Web Desk

ന്യൂഡൽഹി

March 16, 2020, 10:51 pm

വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കും: ആർബിഐ

Janayugom Online

കൊറോണ വൈറസ് വ്യാപനം ഇന്ത്യയുടെ വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഇതിനകം നൂറിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആഗോള സമ്പദ് വ്യവസ്ഥയെ കൊറോണ വ്യാപനം ഇതിനകം ബാധിച്ചതായി ലോകരാജ്യങ്ങളും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായ സ്വാധീനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും ഉണ്ടായേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് നിരവധി നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചു. ആർബിഐയും വിവിധ തീരുമാനങ്ങൾ കൈക്കൊള്ളും. ഇപ്പോഴത്തെ സ്ഥിതിയിൽ പലിശാ നിരക്കുകൾ കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്ത് ചേരുന്ന സാമ്പത്തിക നയ അവലോകന സമിതി യോഗം ( എംപിസി) ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം എംപിസിയാണ് പലിശാ നിരക്കുകൾ സംബന്ധിച്ച തീരുമാനമെടുക്കുന്നത്.
യുഎസ് ഫെഡറൽ റിസർവ് പലിശാ നിരക്ക് പൂജ്യം ശതമാനമായി കുറച്ച പശ്ചാത്തലത്തിലാണ് കാര്യമായ തീരുമാനങ്ങൾ അറിയിക്കാൻ ഒന്നുമില്ലായിരുന്നിട്ടും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് തിരക്കിട്ട് വാർത്താ സമ്മേളനം വിളിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശാ നിരക്കിൽ 50 ബെയ്സിസ് പോയിന്റ് വെട്ടിക്കുറച്ചിരുന്നു. ആഗോളതലത്തിൽ ഓഹരി കമ്പോളം കുത്തനെ ഇടിയുന്ന സാഹചര്യത്തിലാണ് യുറോപ്യൻ സെൻട്രൽ ബാങ്കുകൾ പലിശ നിരക്കുകൾ വെട്ടിക്കുറച്ചത്.