June 5, 2023 Monday

Related news

May 25, 2023
May 6, 2023
March 19, 2023
March 11, 2023
November 25, 2022
September 17, 2022
September 14, 2022
September 6, 2022
July 26, 2022
July 26, 2022

ഭാഗ്യക്കുറിയുടെ ജി എസ് ടി ഏകീകരണം: പ്രശ്നപരിഹാരത്തിന് വെള്ളിയാഴ്ച മന്ത്രി തല യോഗം

Janayugom Webdesk
January 2, 2020 9:37 pm

ഷാജി ഇടപ്പള്ളി

കൊച്ചി: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ഠിക്കുന്നതും ലോട്ടറി തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്നതുമായ ജി എസ് ടി ഏകീകരണത്തിലൂടെയുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ഏതുവിധത്തിൽ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കുന്നതിനായി കേരള ലോട്ടറി രംഗത്തെ തൊഴിലാളി സംഘടനാ ഭാരവാഹികളുടെയും ക്ഷേമബോർഡ് മെമ്പർ മാരുടെയും യോഗം നാളെ ഉച്ചക്ക് മൂന്നിന് തിരുവനന്തപുരത്ത് ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ചേംബറിൽ ചേരും. കേരള സർക്കാർ നേരിട്ട് നടത്തുന്ന ഭാഗ്യക്കുറിക്ക് 12 ശതമാനമായിരുന്നു ജി എസ് ടി ഉണ്ടായിരുന്നത്. പ്രമോട്ടർമാരും ഏജൻസികളും നടത്തുന്ന ലോട്ടറിക്ക് 28 ശതമാനവുമായിരുന്ന ജി എസ് ടി അടക്കേണ്ടിയിരുന്നത്.ഇതുമൂലം ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക് കേരളത്തിലേക്ക് കടന്നുവരുന്നതിന് കഴിയുമായിരുന്നില്ല. പുതിയ തീരുമാനത്തിലൂടെ അതിനുള്ള വഴിയാണ് കേന്ദ്രസർക്കാർ തുറന്നിട്ടുള്ളത്. രണ്ടാഴ്ച ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിലാണ് ചരക്ക് സേവന നികുതി ഏകീകരണത്തിന് തീരുമാനമെടുത്തത്.

സാധാരണ കേരളത്തിന്റെ ന്യായമായ ആവശ്യത്തിന് മുന്നിൽ ലോട്ടറി നടത്തുന്ന മറ്റു സംസ്ഥാനങ്ങൾ ഇതുവരെ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. പരമാവധി സമവായത്തിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നു ജി എസ് ടി കൗൺസിൽ വോട്ടിനിട്ടാണ് ജി എസ് ടി ഏകീകരണത്തിലേക്ക് നീങ്ങിയത്. കേരളത്തിന്റെ ഒപ്പം ശക്തമായി നിലപാട് കൈകൊണ്ടിരുന്ന പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളും അവസാനം നിമിഷം കേന്ദ്രത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് കാലുമാറി.നിലവിൽ 12 ശതമാനം ജി എസ് ടി നൽകുന്നത് സർക്കാർ പകുതിയും ഒന്നര ശതമാനം ഏജൻസി കമ്മീഷൻ വെട്ടിക്കുറച്ചും സമ്മാന ഘടനയിൽ മാറ്റം വരുത്തിയുമാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. പുതിയ സാഹചര്യത്തിൽ ടിക്കറ്റ് വില്പന പോലും കുറഞ്ഞ പശ്ചാത്തലത്തിൽ ഏജൻസി കമ്മീഷൻ കുറഞ്ഞാൽ ഈ രംഗത്ത് തൊഴിലെടുക്കാൻ ആളില്ലാത്ത അവസ്ഥയാകും സംജാതമാകുക. സംസ്ഥാന സർക്കാരിന് സാമ്പത്തിക വർഷം 1200 കോടി രൂപയാണ് ലോട്ടറിയിൽ നിന്നും ലഭിക്കുന്നത്.

