കനിവ് ആംബുലന്‍സിന്റെ വെെദ്യസഹായം; അതിഥി തൊഴിലാളിയായ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം

Web Desk

കാസർഗോഡ്

Posted on September 17, 2020, 11:36 am

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി കുടുംബത്തിലെ യുവതിക്ക് കനിവ് 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ ഓട്ടോറിക്ഷയിൽ സുഖപ്രസവം. ഉത്തർപ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ സറീന (24) ആണ് ഓട്ടോറിക്ഷക്ക് ഉള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ സറീനയുമായി ഓട്ടോറിക്ഷയിൽ സ്വകാര്യ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ ഐങ്ങോട്ട് എന്ന സ്ഥലം എത്തുമ്പോഴേക്കും സറീനയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്ന് ഇതുവഴി വന്ന മറ്റൊരു ഓട്ടോറിക്ഷക്ക് കൈകാണിച്ചു ഇവർ സഹായം അഭ്യർഥിച്ചു. ഈ ഓട്ടോറിക്ഷയിലെ ഡ്രൈവറായ റിയാസ് ഉടനടി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.

തിരുവനന്തപുരം ടെക്നോപാർക്കിലെ എമർജൻസി റെസ്പോൺസ് സെന്ററിൽ 9.20നാണ് ഫോൺ വിളി എത്തുന്നത്. തുടർന്ന് കാനങ്ങാട് ജില്ലാ ആശുപത്രിക്ക് കീഴിൽ സേവനം നടത്തുന്ന കനിവ് 108 ആംബുലൻസിന് അത്യാഹിത സന്ദേശം കൈമാറി. ഉടൻ തന്നെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിനി തോമസ്, പൈലറ്റ് മിഥുൻ എന്നിവർ സ്ഥലത്തെത്തി. സിനിയുടെ പരിശോധനയിൽ സറീനയെ ഓട്ടോറിക്ഷയിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സഹചര്യമാണെന്ന് മനസിലാക്കിയതിനെ തുടർന്ന് ഓട്ടോറിക്ഷക്ക് ഉള്ളിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.

9.45 ന് ഓട്ടോറിക്ഷക്ക് ഉള്ളിൽ സിനിയുടെ വൈദ്യസഹായത്തിൽ സറീന കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുസ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റുകയും തുടർന്ന് കാനങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മുഹമ്മദ് സറീന ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ഇത്.

Eng­lish sum­ma­ry: Guest work­er gives birth in autorick­shaw

You may also like this video: