ജിഎസ്ടി: നഷ്ടപരിഹാരം വൈകുന്നത് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു

Web Desk
Posted on October 09, 2017, 6:57 pm

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജിഎസ്ടി)യുടെ നഷ്ടപരിഹാരമായി നല്‍കേണ്ട തുക വൈകുന്നത് സംസ്ഥാനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. നഷ്ടപരിഹാര തുക രണ്ടു മാസത്തിലൊരിക്കല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ പോലും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് പല സംസ്ഥാനങ്ങളും.
റവന്യു വരുമാനത്തില്‍ കുറവുണ്ടാകുന്നപക്ഷം കേന്ദ്രത്തിന് ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്ന് നഷ്ടപരിഹാര തുക നല്‍കണമെന്നാണ് ചരക്കു സേവന നികുതി പ്രാബല്യത്തിലാക്കുമ്പോഴുണ്ടായിരുന്ന വ്യവസ്ഥ. എന്നാല്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങള്‍ക്കും നികുതി വരുമാനത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. അതിനനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നില്ലെന്നു മാത്രമല്ല, തുച്ഛമായ തുക നല്‍കുന്നതില്‍ കാലവിളംബവുമുണ്ടാകുന്നു. 14 ശതമാനം തുകയാണ് നഷ്ടപരിഹാരത്തിനായി നിശ്ചയിച്ചിരുന്നത്.
കര്‍ണാടകയ്ക്ക് രണ്ടു മാസത്തിനിടെ ലഭിച്ചത് കേവലം 1,189 കോടി രൂപയായിരുന്നു. എന്നാല്‍ ഇത് വികസന പദ്ധതികള്‍ നിത്യ ചെലവിന് പോലും തികയില്ലെന്നാണ് മന്ത്രി കൃഷ്ണ ബൈര്‍ പറയുന്നത്. സംയോജിത ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ടിയിരുന്ന രണ്ടുമാസത്തെ തുകയുടെ ഒരു ഭാഗം തമിഴ്‌നാട്ടിന് ലഭിച്ചത് കഴിഞ്ഞ മാസത്തിലായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതിയാണെന്നാണ് സംസ്ഥാന ധനവകുപ്പിലെ ഉന്നതന്‍ പ്രതികരിച്ചത്. ഇപ്പോള്‍ പ്രതിസന്ധിയില്ലെങ്കിലും കൃത്യമായി തുക ലക്ഷിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുമാനത്തില്‍ സംഭവിച്ച കുറവും കേന്ദ്രത്തില്‍ നിന്നുള്ളത് യഥാസമയം ലഭിക്കാത്തതും മൂലം പ്രമുഖ പദ്ധതികള്‍ നിര്‍ത്തലാക്കേണ്ട അവസ്ഥയിലാണെന്ന് തെലങ്കാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.