ജിഎസ്ടി സംവിധാനം പാളുന്നു വന്‍നികുതി വെട്ടിപ്പ്

Web Desk
Posted on May 04, 2018, 10:58 pm

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: നികുതിവെട്ടിപ്പ് തടയുമെന്ന് വീമ്പിളക്കി മോഡി സര്‍ക്കാര്‍ ആരംഭിച്ച ചരക്ക് സേവന നികുതി സംവിധാനം തുടക്കത്തിലേ പാളുന്നു. ജിഎസ്ടി സംവിധാനം തുടങ്ങി എട്ടുമാസം ആകുന്നതിനുമുമ്പ് 315.13 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. ഇതില്‍ 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് വ്യക്തമാക്കുന്നു.
അനൗദേ്യാഗിക കണക്കുകള്‍ പ്രകാരം നികുതി വെട്ടിപ്പ് 500 കോടിയിലധികം കഴിയുമെന്നാണ് നികുതി വിദഗ്ധര്‍ കരുതുന്നത്. എന്നാല്‍ ഏത് പഴുത് ഉപയോഗിച്ചാണ് നികുതിവെട്ടിപ്പ് നടത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതിലുള്ള അറിവില്ലായ്മയാണ് ഇതിനുള്ള മുഖ്യകാരണമെന്ന ഒളിച്ചോടല്‍ നയമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തികഞ്ഞ നിസംഗതയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം നികുതിവരുമാനം ഒരു ലക്ഷം കോടി കഴിഞ്ഞെങ്കിലും നികുതി വെട്ടിപ്പിനെത്തുടര്‍ന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് തടയാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ ജിഎസ്ടി അധികൃതര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് നികുതി ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. പുതുതായി ആരംഭിച്ച ഇ‑വേ ബില്‍ സംവിധാനവും കാര്യക്ഷമമല്ലെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.
നാഗ്പൂരില്‍ മാത്രം 50 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് അധികൃതര്‍ കണ്ടെത്തിയത്. ഡിജിറ്റല്‍ സംവിധാനം അവലംബിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നിലവിലുള്ള സംവിധാനത്തില്‍ അപാകതകള്‍ ഏറെയുണ്ടെന്ന ആക്ഷേപം സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ഉന്നയിച്ചിരുന്നു.
മുംബൈയില്‍ 40.83 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഇതില്‍ 6.8 ലക്ഷം രൂപ പിഴയും ചുമത്തി. 142 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. 9 സ്ഥാപനങ്ങളിലാണ് ഗുരുതരമായ നികുതിവെട്ടിപ്പ് കണ്ടെത്തിയതെന്ന് വാണിജ്യനികുതിവകുപ്പ് കമ്മിഷണര്‍ ജി ശ്രീനിവാസ് വ്യക്തമാക്കി. ന്യൂഡല്‍ഹി, ജയ്പൂര്‍, എന്നീ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളിലും ഗുരുതരമായ ക്രമക്കേട് കണ്ടെത്തി. യഥാര്‍ഥത്തില്‍ നടക്കുന്ന ഇടപാടുകള്‍ മറച്ചുവച്ച് ഇതിന്റെ മൂന്നിലൊന്ന് മാത്രം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിലപാടുകളാണ് വ്യവസായികള്‍ സ്വീകരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഉദേ്യാഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും വേണ്ടത്ര പരിജ്ഞാനമില്ലാത്തതും നികുതി ചോര്‍ച്ച കൂടുന്നതിന് കാരണമായി. കൂടാതെ ലഭ്യമാകുന്ന ഡാറ്റകള്‍ വിശകലനം ചെയ്യുന്നതിനും അധികൃതര്‍ക്ക് കഴിയുന്നില്ല.

സെസ്: കേരളം എതിര്‍ത്തു

തിരുവനന്തപുരം: പഞ്ചസാരക്ക് മൂന്ന് ശതമാനം സെസ് ഏര്‍പ്പെടുത്തുവാനും ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നതിന് രണ്ട് ശതമാനം നികുതിയിളവ് നല്‍കുന്നതിനുമുള്ള നിര്‍ദ്ദേശത്തെ ജിഎസ്ടി കൗണ്‍സിലില്‍ കേരളം എതിര്‍ത്തു. ഡിജിറ്റല്‍ പേയ്‌മെന്റ് നികുതിയിളവ് നിര്‍ദ്ദേശത്തെ കേരളത്തെ കൂടാതെ പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളും എതിര്‍ത്തതോടെ ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മന്ത്രിമാരുടെ ഒരു സമിതിയെ നിയോഗിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മന്ത്രി ടി എം തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചസാരക്ക് മാത്രമായി സെസ് ഏര്‍പ്പെടുത്താതെ കേരളത്തിലെ റബ്ബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ക്കും അധിക സെസ് ഏര്‍പ്പെടുത്തി ആ തുക കര്‍ഷകര്‍ക്ക് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു.
കേരളത്തിന് പുറമേ തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് ഒരുവര്‍ഷം കൂടി കഴിയുമ്പോള്‍ പുതിയ സംവിധാനം വരുമെന്ന് മന്ത്രി അറിയിച്ചു.