കേരളത്തില്‍ രണ്ടുവര്‍ഷത്തേക്ക് പ്രളയ സെസ് ഈടാക്കാന്‍ അനുമതി

Web Desk
Posted on January 10, 2019, 5:26 pm

ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ സെസ് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി. ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. ഒരു ശതമാനം നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിനകത്ത് മാത്രമാണ് അധിക സെസ് പിരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പ്രളയസെസ് പിരിക്കുന്നതിന് ജിഎസ്ടി മന്ത്രിതല ഉപസമിതി സംസ്ഥാനത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇത് ജിഎസ്ടി കൗണ്‍,സില്‍ അംഗീകരിക്കുകയായിരുന്നു. പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് പ്രളയാനന്തര പുനഃനിര്‍മ്മാണത്തിന് ഏറെ ആശ്വാസകരമാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് ആയിരം കോടി രൂപ പ്രളയ സെസിലൂടെ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതിയുടെ കാലയളവും ഏതൊക്കെ ഉത്പന്നങ്ങള്‍ക്കാണ് സെസ് എന്നും അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാവിയില്‍ പ്രകൃതിദുരന്തം ഉണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ എന്ന നിര്‍ദേശം തത്വത്തില്‍ അംഗീകരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. ജിഎസ്ടിയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് ഇത്തരത്തില്‍ അവകാശം ലഭിക്കുന്നത്.