Web Desk

December 07, 2019, 9:35 pm

വളർച്ചാ മാന്ദ്യം- ദ്രുതഗതിയിലുള്ള തകർച്ച

Janayugom Online

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുൻകാലങ്ങളിൽ ഇല്ലാത്തവിധം തകർന്നടിഞ്ഞിരിക്കുകയാണ്. തന്ത്രപ്രധാനമായ എട്ട് മേഖലകളിലെ വളർച്ചാനിരക്ക് ഗണ്യമായി ഇടിഞ്ഞു. ഈ മേഖലകളിലെ വളർച്ചാ നിരക്ക് ഒക്ടോബർ മാസത്തിൽ 5.8 ശതമാത്തിന്റെ കുറവുണ്ടായി. ഭൂരിഭാഗം മേഖലകളിലേയും ഉൽപ്പാദനം മൂക്കുകുത്തി വീണ അവസ്ഥയിലെത്തി. രാജ്യം കൂടുതൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കയത്തിലേക്കാണ് വീഴുന്നതെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വൈദ്യുതി ഉൽപ്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ഒക്ടോബർ മാസത്തിൽ ഈ മേഖലയിലെ മൊത്തം വളർച്ച 5.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ കുറവ് സാമ്പത്തിക വിദഗ്ധർ പോലും പ്രതീക്ഷിച്ചതല്ല. കൽക്കരി, അസംസ്കൃത എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ സാമ്പത്തിക വളർച്ചയുടെ അടിത്തൂണുകളായ എല്ലാ മേഖലകളും തകർന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ മേഖലകളിലെ വളർച്ചാനിരക്ക് 4.8 ശതമാനമായിരുന്നു.

എട്ട് മേഖലകളിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി വളർച്ചാനിരക്ക് 4.4 ശതമാനമായിരുന്നു. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ തകർച്ച പ്രകടമായി. വ്യാവസായിക ഉൽപ്പാദന സൂചികയിൽ 20 ശതമാനം കുറവുണ്ടാകാനുള്ള കാരണം വൈദ്യുതി ഉൽപ്പാദന മേഖലയിലെ കുറവാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തെ അപേക്ഷിച്ച് വൈദ്യുതി ഉൽപ്പാദനത്തിൽ 12.4 ശതമാനം കുറവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലും വൈദ്യുതി ഉൽപ്പാദനത്തിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം വൈദ്യുതി ഉൽപ്പാദനം പത്ത് ശതമാനം കുറഞ്ഞു. ഈ മേഖലയിലെ വളർച്ചാ നിരക്ക് സെപ്റ്റംബർ, ഒക്ടോബർ മാസത്തിലും തുടർച്ചയായി കുറഞ്ഞു. യഥാക്രമം 0.9, 2.6 ശതമാനം വീതമാണ് കുറവുണ്ടായത്. വ്യാവസായിക വികസന സൂചികയിൽ പത്ത് ശതമാനത്തോളം പ്രദാനം ചെയ്യുന്ന കൽക്കരി ഖനന മേഖലയിൽ 17.6 ശതമാനം കുറവുണ്ടായതായി കൽക്കരി മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

പ്രകൃതിവാതകം, സിമന്റ് തുടങ്ങിയ മേഖലകളിലും ഗണ്യമായ കുറവാണ് ഉണ്ടായത്. യഥാക്രമം 5.7 ശതമാനം, 7.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വ്യാവസായിക വികസന സൂചികയിൽ 30 ശതമാനത്തോളം പ്രദാനം ചെയ്യുന്ന റിഫൈനറി ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ 0.4 ശതമാനം കുറവുണ്ടായി. വ്യാവസായിക വികസന സൂചികയിൽ 17.92 ശതമാനം പ്രദാനം ചെയ്യുന്ന ഉരുക്കിന്റെ ഉൽപ്പാദനത്തിൽ കഴിഞ്ഞ മാസം 1.6 ശതമാനം കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദ വളർച്ചയുടെ കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ 26 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ തകർച്ചയെ ഒരു ഗൂഢാലോചനയായി വിലയിരുത്തിയാൽ തെറ്റ് പറയാൻ കഴിയില്ല. ഇതൊക്കെ ഊതിപ്പെരുപ്പിച്ച് പറയുന്നതോ പരിഹാസമോ അല്ല. ഇത് ആസന്നമായ ഒരു പ്രതിസന്ധിയുടെ മുന്നറിയിപ്പാണ്. സാമ്പത്തിക വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കിടയിലുള്ള അവിശ്വാസത്തിന്റേയും ഭീതിയുടേയും ഫലമാണ്. ഇത് രാജ്യത്തെ വ്യവസായികൾ, ബാങ്കർമാർ, പൗരൻമാർ എന്നിവർക്കിടയിൽ ശക്തമാണ്.

എല്ലാറ്റിനേയും, എല്ലാപേരേയും സംശയദൃഷ്ടിയോടെ നോക്കികാണുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന ഭീതിദമായ അവസ്ഥയെ കുറിച്ച് വ്യവസായി സുഹൃത്തുക്കൾ പറഞ്ഞില്ലെങ്കിലും താൻ അത് പറയുമെന്ന് വ്യവസായിയായ രാഹുൽ ബജാജ് പറഞ്ഞു. ഉന്നയിക്കുന്ന വിമർശനങ്ങൾ ഉൾക്കൊള്ളുമെന്ന വിശ്വാസമില്ലെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ രാഹുൽ ബജാജ് പറഞ്ഞത്. മറ്റുള്ളവർ മൗനം ദീക്ഷിച്ചപ്പോഴാണ് രാഹുൽ ബജാജിന്റെ വിമർശനം. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ ബിജെപി നേതൃത്വം തയ്യാറകണം. സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകണം. സമൂലമായ മാറ്റം പുരോഗതി, ഊർജ്ജസ്വലത എന്നിവയ്ക്ക് മുൻ നിലപാടിലെ മാറ്റം നാന്ദി കുറിക്കും.