പ്രകൃതിയ്ക്ക് രണ്ട് കരുതലുകള്‍

Web Desk
Posted on September 15, 2019, 10:09 am

ചരിത്രം തിരുത്തിയ ഗ്രെതാ തുന്‍ബര്‍ഗ്

സതീഷ് ബാബു കൊല്ലമ്പലത്ത്

ചരിത്രത്തില്‍ വിട്ടുപോയ ഒരു കണ്ണിയാണ് കാലാവസ്ഥാ സമരം. ഈ വിടവ് പൂര്‍ത്തിയാക്കുകയാണ് കേവലം 16 വയസ്സ് മാത്രം പ്രായമുള്ള സ്വീഡനിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. പേര് ഗ്രെതാ തുന്‍ബര്‍ഗ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന ഭൂതത്തെ പിടിച്ചുകെട്ടാന്‍ സാധാരണ കുടുംബത്തില്‍ ജനിച്ചു ചരിത്രം തിരുത്തിയെഴുതാന്‍ നിയോഗിക്കപ്പെട്ട കുട്ടിയാണ് ഗ്രെത എന്നു ലോക പരിസ്ഥിതി സംഘടനകള്‍. സ്വീഡണിലെ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഗ്രെതാ തുന്‍ബര്‍ഗ് (Gre­ta Thun­berg) സമരം തുടങ്ങിയപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയത് നമ്മളല്ല. കോടി ക്കണക്കിന് ജീവജാലങ്ങളും വരാനിരിക്കുന്ന പുതിയ തലമുറയുമാണ്. സ്‌കൂളില്‍ നിന്നും സ്വീഡന്‍ പാര്‍ലമെന്റിന്റെ മുന്നിലെത്തിയ സമരം ഇന്ന് 122ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു. രണ്ട് മില്യണില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഐതിഹാസിക സമരം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു, ചരിത്രത്തില്‍ തങ്കലിപികളില്‍ അടയാളപ്പെടുത്താന്‍.

