി സ്വീകരിക്കാൻ മടിക്കുന്നതിനെതിരെ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രേറ്റ തുൻബർഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു.
ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ തുടങ്ങിയവയിൽനിന്നാണ് സമ്മാനാർഹരെ കണ്ടെത്തുന്നത്. ഈ വർഷത്തെ പുരസ്കാരത്തിനുള്ള ചുരുക്കപ്പെട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അമേരിക്കൻ ഹൗസ് സ്പീക്കർ നാൻസി പെലോസി എന്നിവർ ഇടംപിടിച്ചിരുന്നു.