ഇത് നിലച്ചാൽ വികസന പ്രവർത്തനത്തെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ലോട്ടറി വിഷയത്തിൽ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ള ധനമന്ത്രി തോമസ് ഐസക് പ്രശ്ന പരിഹാരത്തിന് ഇന്ന് പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. വില്പനക്കാരും ഏജന്റുമാരും ഏറെ പ്രതീക്ഷയോടെയാണ് ഈ യോഗത്തെ ഉറ്റുനോക്കുന്നത്. ഇതിനിടെ കാരുണ്യ ലോട്ടറിയുടെ വില്പനയിൽ ഗണ്യമായ കുറവുണ്ടാകുന്നതായി വകുപ്പ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ടിക്കറ്റിന്റെ വില 50 രൂപയായതോടെ വില്പന തീരെ കുറവാണെന്ന് തൊഴിലാളികളും സംഘടനകളും അഭിപ്രായപ്പെട്ടിരുന്നു.

you may also like this video;

വിവിധ ഓഫീസുകളിൽ ഇപ്പോൾ കാരുണ്യയുടെ ടിക്കറ്റ്അൻസോൾഡ് കൂടുന്നുവെന്ന വിലയിരുത്തലിന്റെ ഭാഗമായി തിരുവനന്തപുരം — 10,000 , കൊല്ലം — 20, 000 , ആറ്റിങ്ങൽ — 10,000 , ഇരിഞ്ഞാലക്കുട — 10,000 , കണ്ണൂർ — 10,000 , എറണാകുളം — 20, 000 , ഗുരുവായൂർ — 20, 000 , തൃശൂർ 30,000 എന്ന ക്രമത്തിൽ ടിക്കറ്റ് വെട്ടിക്കുറച്ചു ഉത്തരവായി. ഇതിനു പുറമെ ടിക്കറ്റു വില്പന നടക്കില്ലെന്ന് സാധ്യതയുള്ള സന്ദർഭത്തിൽ ഡൈവേർഷൻ സംവിധാനത്തിൽ മറ്റു ഓഫീസുകൾക്ക് ടിക്കറ്റ് കൈമാറണമെന്നുമാണ് ജോയിന്റ് ഡയറക്ടർ ഉത്തരവിറക്കിയിട്ടുള്ളത്.ജനുവരി 18 ന് നറുക്കെടുക്കുന്ന കെ ആർ — 431 മുതലുള്ള ടിക്കറ്റുകൾക്ക് ഇത് പ്രാബല്യമാകും. ഇതിനിടെ എല്ലാ ടിക്കറ്റ് വിലയും 50 രൂപയായി വർദ്ധിപ്പിക്കാൻ നീക്കമുള്ളതായും തൊഴിലാളികൾ സംശയിക്കുന്നുണ്ട്.

മന്ത്രി ടിക്കറ്റു വില വർധിപ്പിക്കില്ലന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്താനായില്ലെങ്കിൽ സാധ്യത തള്ളിക്കളയാനാവില്ലെന്നും തൊഴിലാളികൾ പറയുന്നുണ്ട്.സമ്മാനവിതരണവും ടിക്കറ്റ് , കമ്മീഷൻ എന്നിവ നൽകുന്നതിനും ഓഫീസ് പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനായി പുതിയ സോഫ്റ്റ് വെയർ നടപ്പാക്കുകയാണ്നാളെ മുതൽ എല്ലാ ജീവനക്കാർക്കും വൈകിട്ട് നാലു മുതൽ അഞ്ചുവരെ സോഫ്റ്റ് വെയർ പരിശീലനം നൽകും. അതിനാൽ നാളെ മുതൽ വൈകിട്ട് 3.30 ന് ക്യാഷ് സെക്ഷൻ അവസാനിപ്പിക്കും. ഇതുമായി തൊഴിലാളികളും ഏജന്റുമാരും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജി എസ് ടി വിഷയതിൽ ഭാഗ്യക്കുറി സംരക്ഷണ സമര സമിതി നേതൃത്വത്തിലും മറ്റു സംഘടനകളും ഇതിനോടകം വലിയ സമരം നടത്തി കഴിഞ്ഞു. യോഗത്തിന്റെ തീരുമാനം അനുസരിച്ച് ശക്തമായ പ്രക്ഷോഭവും മറ്റു നീക്കങ്ങളും നടത്താനാണ് തൊഴിലാളി സംഘടനകൾ നിശ്ചയിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry : GST Con­sol­i­da­tion of the Lot­tery the Min­is­te­r­i­al Meet­ing on Friday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.