23 April 2024, Tuesday

വിലക്കയറ്റം: ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ

നൂറ് കോടിയോളം ആളുകള്‍ പ്രതിസന്ധി നേരിടുന്നു
Janayugom Webdesk
ജനീവ
January 24, 2023 8:57 pm

വിലക്കയറ്റവും ഭക്ഷ്യ പ്രതിസന്ധിയും ഏഷ്യയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥാ രൂക്ഷമാക്കുന്നതായി ഫുഡ് ആന്റ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ)യും മറ്റ് യുഎന്‍ ഏജന്‍സികളും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.2021ല്‍ ദക്ഷിണേഷ്യയിലെ 50 കോടി ആളുകള്‍ക്ക് ശരിയായ അളവില്‍ ഭക്ഷണം ലഭിക്കുന്നില്ല. ഏകദേശം പത്തില്‍ എട്ടിലധികം പേരും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറ് കോടിയോളം ആളുകള്‍ ചെറിയ രീതിയിലോ ഗുരുതരമായതോ ആയ ഭക്ഷ്യ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആഗോളതലത്തില്‍ 2014ല്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ 21 ശതമാനമായിരുന്നു. 2021ല്‍ ഇത് 29 ശതമാനമായി വര്‍ധിച്ചു.
കോവിഡ് മഹാമാരിയാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമാക്കിയത്. കോവിഡിനെ തുടര്‍ന്ന് കൂട്ടപിരിച്ചുവിടലുകളും തടസങ്ങളുമുണ്ടായി. ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷണം, ഇന്ധനം, വളം തുടങ്ങിയവരുടെ വില വര്‍ധിച്ചതും ജനങ്ങള്‍ക്ക് പര്യാപ്തമായ അളവില്‍ ഭക്ഷണമെത്തിക്കുന്നതിന് തടസമായി, റിപ്പോര്‍ട്ട് പറയുന്നു.

എഫ്എഒ, യുണിസെഫ്, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യ പദ്ധതി എന്നീ ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ ചേര്‍ന്ന് തുടര്‍ച്ചയായ അഞ്ചാമത്തെ തവണയാണ് ഭക്ഷ്യ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എന്നാല്‍ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പോയ വര്‍ഷങ്ങളില്‍ പരാജയപ്പെട്ടതോടെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ അളവില്‍ ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ 9.1 ശതമാനമാണ്. 2000 ല്‍ ഇത് 14.3 ശതമാനമായിരുന്നു. എന്നാല്‍ 2020നേക്കാള്‍ വര്‍ധിച്ചിട്ടുമുണ്ട്.

ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് വിലക്കയറ്റത്തെ തുടര്‍ന്ന് ഭക്ഷണമുറപ്പാക്കാന്‍ കഴിയാത്തതാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത. ഗ്രാമീണ മേഖലകളിലെ കാര്‍ഷിക പ്രതിസന്ധി കൂടുതല്‍ അവസരങ്ങള്‍ക്കായി ജനങ്ങളെ നഗരങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ നഗരമേഖലയിലെ ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധന ഇവരെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയെ വിപുലപ്പെടുത്താനും കുറ‍ഞ്ഞ വിലയ്ക്ക് ഭക്ഷ്യ വിതരണം ഉറപ്പാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യവില സൂചിക ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ചരക്കുകളുടെ വില വർഷത്തിന്റെ അവസാനത്തിൽ അല്പം കുറഞ്ഞെങ്കിലും 2020 ലെ നിലവാരത്തേക്കാൾ 28 ശതമാനം കൂടുതലാണ്. ഏഷ്യാ-പസഫിക് മേഖല പ്രതിവർഷം ഏകദേശം രണ്ട് ട്രില്യൺ ഡോളറിന്റെ ഭക്ഷണം ഇറക്കുമതി ചെയ്യുന്നുണ്ട്. അരി, ഗോതമ്പ്, എണ്ണ തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വിലക്കയറ്റം ദരിദ്രരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഏഷ്യന്‍ ജനസംഖ്യയുടെ 45 ശതമാനത്തിനും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. ഇത് കടുത്ത ദാരിദ്ര്യത്തിന് പുറമെ വിളര്‍ച്ച, പൊണ്ണത്തടി എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Eng­lish Sum­ma­ry: Grow­ing num­bers of peo­ple in Asia lack enough to eat as food inse­cu­ri­ty ris­es with high­er prices
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.