19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

ബിജെപി കേരളഘടകത്തിലെ ഗ്രൂപ്പ് പോര് ;ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
October 27, 2021 11:35 am

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് പാര്‍ട്ടിയില്‍ ശക്തമായി പിടിമുറുക്കുവനായി ആര്‍എസ്എസ് നേതൃത്വം.കഴിഞ്ഞ ദിവസം ആർഎസ്‌എസ്‌ ദേശീയ ജനറൽ സെക്രട്ടറി പങ്കെടുത്ത്‌ നടത്തിയ പ്രചാരകരുടെ യോഗത്തിൽ സംസ്ഥാനത്ത്‌ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച തീരുമാനങ്ങളെടുത്തിട്ടുണ്ട്‌. ബിജെപി ദേശീയനേതൃത്വവും ആർഎസ്‌എസും തയ്യാറാക്കിയ റിപ്പോർട്ടുകളിലെല്ലാം സംസ്ഥാന ബിജെപി താഴേതട്ടിൽ തകർന്നുവെന്ന വിലയിരുത്തലിലാണ്‌.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും വി മുരളീധരനും നിയിക്കുന്ന നേതൃത്വം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.ഒരുസംഘം നേതാക്കളുടെ കൂടാരമായി പാര്‍ട്ടി സംസ്ഥാനഘടകം മാറിയതായി പരാതി നിലനില്‍ക്കുന്നതിനിടെയാണ് ആരോപണങ്ങള്‍.യുപി മാതൃകയിൽ വീടുകൾ എണ്ണി അംഗങ്ങൾക്ക്‌ ചുമതല നിശ്ചയിച്ച്‌ പാർടി പ്രവർത്തിക്കണം. കേന്ദ്ര സർക്കാർ പദ്ധതികൾ വീടുകളിലെത്തിക്കണം. താഴേ തട്ടിലെ അഭിപ്രായങ്ങൾ പരിഗണിക്കണം എന്ന നിർദേശവുമുണ്ട്‌.പാർടിയിലെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച്‌ “സേവ്‌ ബിജെപി ഫോറം‘എന്ന ഒരു ഗ്രൂപ്പ് സജീമായിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും എതിർക്കുന്നവരാണീ നീക്കത്തിന്‌ പിന്നിൽ. ബിജെപിയെ രക്ഷിക്കാനെന്ന പേരിൽ ഇവർ പ്രവർത്തകർക്കിടയിൽ ലഘുലേഖ വിതരണംസജീവമായിട്ടുണ്ട്. സുരേന്ദ്രനും മുരളീധരനും ബിജെപിയെ കാശാപ്പ് ചെയ്യുന്നുവെന്ന്‌ ‘അസതോ മാ സദ്‌ ഗമയാ’ എന്ന ലഘുലേഖയിലുണ്ട്‌.

സംഘടനയിലെ “അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന പേരിൽ അറിയപ്പെടുന്ന ഇവരാണ്‌ ബിജെപിയുടെ തകർച്ചയ്‌ക്ക് കാരണം. ഇവരുടെ ഡൽഹിയിലെ ഗോഡ്ഫാദർ ആരാണ്. സ്വന്തം പാർടിയുടെ പണം അടിച്ചുമാറ്റിയ നേതാക്കളുള്ള പാർടിയായി ബിജെപി. മുരളീധരനും സുരേന്ദ്രനും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അയ്യായിരത്തോളം പ്രവർത്തകർ പാർടി വിട്ടു. അവരിൽ 99.9 ശതമാനവും ഇടതുപക്ഷത്തേക്കാണ് പോയത്. കേരളത്തിൽ ആർഎസ്‌എസ്‌ നേതൃത്വം സുരേന്ദ്രനും മുരളീധരനും മുന്നിൽ ഏറാൻ മൂളികളാണെന്നു ആരോപണം ശക്തമാകുന്നസാഹചര്യത്തിലുമാണ് ആര്‍എസ് എസ് ദേശീയജനറല്‍ സെക്രട്ടറി പങ്കെടുത്ത യോഗവും നടന്നത്.വിമർശിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിക്കുന്നു. ചില നേതാക്കളുടെ ഫോൺ ചോർത്തുന്നു. അച്ചടക്കത്തിന്റെ അപ്പോസ്‌തലന്മാർ തേയിലത്തോട്ടത്തിൽ ജോലി ചെയ്‌ത പയ്യനെ പി പി മുകുന്ദൻ കൈ പിടിച്ച് നേതാവാക്കിയ കഥയോർമിക്കണം. മുഷിഞ്ഞ ജുബ്ബയും തുണിസഞ്ചിയുമായി വന്ന നേതാവ് 100 കോടി ക്ലബ്ബിൽ അംഗമായെന്നും ‘അസതോ മാ സദ്‌ ഗമയാ’ എന്നലഘുലേഖയിൽ പറഞ്ഞിരുന്നു.അഴിച്ചുപണിയിൽ സ്വന്തം ഗ്രൂപ്പുകാരെ തിരുകിക്കയറ്റാനും ദേശീയ സമിതി അംഗവും, സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ തരംതാഴ്‌ത്താന്‍ സുരേന്ദ്രന്‍ വിഭാഗത്തിന് സാധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ നേതാക്കളെ പെട്ടെന്ന്‌ മാറ്റുന്നത്‌ ഗുണം ചെയ്യില്ലെന്നു കണ്ടാണ്‌ ദേശീയ നേതാക്കൾ ‘നേതൃമാറ്റം’ അജൻഡ തൽക്കാലം മാറ്റിയത്‌. ശക്തമായ ഗ്രൂപ്പ്‌ പ്രവർത്തനവും പിന്നോട്ടടുപ്പിച്ചു.