തുടക്കം സ്‌കൂളില്‍ നിന്ന്

ഈ ഹരിതഗോളത്തെയും അതിലെ മനുഷ്യനെയും ജീവജാലങ്ങളെയും സര്‍വ്വനാശത്തില്‍ എത്തിച്ചത് വന്‍ വ്യവസായ രാഷ്ട്രങ്ങള്‍ നടത്തുന്ന വിഷവാതക വിസര്‍ജ്ജനമാണെന്ന സത്യം തിരിച്ചറിഞ്ഞശേഷം മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. ഭക്ഷണം മുടങ്ങി. ഉറക്കം നഷ്ടപ്പെട്ടു. ഓരോ ക്ലാസ്സിലും കയറ്റം കിട്ടുമ്പോഴും അസ്വസ്ഥത ഉരുണ്ടുകൂടി ഒരു രോഗമായി മാറി. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പറ്റാത്ത അവസ്ഥയില്‍ മനസ്സില്‍ ആളിക്കത്തുന്ന തീജ്വാലയായിരുന്നു കുട്ടിയെ ഡിപ്രഷനിലേക്ക് നയിച്ചത്. ഇത്രയും ജനങ്ങളെയും ജീവജാലങ്ങളെയും കൊന്നൊടുക്കിയിട്ടും പ്രതികരിക്കാതിരുന്ന ജനങ്ങളുടെ മാനസികാവസ്ഥ ഒരു ‘വിചിത്രമായി’ തുന്‍ബര്‍ഗ് ഫേസ്ബുക്കില്‍ എഴുതി.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകന്‍ നല്‍കിയ കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള ഉള്‍ബോധം വളര്‍ന്നു വലുതായി ലോകത്തോളം വളര്‍ന്നു. 2018ല്‍ അമേരിക്കയില്‍ ഷൂട്ടിങ്ങ് മത്സരത്തില്‍ നിന്നും ലഭിച്ച സുഹൃദ് ബന്ധം കാലാവസ്ഥ പണിമുടക്ക് (Strike for cli­mate change) എന്ന ആശയത്തിലേക്ക് തുന്‍ബര്‍ഗിനെ നയിച്ചു. അന്നവള്‍ തീരുമാനിച്ചു കാലാവസ്ഥാ പണിമുടക്കുമായി മുന്നോട്ടു പോകാന്‍. പഠിക്കുന്ന സ്‌കൂളിന്റെ മുന്‍വശത്ത് ഒരു ബോര്‍ഡുമായി തുന്‍ബര്‍ഗ് എല്ലാ വെള്ളിയാഴ്ചകളിലും കാലാവസ്ഥാ വ്യതിയാനത്തിനുള്ള പണിമുടക്ക് ആരംഭിച്ചു. കാലാവസ്ഥക്കായുള്ള വെള്ളിയാഴ്ച പണിമുടക്ക് ( Fri­day Strike for Cli­mate) എന്ന പേരിലാരംഭിച്ച സമരം യഥാര്‍ത്ഥത്തില്‍ സ്വീഡന്‍ പാരീസ് കാലാവസ്ഥാ കരാര്‍ (കാര്‍ബണ്‍ വിസര്‍ജനം 2015നെ അപേക്ഷിച്ച് 30 ശതമാനം കുറയ്ക്കുക) നടപ്പാക്കുന്നതിന് വേണ്ടിയായിരുന്നു. ശാസ്ത്രത്തില്‍ വിശ്വാസമുള്ളവര്‍ പണിമുടക്കിനെ അനുകൂലിക്കുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു. ഇന്നേവരെയുള്ള ലോകനേതൃത്വം നമ്മെ പരാജയത്തിലേക്കാണ് നയിക്കുന്നതെന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ടു. നിലവിലുള്ള നിയമങ്ങളെ മാറ്റുക മാത്രമാണ് ഭൂമിയെ രക്ഷിക്കാനുള്ള ഏകമാര്‍ഗ്ഗം എന്നവര്‍ വിശ്വസിച്ചു. നാം താമസിക്കുന്ന ഈ വീടിന് തീപിടിച്ചിരിക്കു (House on fire) കയാണെന്നും ലോകനേതൃത്വം കാലത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള അവളുടെ കുറിപ്പുകള്‍ ഷെയര്‍ ചെയ്തു ലക്ഷക്കണക്കിന് പേര്‍. ഈ ലോകത്തെ രക്ഷിക്കാനുള്ള ധൈര്യമാണ് വേണ്ടതെന്നും മനസ്സിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ മാത്രമെ നമുക്ക് നമ്മെ തന്നെ രക്ഷിക്കാന്‍ കഴിയൂ എന്ന അവളുടെ വാക്കുകള്‍ ലോകം മുഴുവന്‍ പരന്നു.

നല്ല ഭാവിക്ക് നല്ല കാലാസ്ഥ

ശുദ്ധവായുവും ശുദ്ധജലവും ഉറപ്പുവരുത്തിയാല്‍ മാത്രമേ കുട്ടികള്‍ക്ക് നല്ല ഭാവിയുള്ളൂ. ഇത് ഉറപ്പില്ലാത്ത പഠനം വെറുതെയാണെന്ന് തുന്‍ബര്‍ഗ് എല്ലാ പ്രസംഗത്തിലും ആവര്‍ത്തിച്ചു. അതുകൊണ്ടാണ് സമരത്തിനിറങ്ങിയത്. 2018 ആഗസ്റ്റ് 20 മുതല്‍ സ്വീഡന്‍ പാര്‍ലമെന്റ് ഇലക്ഷന്‍ കഴിയുന്നത് വരെ (2018 സെപ്തംബര്‍ 9) സ്‌കൂളിലേക്ക് തിരിച്ചുപോകില്ല എന്ന ഉറച്ച തീരുമാനവുമായി തുന്‍ബര്‍ഗ് പ്രതിഷേധ സമരം തുടര്‍ന്നു. പല ആളുകളും വിലപ്പെട്ട ക്ലാസ്സുകള്‍ നഷ്ടപ്പെടുത്താതെ സ്‌കൂളിലേക്ക് തിരിച്ചുപോകണമെന്ന് അപേക്ഷിച്ചു. എന്നാല്‍ തുന്‍ബര്‍ഗിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. ഇനിയുള്ള തലമുറകള്‍ക്ക് ഭാവിയില്‍ ജീവിക്കുന്നതിന് ഉറപ്പ് നല്‍കുന്ന നിമിഷം പിന്‍മാറാം. അതു പോലെ പാര്‍ലമെന്റ് അംഗങ്ങള്‍ എല്ലാം കാലാവസ്ഥാ ശാസ്ത്രം നല്‍കുന്ന നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറായ നിമിഷം സ്‌കൂളില്‍ പോകാം എന്നായിരുന്നു തുന്‍ബര്‍ഗിന്റെ മറുപടി. ഒരു കൊല്ലത്തില്‍ 262 ദിവസങ്ങളോളം ചുടുകാറ്റും കാട്ടുതീയും ബാധിച്ചു ജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് അവരുടെ ഭാവി ആശങ്കയിലാണെന്ന കാര്യം ഉന്നയിച്ചുകൊണ്ട് സമരം തുടങ്ങിയത്. ഇത് സ്വീഡണിലെ വിദ്യാര്‍ത്ഥികള്‍ മൊത്തം ഏറ്റെടുത്തു. സ്വീഡണിലെ പാര്‍ലമെന്റായ റിക്‌സ്ഡാഗ് (Riks­dag) ലേക്ക് സമരം മാറ്റി. കാലാവസ്ഥാ വ്യതിയാനത്തിനിടയുള്ള സ്‌കൂള്‍ പണിമുടക്ക് എന്ന ബോര്‍ഡ് വെച്ച് മൂന്നാഴ്ചയോളം പാര്‍ലമെന്റിന്റെ മുന്നിലിരുന്നു.


