Web Desk

ന്യൂഡൽഹി

July 30, 2020, 10:59 pm

ജിഎസ്ടി വിഹിതം: മലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ

Janayugom Online

കൊറോണ വ്യാപനം ഏൽപ്പിച്ച സാമ്പത്തിക പ്രഹരത്തിന് പിന്നാലെ സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്ന നിലപാടുമായി കേന്ദ്ര സർക്കാർ. ചരക്ക് സേവന നികുതിയിലെ (ജിഎസ്‌ടി) സംസ്ഥാന വിഹിതം ഇപ്പോഴത്തെ സ്ഥിതിയിൽ നൽകാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ കമ്പോളത്തിൽ സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള അനുമതി നൽകുമെന്നുമാണ് കഴിഞ്ഞ ദിവസം ധനമന്ത്രാലയം വ്യക്തമാക്കിയത്. ഇതിനായി അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ നിയമോപദേശവും തേടിയിരുന്നു.

എന്നാൽ ഇന്നലെ കേന്ദ്ര സർക്കാരും എജിയും ഒരുപോലെ മലക്കം മറിഞ്ഞു. ഈ മലക്കം മറിച്ചിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കും. ജിഎസ്‌ടി വരുമാനത്തിലെ കുറവ് നികത്താൻ കേന്ദ്ര ഖജനാവിൽ നിന്നും സംസ്ഥാനങ്ങൾക്ക് പണം നൽകണമെന്ന നിയമപരമായ ബാധ്യതയില്ലെന്നാണ് എജി ഇന്നലെ പറഞ്ഞത്. സംസ്ഥാനങ്ങൾ അവരുടെ ഉത്തരവാദിത്തത്തിൽ കമ്പോളത്തിൽ നിന്നും വായ്പ എടുക്കണം. അല്ലാതെ കേന്ദ്ര സർക്കാർ ഈട് നിൽക്കില്ല. ജിഎസ്‌ടി വിഹിതത്തിലെ കുറവ് നികത്തുന്നതിന് കമ്പോളത്തിൽ നിന്നും വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തിലാണ് കേന്ദ്ര സർക്കാർ നിയമോപദേശം തേടിയത്. ഒന്നുകിൽ കൂടുതൽ വസ്തുക്കളെ നികുതി പരിധിയിൽ ഉൾപ്പെടുത്തുക, നിലവിലുള്ളവയുടെ സെസ് വർധിപ്പിക്കുക, കമ്പോളത്തിൽ കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുക എന്നീ ഉപാധികളാണ് എജിയുടെ നിയമോപദേശത്തിൽ ഉണ്ടായിരുന്നത്. ഈ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം നടന്ന ജിഎസ്‌ടി കൗൺസിൽ ചർച്ച ചെയ്തിരുന്നു. കടമെടുക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഈടിൻമേൽ ആയിരിക്കുമെന്നായിരുന്നു ആദ്യ നിലപാട്. ഈ തുക സംസ്ഥാനങ്ങൾ നേരിട്ട് തിരിച്ച് നൽകുകയോ അല്ലെങ്കിൽ ഭാവിയിലെ ജിഎസ്‌ടി സംസ്ഥാന വിഹിതത്തിൽ നിന്നും ഈടാക്കുകയോ ചെയ്യാനായിരുന്നു എജിയുടെ നിയമോപദേശം. ഈ നിലപാടിൽ നിന്നാണ് എജി മലക്കം മറിഞ്ഞത്. ജിഎസ്‌ടി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടായ റവന്യൂ നഷ്ടം രണ്ട് മാസത്തിലൊരിക്കൽ ആദ്യ അഞ്ച് വർഷം നൽകുമെന്നാണ് ജിഎസ്‌ടി ചട്ടങ്ങൾ പറയുന്നത്. പ്രതിവർഷം നികുതി വരുമാനത്തിൽ ശരാശരി 14 ശതമാനം വർധന ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്‌ടി നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇതിന് പാർലമെന്റ് അനുമതി നൽകിയിരുന്നു. എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തി സംസ്ഥാനങ്ങളെ സാമ്പത്തികമായി പാപ്പരാക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ, മഹാമാരി എന്നിവയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ ബാധ്യസ്ഥരല്ല. ഇക്കാര്യം ജിഎസ്‌ടി ചട്ടങ്ങളിൽ ഇല്ലെന്നും എജിയുടെ നിയമോപദേശത്തിലുണ്ട്.