നേതൃമാറ്റം കീഴ്‌വഴക്കമാകാൻ സാധ്യതയുണ്ടെന്നതും പരിഗണിച്ചു. അത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാന ബിജെപിയിൽ ആർഎസ്‌എസ്‌ നേരിട്ട്‌ പ്രവർത്തനങ്ങൾ തുടങ്ങി. അഴിച്ചുപണി ഒടുവിൽ നേതൃമാറ്റത്തിൽത്തന്നെ എത്തുമെന്ന വിലയിരുത്തലിലാണ്‌ കൃഷ്ണദാസ് വിഭാഗം ഉറ്റുനോക്കുന്നത്. ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് ഗ്രൂപ്പിനോട് യോജിച്ച് പ്രവര്‍ത്തിക്കുകയാണ്സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ സംരക്ഷണയിലാണ്‌ സുരേന്ദ്രന്റെ അധ്യക്ഷസ്ഥാനവും വി മുരളീധരന്റെ മന്ത്രിസ്ഥാനവും. പാർടിയെ കരകയറ്റാനായില്ലെങ്കിൽ അതും അടയും. ഗ്രൂപ്പുകളെ നേരിടാൻ സുരേന്ദ്രന്‌ കഴിയില്ലെന്ന്‌ തെളിഞ്ഞു. ‘പ്രമുഖ നേതാക്കൾ ഔദ്യോഗിക വാട്‌സാപ്‌ ഗ്രൂപ്പുകൾ വിടാൻ കണിച്ച ധൈര്യം മതി സുരേന്ദ്രനെ എതിർക്കുന്നവരുടെ ശക്തി എത്രയാണെന്ന്‌ അറിയാൻ. ഇപ്പോൾ കേന്ദ്രം നൽകിയത്‌ ഇടക്കാല ആശ്വാസംമാത്രമാണ്‌ ’ –- കൃഷ്ണദാസ്‌ പക്ഷം പറയുന്നു.നേതൃത്വ പുനഃസംഘടനയ്ക്ക് പിന്നാലെ കേരളത്തിലെ ബിജെപിയില്‍ തര്‍ക്കം രൂക്ഷം. പ്രതിഷേധത്തിന് പിന്നാലെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയത്. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാർ എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയത്.സംസ്ഥാന പുനസംഘടനയ്ക്ക് പിന്നാലെ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒതുക്കിയതിനെച്ചൊല്ലിയാണ് ബി ജെ പിയില്‍ പ്രതിഷേധം ശക്തമാണ്. പി ആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതും പി കെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും വി മുരളീധരന്‍— കെ. സുരേന്ദ്രന്‍ ദ്വയത്തിന്റെ നീക്കമാണെന്നാണ് ആക്ഷേപം.ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്നാരോപിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ വിമര്‍ശനമുന്നയിച്ചത് ദിവസങ്ങള്‍ക്കുമുന്‍പാണ്.

Eng­lish Sum­ma­ry: Group war in BJP Ker­ala unit; RSS lead­er­ship intervenes

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.