സ്വന്തം ലേഖകൻ

ന്യൂഡൽഹി

January 16, 2020, 10:32 pm

ജി എസ് ടി വൻ പരാജയം

Janayugom Online

നികുതി ചോർച്ച തടയുമെന്നും വരുമാനം വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ച് മോഡി സർക്കാർ ആരംഭിച്ച ചരക്ക് സേവന നികുതി സംവിധാനത്തിൽ ( ജിഎസ് ടി ) വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട്. വ്യാജമായ സ്ഥാപനങ്ങളും രേഖകളും തയ്യാറാക്കി നികുതി ഒഴിവാക്കുന്നതും നികുതി റിട്ടേണുകൾ നേടുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്ന് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈൻ സംവിധാനത്തിലൂടെയുള്ള ഇടപാടുകൾ നടത്തുമ്പോൾ നികുതി ചോർച്ച പൂർണമായും ഇല്ലാതാക്കുമെന്നായിരുന്നു മോഡി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം നടത്തി ബിജെപി സർക്കാരിന്റെ ഒത്താശയോടെ തന്നെ കോടികളുടെ നികുതി വെട്ടിപ്പുകൾ നടത്തുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

2018–19 സാമ്പത്തിക വർഷത്തിൽ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 1600 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11,251 കോടി രൂപയുടെ ക്രമക്കേടുകൾ സംബന്ധിച്ച കേസുകളാണിത്. ഇതിൽ അഞ്ച് കേസുകളിൽ 13 കോടി രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജിഎസ്‌ടി സംവിധാനം നടപ്പാക്കി രണ്ട് വർഷത്തിനിടെ 6000 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 30 ശതമാനം കേസുകളിൽ മാത്രമാണ് പിഴ ഈടാക്കിയത്. ബാക്കിയുള്ള കേസുകളിൽ ഭൂരിഭാഗവും ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളുടെ ഫലമായി തുടർ നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് നികുതി വകുപ്പ് അധികൃതർ പറയുന്നു. ജിഎസ്ടി റീഫണ്ടുകളുമായി ബന്ധപ്പെട്ടും കോടികളുടെ തട്ടിപ്പുനടക്കുന്നു. സാങ്കേതിക സംവിധാനത്തിലെ പിഴവാണ് ഇതിനുള്ള മുഖ്യകാരണം. പരാതികൾ വ്യാപകമായതിനെ തുടർന്ന് ഓൺലൈൻ സംവിധാനത്തിലെ പിഴവുകൾ കണ്ടെത്തുന്നതിനായി പുതിയ സമിതിയെ സർക്കാർ രൂപീകരിച്ചു. അതിനിടെ നടപ്പ് സാമ്പത്തിക വർഷം ലക്ഷ്യമിട്ട ജിഎസ്ടി വരുമാനം കൈവരിക്കാൻ നിലവിലുള്ള സംവിധാനത്തിൽ കഴിയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

you may also like this video;

നടപ്പ് സാമ്പത്തിക വർഷം ജിഎസ്ടടി വരുമാനമായി 5.26 ലക്ഷം കോടിരൂപയാണ് ജിഎസ്ടി വരുമാന ലക്ഷ്യം. എന്നാൽ നവംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 3.28 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇക്കാര്യം സിഎജി റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇനിയുള്ള മാസങ്ങളിലെ നികുതി പിരിവിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് വിവിധ ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ വിലയിരുത്തുന്നു. നികുതി നൽകുന്നതുമുതൽ കേന്ദ്ര സർക്കാരിന്റെ ഖജനാവിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ ഓൺലൈൻ സംവിധാനം വഴി ക്രമീകരിക്കുമെന്നായിരുന്നു മോഡി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ വിവിധ ഘട്ടങ്ങളിൽ നികുതി ചോർച്ച ഉണ്ടായെന്ന് സെന്‍ട്രൽ ബോർഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് മുൻ അധ്യക്ഷൻ സുമിതി ദത്ത് മജുന്ദാർ പ്രതികരിച്ചു. കൂടാതെ നികുതി ചോർച്ച ഉണ്ടാകുന്ന ഘട്ടങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താൻ അധികൃതർക്ക് കഴിയാത്തതാണ് കോടികളുടെ നികുതി വെട്ടിപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം ഒരു വ്യക്തി 90 വ്യാജസ്ഥാപനങ്ങൾ സൃഷ്ടിച്ച് 7000 കോടി രൂപയുടെ ഇൻവോയിസ് നൽകി. ഇതിലൂടെ 700 കോടി രൂപയാണ് ജിഎസ്ടി റിട്ടേൺ ഇനത്തിൽ ലഭിച്ചത്. ഇക്കാര്യം സിബിഐസിയുടെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയെങ്കിലും തുടർ നടപടികൾ സ്വാകരിക്കാൻ കഴിഞ്ഞില്ല. നിയമ നടപടികൾ സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പ്രതികരിക്കാൻ ധനമന്ത്രാലയം തയ്യാറായില്ല. വ്യാജ ഇൻവോയിസുകൾ നൽകിയ സ്ഥാപനങ്ങൾക്ക് റിട്ടേണുകൾ നൽകാനും കഴിയാത്ത അവസ്ഥയുണ്ട്. തുക തിരികെ നൽകുന്നതിനായി ഓൺലൈൻ സംവിധാനത്തിലൂടെ നൽകിയിട്ടുള്ളത് വ്യാജ ബാങ്ക് അക്കൗണ്ടുകളാണ്. കയറ്റുമതി വ്യാപാര മേഖലയിലാണ് കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നത്. ഇവർ സർക്കാരിന് നൽകുന്ന മേൽവിലാസം ഉൾപ്പെടെ വ്യാജമാണ്. ഇവർ കോടികളുടെ നികുതി റിട്ടേണുകളാണ് അവകാശപ്പെടുന്നത്. എന്നാൽ തുലോം കുറഞ്ഞ തുകയാണ് ഇവർ ജിഎസ്ടി ഇനത്തിൽ നൽകിയിട്ടുള്ളതെന്നും ജിഎസ്ടി വകുപ്പ് അധികൃതർ പറയുന്നു. ഈ ഇനത്തിൽ മാത്രം 600 കോടിരൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry: GST is a big fail­ure.