2019 ഫെബ്രുവരിയില്‍ തുന്‍ബര്‍ഗിനെ പിന്തുണച്ചുകൊണ്ട് വിവിധ യൂണിവേഴ്‌സിറ്റികളിലുള്ള 224 ഓളം അക്കാദമി പണ്ഡിതന്മാര്‍ ഒപ്പിട്ട സ്റ്റേറ്റ്‌മെന്റ് കുട്ടിക്ക് ലഭിച്ചു. ഇതോടുകൂടി യൂറോപ്പിലാകെ തുന്‍ബര്‍ഗ് പ്രഭാവം തന്നെയുണ്ടായി. 2025 ആവുമ്പോഴേക്കും ഹരിതവാതക വിസര്‍ജ്ജനം സീറോ ആക്കണമെന്നുള്ള നിര്‍ദ്ദേശം എല്ലാ അംഗങ്ങളും അംഗീകരിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് ഗ്രെതയെ ക്ഷണിച്ചു വരുത്തി. അപ്പോഴേയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഒരു വലിയ പ്രസ്താവന തന്നെ (Dec­la­ra­tion of Rebel­lion) യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇവിടെ ചെയ്ത പ്രസംഗം പ്രസിദ്ധമാണ്. പരാജയപ്പെട്ട ഒരു തലമുറയുടെ ആത്മസമര്‍പ്പണമാണ് ഈ സമരം. 2030 ആവുമ്പോഴേക്കും പാരീസ് കരാര്‍ ലക്ഷ്യമിട്ട കാര്‍ബണ്‍ വിസര്‍ജ്ജനം 80 ശതമാനത്തോളം കുറയ്ക്കാന്‍ തയ്യാറാവാത്തപക്ഷം നാം നേടിയ എല്ലാ രാഷ്ട്രീയ സാമ്പത്തിക പുരോഗതിയും മനുഷ്യന്‍ ഇന്നേവരെ കൈവരിച്ചിട്ടുള്ള എല്ലാ നേട്ടങ്ങളും പ്രകൃതിയുടെ മുന്നില്‍ ശൂന്യമാകും എന്ന മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിലെക്കും സമരം വ്യാപിച്ചു. 20000 ത്തോളം കുട്ടികള്‍ നടത്തിയ സമരം അവസാനം അക്രമാസക്തമായി. അതോടുകൂടി സമരത്തിന്റെ ഗതി തന്നെ മാറി. സര്‍വ്വനാശത്തിനെതിരെയുള്ള പോരാട്ടം (Extinc­tion Rebel­lion) എന്ന പേരില്‍ അറിയപ്പെട്ട ഈ സമരം അവസാനിച്ചത് ഗ്രെത തന്നെ പാര്‍ലമെന്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് കരാര്‍ ഉണ്ടാക്കിയതിനു ശേഷമാണ്. ഇംഗ്ലണ്ട് കാലാവസ്ഥ അടിയന്തരാവസ്ഥ ഔദ്യോഗികമായി അംഗീകരിച്ചതോടുകൂടി ഗ്രെത തുന്‍ബര്‍ഗിലൂടെ ലോകം പുതിയ ഒരു ദിശയിലേക്ക് നീക്കുകയാണ്.

