Web Desk

January 30, 2021, 1:14 pm

സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പ് പോര് ; ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍

Janayugom Online

സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രംഗത്തുളള പ്രമുഖ നേതാവ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി കേന്ദ്രനേതൃത്വംതുടങ്ങി . ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കാമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകല്‍. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ബിജെപിയുടെ വിവിധ യോഗങ്ങള്‍ ശോഭാ സുരേന്ദ്രന്‍ ബഹിഷ്കരിച്ചിരുന്നു. ബിജെപി സംസ്ഥാന നേതൃയോഗത്തിനു മുന്നോടിയായി നടന്ന ആര്‍എസ് എസ് ‑ബിജെപി പ്രധാന നേതാക്കളുടെ യോഗവും അവര്‍ ബഹിഷ്കരിച്ചിരുന്നു. ആര്‍എസ്എസിന്‍റെ സംഘടനാ സംവിധാനത്തിന്‍റെ ഭാഗമായി അവര്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ ബഹിഷ്കരിച്ചതോടെയാണ് ചര്‍ച്ച സജീവമായിത്. എന്നാല്‍ ശോഭാ സുരേന്ദ്രനുമായി ഒരു തരത്തിലും സഹകരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറല്ല.

പാര്‍ട്ടിയിലെ കൃഷ്ണദാസ് വിഭാഗവും, ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്‍റെയും പിന്തുണ ശോഭാ സുരേന്ദ്രനുണ്ടെന്നു പറയപ്പെടുന്നു, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഖിലേന്ത്യ നേതൃത്വം ഭഗീരഥ പ്രയത്നത്തിലാണ് , എന്നാല്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നതല്ലാതെ മറ്റൊന്നുമില്ല. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായും ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയതായിട്ടാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ . സംസ്ഥാന നേതൃത്വത്തില്‍ തഴയപ്പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്ന ഉറപ്പ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.കെ.സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം താനുള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളെ പൂര്‍ണമായും തഴയുന്നു എന്ന് ശോഭാ സുരേന്ദ്രന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് മാറിനില്‍ക്കുന്നതിന് ഒരു കാരണവും ഇല്ലെന്നായിരുന്നു ആര്‍.എസ്.എസിന് സുരേന്ദ്രന്‍ നല്‍കിയ വിശദീകരണം.കേന്ദ്രനേതൃത്വവും ആര്‍.എസ്.എസും ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പറ്റാതായപ്പോള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദ്ദേശപ്രകാരം ശോഭ ദല്‍ഹിയിലെത്തി നിര്‍മ്മല സീതാരാമനും സംഘടനാ ചുമതലയുള്ള അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു.

eng­lish sum­ma­ry ;Group war in state BJP unit; Sob­ha Suren­dran in front of the cen­tral leadership
you may also like this video;