Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
കെ രംഗനാഥ്

തിരുവനന്തപുരം

May 26, 2021, 9:21 pm

ഹൈക്കമാന്‍ഡിന്റെ തിരുമുറ്റത്ത് എ,ഐ പടനീക്കം

Janayugom Online

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും രമേശ് ചെന്നിത്തലയെ പുറത്താക്കി വി ഡി സതീശനെ പ്രതിഷ്ഠിച്ച കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഗ്രൂപ്പിനെതിരേ സംസ്ഥാന കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ഡല്‍ഹി കേന്ദ്രീകരിച്ച് പുതിയ പടനീക്കം തുടങ്ങി. കോണ്‍ഗ്രസ് സംഘടനാകാര്യ ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നയിക്കുന്ന ഈ ഗ്രൂപ്പിനെ നിര്‍വീര്യമാക്കിയില്ലെങ്കില്‍ എ, ഐ ഗ്രൂപ്പുകള്‍ അപ്രസക്തമാകുമെന്ന തിരിച്ചറിവിലാണ് നിലനില്പിനായുളള ഈ ജീവന്മരണ പോരാട്ടം.

സതീശന്റെ ആരോഹണത്തിനു പിന്നാലെ ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് ആ കമ്മിറ്റികളെയാകെ തന്റെ വരുതിയിലാക്കാനുള്ള വേണുഗോപാലിന്റെ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഇന്നലെയുണ്ടായതിനു പിന്നാലെ ഹൈക്കമാന്‍ഡ് ഗ്രൂപ്പിനെതിരേയുള്ള പോരു കനപ്പിക്കാന്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ചേര്‍ന്ന എ, ഐ ഗ്രൂപ്പു നേതാക്കളുടെ സംയുക്തയോഗം തീരുമാനിച്ചിട്ടുണ്ട്. ഇരു ഗ്രൂപ്പുകളും നിയന്ത്രിക്കുന്ന ഡിസിസികളുടെ പ്രസിഡന്റുമാരടക്കമുള്ള ഭാരവാഹികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണ്.ഇതിനിടെ പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ തല്‍സ്ഥാനം രാജിവച്ചു കഴിഞ്ഞു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാരായ എം ലിജു, ബിന്ദുകൃഷ്ണ, നെയ്യാറ്റിന്‍കര സനല്‍ എന്നിവരും രാജിക്കത്തുകള്‍ സമര്‍പ്പിക്കുകയോ രാജി സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടുണ്ട്.

വി എം സുധീരനടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഒപ്പംനിര്‍ത്തി ഡിസിസികളും തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് പദവിയും പിടിച്ചെടുക്കാനാണ് വേണുഗോപാല്‍ അമരക്കാരനായ ഹൈക്കമാന്‍ഡ് ഗ്രൂപ്പിന്റെ നീക്കം. ഡിസിസികള്‍ പിടിച്ചെടുക്കുന്നതിനു പിന്നാലെ കെ സുധാകരനെ മുല്ലപ്പള്ളിക്കു പകരം കെപിസിസി പ്രസിഡന്റാക്കുകയാണ് ഹൈ­ക്കമാന്‍ഡ് ഗ്രൂപ്പ് പദ്ധതി. ഈ നീക്കത്തിനു തടയിടാന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി, ഹൈബി ഈഡന്‍ എംപി, ഡീന്‍ കുര്യാക്കോസ് എന്നിവരെ ഡല്‍ഹി കേന്ദ്രീകരിച്ച് മറുനീക്കങ്ങള്‍ നടത്താന്‍ എ, ഐ ഗ്രൂപ്പുകള്‍ ചുമതലപ്പടുത്തിയിട്ടുണ്ട്. ഇവര്‍ നിയോഗിക്കുന്നവര്‍ എല്ലാ ദിവസവും സംഘങ്ങളായി എഐസിസി ആസ്ഥാനത്തെത്തി ഉമ്മന്‍ചാണ്ടിക്കും രമേശിനും മുല്ലപ്പള്ളിക്കും അനുകൂലമായി ഹൈക്കമാന്‍ഡില്‍ സങ്കടഹര്‍ജികള്‍ നല്കുന്നത് പതിവു കാഴ്ചയായി. ഈ സംഘങ്ങളില്‍ മലയാളികള്‍ കമ്മിയാണെന്നും ഇത് പച്ചയായ വിഭാഗീയ പ്രവര്‍ത്തനമാണെന്നും വേണുഗോപാല്‍ ഗ്രൂപ്പ് ആരോപിക്കുന്നു.
ഡിസിസി പുനഃസംഘടനയ്ക്കു മുമ്പുതന്നെ കെ സുധാകരനെ കെപിസിസി പ്രസിഡന്റായി വാഴിക്കുമെന്ന സൂചനകളും ശക്തം. കോണ്‍ഗ്രസ് സംസ്കാരത്തിനു ചേരാത്ത തീവ്രവാദ നിലപാടുകളുള്ള സുധാകരനെ പ്രസിഡന്റാക്കിയാല്‍ കേരളം യുഡിഎഫ്-എല്‍ഡിഎഫ് കലാപ ഭൂമിയാകുമെന്ന മുന്നറിയിപ്പും ഈ സംഘങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് ഇരു ഗ്രൂപ്പുകളോടും അടുപ്പമുള്ള വൃത്തങ്ങള്‍ അടക്കം പറയുന്നു.

സുധാകരനെ ഒഴിവാക്കാന്‍ രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റാക്കണമെന്ന ഒരു നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി തന്നെ ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇരു ഗ്രൂപ്പുകള്‍ക്കും വേണ്ടി ക്യാമ്പ് ഓഫീസ് തുറന്ന് പടനയിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് തന്നെ ഈ നീക്കത്തിനു പാര പണിതെന്ന ആരോപണവും ഉയരുന്നു. ദളിതനായതിനാലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേരു പരിഗണിക്കാത്തതെന്ന ഗുരുതരമായ ആരോപണം കൊടിക്കുന്നില്‍ സുരേഷ് പരസ്യമായി ഉന്നയിച്ചതും എ, ഐ ഗ്രൂപ്പിന്റെ സംയുക്ത നീക്കങ്ങള്‍ക്ക് ഇടങ്കോലിടുന്നതുപോലെയായി.

Eng­lish Sum­ma­ry : group war to approach con­gress high com­mand in delhi

You may also like this video :