പ്രമീള ഒരു വരം

വിജയ് സി എച്ച്
‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ!നീ
ശ്രീ ഭൂവിലസ്ഥിര അസംശയം ഇന്നു നിന്റെ
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍…’
ഈ വരികള്‍ മലയാള ഭാഷയിലെ പ്രഥമ സിംബോളിക് കവിതയാണെന്നോ, ഈ ഖണ്ഡകാവ്യം രചിച്ചത് മഹാകവി കുമാരനാശാനാണെന്നോ അറിയാതിരുന്ന കുട്ടിക്കാലത്തുപോലും ഡോ. പ്രമീളാ നന്ദകുമാര്‍ ഞെട്ടറ്റു വീണ പുഷ്പങ്ങളെ നോക്കി ഏറെ വിലപിച്ചു. അവ പെറുക്കിയെടുത്തു വേര്‍പ്പെട്ട ഞെട്ടികളില്‍തന്നെ ചേര്‍ത്തുവെച്ചു. പ്രകൃതിയെ, ചെടികളെ, പച്ചപ്പിനെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന അധ്യാപിക. തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകത്തിലെ വിജ്ഞാനത്തിനപ്പുറം പ്രകൃതിയിലെ നല്ല പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന മാതൃകാധ്യാപിക. പ്രമീള ടീച്ചറിനോട് സംസാരിക്കുക എന്നാല്‍ പ്രകൃതിയുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുക എന്നാണ്. ഡോ. പ്രമീള പറഞ്ഞു തുടങ്ങി…
‘ഞാന്‍ ശുഭയില്‍ എന്നെ കണ്ടു.’ പ്രമീളയുടെ കണ്ണുകളില്‍ ആയിരം പൂത്തിരി ഒരുമിച്ചു കത്തുന്ന തിളക്കം! ‘ഒന്നാം വര്‍ഷം ഡിഗ്രിക്കു പഠിക്കാനുണ്ടായിരുന്നു ‘ശുഭ’. രബീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ കഥ.
‘ഒരു അരുവിയും, ഒട്ടനവധി വൃക്ഷങ്ങളും, മുളകൊണ്ടു വേലി കെട്ടിയ ഒരു വളപ്പും, അതിലൊരു വീടും. അമ്മയില്ലാത്ത ശുഭ അവളുടെ കണ്ണുകള്‍ നിറയുമ്പോഴെല്ലാം ഭൂമിയുടെ മാറില്‍ കമിഴ്ന്നു കിടന്നു തന്റെ ദുഃഖങ്ങള്‍ അമ്മയോട് പറയാതെ പറയുമായിരുന്നു,’ ശുഭയുടെ കഥ പറയുവാന്‍ ടാഗോര്‍ സൃഷ്ടിച്ച ബംഗാളിലെ നാട്ടിടവഴികളിലൂടെ പ്രമീള നടന്നു നീങ്ങി.


