Janayugom Online
GST

ജിഎസ്ടി: 28 ശതമാനം നികുതിയില്‍ ഇനി 35 ഉല്പന്നങ്ങള്‍

Web Desk
Posted on July 22, 2018, 11:09 pm

ന്യൂഡല്‍ഹി: ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതിയില്‍ ഇനി അവശേഷിക്കുന്നത് 35 ഉല്പന്നങ്ങള്‍ മാത്രം.
കഴിഞ്ഞ വര്‍ഷം 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്ന 191 ഇനങ്ങളില്‍ നിന്ന് 35 ഇനങ്ങളിലേക്ക് 28 ശതമാനം ജിഎസ്ടി വെട്ടിച്ചുരുക്കുകയായിരുന്നു. എസി, ഡിജിറ്റല്‍ ക്യാമറ, വീഡിയോ റെക്കോര്‍ഡറുകള്‍, ഡിഷ് വാഷിംഗ് മെഷീന്‍, ഓട്ടോമൊബൈല്‍സ് എന്നിവയാണ് ഇനി ഏറ്റവും കൂടുതലുള്ള ജിഎസ്ടി നിരക്കിലുള്ളത്. ജിഎസ്ടി നികുതി സമ്പ്രദായത്തില്‍ 28 ശതമാനം നികുതി സ്ലാബ് പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
2017 ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ 226 സാധനങ്ങള്‍ 28 ശതമാനം ജിഎസ്ടിയുടെ പരിധിയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് 191 ഇനങ്ങളാക്കി ചുരുക്കി.ജൂലൈ 27ന് നിലവില്‍ വരുന്ന പുതിയ ജിഎസിടി നിരക്കനുസരിച്ച് സിമന്റ്, ആട്ടോമൊബൈല്‍ ഭാഗങ്ങള്‍, ആട്ടോമൊബൈല്‍ ഉപകരണങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, ഉല്ലാസബോട്ടുകള്‍, വിമാനങ്ങള്‍, വായുകലര്‍ത്തിയ പാനീയങ്ങള്‍, പുകയില, സിഗരറ്റ്, പാന്‍മസാല തുടങ്ങിയ 35 ഇനങ്ങള്‍ക്കാണ് 28 ശതമാനം ജിഎസ്ടി ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ വാക്വം ക്ലീനറുകള്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, അലക്ക് യന്ത്രങ്ങള്‍, പെയിന്റുകള്‍, വാര്‍ണീഷ് തുടങ്ങിയ 15 ഇനങ്ങളെ 28ശതമാനം നികുതിയില്‍ നിന്ന് 18ശതമാനം ജിഎസ്ടിയിലേക്ക് വെട്ടിച്ചുരുക്കുകയായിരുന്നു. ഇത് 6,000 കോടിയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ദേശവ്യാപകമായി ഉപഭോഗത്തിന്റെ വര്‍ദ്ധനയുണ്ടാകുന്നതിനനുസരിച്ച് രാജ്യത്തിന്റെ ഖജനാവിലേക്കുള്ള വരുമാനത്തിന്റെ തോതും കൂടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.