ജിഎസ്‌ടി വരുമാനം ഗണ്യമായി ഇടിഞ്ഞു

പ്രത്യേക ലേഖകൻ

 ന്യൂഡൽഹി

Posted on April 02, 2020, 9:41 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള സമ്പൂർണ ലോക്ഡൗണിൽ രാജ്യത്തെ ജിഎസ്‌ടി വരുമാനം ഗണ്യമായി ഇടിഞ്ഞു. മാർച്ച് മാസത്തെ കണക്കുകൾ പ്രകാരം ജിഎസ് ടി വരുമാനം 97,597 കോടി രൂപയായി കുറഞ്ഞു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വിൽപ്പനയിൽ ഉണ്ടായ കുറവാണ് ജിഎസ്‌ടി വരുമാനം ഗണ്യമായി കുറയുന്നതിനുള്ള മുഖ്യകാരണം.

2019 മാർച്ചിനെ അപേക്ഷിച്ച് ഇക്കുറി വരുമാനത്തിൽ എട്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മാരുതി കാറുകളുടെ വിൽപ്പന വൻതോതിൽ കുറഞ്ഞു. ടാറ്റാ മോട്ടോഴ്സിന്റെ വാഹന വിൽപ്പനയിൽ 87 ശതമാനം കുറവാണ് മാർച്ച് മാസത്തിൽ ഉണ്ടായത്. ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിലുള്ള കുറവ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്.

you may also like this video;

ഹ്യുണ്ടായ് കാറുകളുടെ വിൽപ്പനയിൽ 47 ശതമാനം കുറവുണ്ടായി. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വാഹന വിൽപ്പനയിൽ 88 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ജിഎസ് ടി വരുമാനത്തിൽ കേവലം 3.8 ശതമാനം വർധന മാത്രമാണ് രേഖപ്പെടുത്തിയത്. 2018–19ൽ 11,77,369 കോടി രൂപ ആയിരുന്നത് 12,22,131 കോടി രൂപയായി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജിഎസ് ടി വരുമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ 2020 കലണ്ടർ വർഷത്തിൽ ആഗോള വളർച്ചാനിരക്ക് നെഗറ്റീവ് സോണിലെത്തുമെന്നാണ് കഴിഞ്ഞ ദിവസം ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റിലിന ജോർജീവിയ പ്രതികരിച്ചത്.