‘ശുഭക്കു സംസാരശേഷിയില്ല. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍ രണ്ടു പശുക്കളായിരുന്നു സര്‍ബസിയും പാംഗുലിയും. വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിവില്ലാത്ത ഈ രണ്ടു ഗോക്കളും, ശുഭയും, എന്നാല്‍ മൂകമായി എല്ലാ വിശേഷങ്ങളും പങ്കുവെച്ചു. വീട്ടു ജോലികള്‍ക്കിടയില്‍ വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങള്‍ ശുഭ ഈ കൂട്ടുകാരികളോടൊപ്പം ചിലവിട്ടു. അവളുടെ കാലൊച്ച കേള്‍ക്കാന്‍, വാത്സല്യത്തോടെയുള്ള തലോടല്‍ ഏല്‍ക്കാന്‍, സര്‍ബസിയും പാംഗുലിയും തൊഴുത്തില്‍ കാത്തു നില്‍ക്കുമായിരുന്നു. ‘ശുഭയാണ് എനിക്ക് പ്രചോദനം.’ പ്രമീള കൂട്ടിച്ചേര്‍ത്തു.
‘പുഴയേയും, പച്ചപ്പിനേയും, പശുക്കളേയും സ്‌നേഹിച്ച ശുഭയെപ്പോലെ ഞാനും തൊടിയിലെ മണ്ണില്‍ പതിഞ്ഞു കിടന്നിട്ടുണ്ട്, ഭൂമിയോട് സംവദിക്കാന്‍! ഭൂമിയുടെ ആധികള്‍ ചോദിച്ചറിയാന്‍.’ പ്രമീള ഉള്ളു തുറന്നു.
‘ഓരോ സമാഗമത്തിലും ഭൂമാതാവിന്റെ വിങ്ങിപ്പൊട്ടലുകള്‍ എനിക്കു നേരിട്ട് അനുഭവപ്പെട്ടു. തന്റെ ബോധത്തേയും ഹൃദയത്തേയും പ്രതിനിധാനം ചെയ്യുന്ന ജൈവസമൂഹവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്നുവെന്ന് ഭൂമി എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു.’
പരിസ്ഥിതി ലോല പ്രദേശങ്ങളിലും, ഭൂമിയുടെ അതീവ ലോല മേഖലകളിലും ദൂരക്കാഴ്ച്ചയില്ലാത്ത മനുഷ്യന്റെ സ്വാര്‍ത്ഥത തേരോട്ടം നടത്തുന്നു. ഈ ഭൂമി തന്റെ മാത്രമാണെന്ന് അവന്‍ അഹങ്കരിക്കുന്നു.
‘ഞാന്‍ സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ത്ഥികളെ വിളിച്ച് കൂടുതല്‍, കൂടുതല്‍ വൃക്ഷത്തൈകള്‍ നടാന്‍ ഓര്‍മ്മപ്പെടുത്തും. മരം ഒരു വരമാണെന്ന് ആവര്‍ത്തിക്കും.’ പാറക്കടവ് (എറണാകുളം ജില്ല) എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപികയുടെ വാക്കുകളില്‍ ഭൂമിയോടുള്ള പ്രതിബദ്ധത.
‘ഒരു മാസം ശരാശരി നൂറു പുതിയ തൈകളെങ്കിലും എന്റെ കുട്ടികള്‍ നടുന്നുണ്ട്. മുന്നെ നട്ടതിന്റെ വളര്‍ച്ച ഫോട്ടോ എടുത്ത് എന്നെ ഇടക്കിടെ അവര്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. അത് അവര്‍ക്കൊരു ജോലിയായി തോന്നുന്നേയില്ല. അവര്‍ അത് ആസ്വദിക്കുകയാണ്. പതിനാറു വര്‍ഷം മുമ്പ് ഈ വിദ്യാലയത്തില്‍ അദ്ധ്യാപികയായി ചേര്‍ന്നതു മുതല്‍ പദ്ധതിയുമായി ഞാന്‍ മുന്നോട്ടു പോകുന്നു…’ തന്റെ കര്‍മ്മ പരിപാടികളിലൊന്നിനെക്കുറിച്ച് പ്രമീള വിവരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കേരളം കണ്ടതില്‍ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നിന് വേദിയായതും പാറക്കടവ് വിദ്യാലയമാണ്.
‘പ്രളയ ജലത്താല്‍ ചുറ്റപ്പെട്ടു, ഒരുമാസത്തിലേറെ കാലം ഒറ്റപ്പെട്ടുകിടന്ന ഉള്‍നാടന്‍ പ്രദേശത്തെ ഏക അഭയ കേന്ദ്രം ഈ സ്‌കൂളായിരുന്നു! മൂവ്വായിരത്തില്‍പരം മനുഷ്യര്‍ക്ക് അവലംബം! ആറ് ഹെലികോപ്റ്ററുകളാണ് ഭക്ഷണവും, മറ്റു അവശ്യ സാധനങ്ങളും എത്തിക്കാന്‍ വന്നുപോയത്.’ പ്രമീള വിശദീകരിച്ചു.
സ്വന്തം കുഞ്ഞുങ്ങളായ ബാലഭാസ്‌കറിനേയും ശിവഭാസ്‌കറിനേയും അവരുടെ അച്ഛനെ ഏല്‍പ്പിച്ച്, ബൃഹത്തായ ഈ സുരക്ഷാ ദൗത്യത്തിന്റെ അമരത്തിരുന്നവരില്‍ ഒരാളും പ്രകൃതിയുടെ പര്യായമായ പ്രമീള തന്നെയായിരുന്നു.
സംസ്‌കൃത സാഹിത്യത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും, ‘മനുഷ്യനും പരിസ്ഥിതിയും അര്‍ത്ഥശാസ്ത്രത്തില്‍’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റുമുള്ള പ്രമീളയുടെ കവിതകളും ലേഖനങ്ങളും പ്രകൃതി സംസ്‌കാരം ഉയര്‍ത്താന്‍ കഴിയുന്നതാണ്. ‘മനം നിറയെ മരം വേണം, മരം നല്‍കും മഴ വേണം…’ എന്നു തുടങ്ങുന്ന പ്രമീളയുടെ കവിത പ്രകൃതി സ്‌നേഹികളുടെയിടയില്‍ ദേശീയ ഗാനമാണ്. വരികളും സംഗീതവും നല്‍കി പല ചലച്ചിത്ര സംരംഭങ്ങളുമായി പ്രമീള സഹകരിച്ചിട്ടുണ്ടെങ്കിലും, അവര്‍ ഒടുവില്‍ കഥയും ഗാനങ്ങളുമെഴുതിയ ‘നാനി’ ഏറെ ശ്രദ്ധേയമാണ്. ഒക്‌റ്റോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ പരിസ്ഥിതി ചിത്രം ഇതിനകംതന്നെ രണ്ടു അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യന്റെ അത്യാര്‍ത്തി കാരണം വെട്ടിവീഴ്ത്തിയ ഒരു ഇളം മരത്തിന്റെ ആത്മാവ് അമ്മു എന്ന ഒരു ബാലികയുടെ രൂപത്തിലെത്തി, തന്റെ നൊമ്പരങ്ങള്‍ കരുണയറ്റ ഈ ലോകത്തെ അറിയിക്കുന്നതാണ് ‘നാനി‘യുടെ പ്രമേയം. ക്രൂരനായ മനുഷ്യന്‍ പിഴുതെറിഞ്ഞ ആ കൊച്ചുവൃക്ഷത്തിന്റെ പുനര്‍ജനിയാണ് ആമസോണ്‍ മഴമരങ്ങള്‍ കത്തിച്ചാമ്പലാവുന്നതു കണ്ടു തേങ്ങിക്കരയുന്ന അമ്മുവെങ്കില്‍, ആ അമ്മുതന്നെയാണ് ഈ കഥയെഴുതിയ പ്രമീളയെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല!
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒട്ടനവധി കലാകാരന്മാര്‍ അംഗങ്ങളായുള്ള പ്രകൃതിസാംസ്‌കാരികകലാ കൂട്ടായ്മയായ, VIMA (വയലമ്മ)യുടെ ജീവരക്തമായ പ്രമീള, കാര്‍ഷിക പ്രദര്‍ശനങ്ങളുടേയും, മഴോത്സവങ്ങളുടേയും, മഴയോര്‍മകളുടേയും, നിളാ സംസ്‌കൃതി സംരക്ഷണത്തിന്റെയും, മാലിന്യ വിമുക്ത നദി ബോധവല്‍ക്കരണ പ്രസ്ഥാനങ്ങളുടേയും സജീവ പ്രവര്‍ത്തകകൂടിയാണ്.


സാധാരണക്കാരനായ മുഖ്യമന്ത്രി സി അച്ചുതമേനോനും, കൃഷിക്കാരനായി ജീവിച്ചു കേരളത്തിന്റെ കൃഷി മന്ത്രിയായിത്തീര്‍ന്ന വി വി രാഘവനും, കൃഷിക്കാരനായ തന്റെ പിതാവ് ആലേങ്ങാട് കൊല്ലേരി ബാലചന്ദ്രന്‍ നായരുമായി പാടത്തു പണിയെടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പങ്കിടുന്നത് കേട്ടു വളര്‍ന്ന പ്രമീള, ശ്രീ കേരള വര്‍മ്മ കോളേജിലെ ചുവപ്പു താരമായത് സ്വാഭാവികം. കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനൊപ്പം കോളജ് കാമ്പസില്‍ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിക്കേട്ട പെണ്‍ശബ്ദമായിരുന്നു പ്രമീളയുടേത്.
കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്ത് ഏന്തിവലിച്ചു നടക്കുന്ന കൊറ്റികളെ വെടിവെച്ചു കൊല്ലുന്നതില്‍ ഹരംകൊണ്ട അഭിനവ വേടന്മാരെ, ഈ ഭൂമിയുടെ അവകാശികള്‍ നിരുപദ്രവകാരികളായ ആ ‘ക്രൗഞ്ചപ്പക്ഷികള്‍’ കൂടിയാണെന്ന് പ്രമീള ബോധ്യപ്പെടുത്തി.
എല്ലാ കാട്ടാളന്മാര്‍ക്കും കവികളായി മാനസാന്തരം വന്നില്ലെങ്കിലും, പ്രമീളയുടെ ‘മാ നിഷാദ’ എന്ന ശബ്ദം എയര്‍ ഗണ്ണും രാക്ഷസീയതയും ഉപേക്ഷിച്ചു പ്രകൃതി സംരക്ഷണത്തിനിറങ്ങുന്ന നിരവധി ചുറുചുറുക്കുള്ള ചെറുപ്പക്കാരെ സൃഷ്ടിച്ചു.
പ്രമീളയും, ഭര്‍ത്താവ് നന്ദകുമാറും ജനിച്ചത് ഒരേ നാളില്‍! ഞങ്ങള്‍ പരിചയപ്പെട്ടയിടക്ക് പ്രമീള എന്നോടൊരു ജന്മദിന സമ്മാനം ആവശ്യപ്പെട്ടിരുന്നു. എന്റെ മക്കള്‍പോലും എന്നോടിങ്ങിനെയൊന്ന് അതുവരെ ആവശ്യപ്പെട്ടില്ലായിരുന്നതിനാല്‍, പ്രമീളയുടെ അഭ്യര്‍ത്ഥനയില്‍ എനിക്കെന്തോ വിസ്മയം തോന്നി.
എന്താണ് വേണ്ടതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, പ്രമീള പറഞ്ഞു: ‘ഞങ്ങള്‍ക്കുവേണ്ടി ഒരു തൈ നടുമോ, സാര്‍?’
തൃശ്ശൂര്‍ നഗരത്തില്‍ വലിയൊരു കോണ്‍ക്രീറ്റു കെട്ടിടത്തിന്റെ ചെറിയൊരു ഭാഗത്തു മാത്രം താമസിക്കുന്ന എനിക്ക്, സ്വന്തമായി മണ്ണുള്ളത് ഗുരുവായൂരിലാണ്. താമസിയാതെ അവിടെപ്പോയി ഒരു മാവിന്‍ തൈ നട്ടു. അതിന് പ്രകൃതിയുടെ പര്യായമായി നിഘണ്ടുവില്‍ ചേര്‍ക്കണമെന്ന് തോന്നിയ ‘പ്രമീള’ എന്നു പേരിട്ടു.
ഈ ഓണാഘോഷത്തോട് അനുബന്ധിച്ചു അവിടെ ചെന്നപ്പോള്‍, ആ മാവിന്‍ തൈ അല്‍പ്പം കൂടി വളര്‍ന്നതായി കണ്ടു. എന്നിരുന്നാലും, നാടിന്റെ പുത്രിയുടെ പേരില്‍ നട്ടതൊരു നാടന്‍ മാവ് ആയതിനാല്‍, വാനോളം വളര്‍ന്നു പന്തലിച്ചാല്‍ മാത്രമേ അതു പുഷ്പിക്കുകയുള്ളൂ. വര്‍ഷങ്ങളേറെ കാത്തിരിക്കണം.
ഈ മാകന്ദത്തില്‍ കയ്ക്കുന്ന ആദ്യത്തെ ഫലം പ്രമീളുടെ മറ്റൊരു ജന്മദിനത്തില്‍ കൊടുക്കാന്‍ എനിക്കു കഴിയുമോ…?
ഞാന്‍ ആ തൈയ്യില്‍ കിളിര്‍ത്ത മൃദുവായ പുതിയ ഇലകളെ ആത്മസംതൃപ്തിയോടെ നോക്കി നില്‍ക്കേ, ചിങ്ങമാസത്തിലെ സുഖകരമായ ഇളങ്കാറ്റിന്റെ ഈണത്തില്‍ എവിടേയൊ സുഗതകുമാരി ടീച്ചറുടെ ചേലുള്ള വരികള്‍ തങ്ങിനിന്നു:
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി,
ഒരു തൈ നടാം കൊച്ചുമക്കള്‍ക്കു വേണ്ടി,
ഒരു തൈ നടാം നൂറു കിളികള്‍ക്കു വേണ്ടി,
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി…
പ്രമീളയാണ് പ്രകൃതിയുടെ പ്രതീക്ഷ! ഈ മണ്ണില്‍ ഇനിയും അനേകം പ്രമീളമാര്‍ ജനിക്കട്ടെ! പ്രളയത്തിനു വാര്‍ഷികങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ!