അതിഥി തൊഴിലാളികൾ മടങ്ങുന്നു; തൊഴിൽ രംഗത്ത് ആശങ്ക

Web Desk

കൊച്ചി

Posted on May 04, 2020, 7:25 pm

”മൂന്നു നേരവും മുടങ്ങാതെ ഭക്ഷണം, സൗജന്യ താമസം, വൈദ്യുതി, വെള്ളം എല്ലാം നല്‍കി സംരംക്ഷിച്ചിരുന്നവരാണ് അവരെല്ലാം. നാട്ടിലേക്ക് ട്രെയിന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവരെല്ലാം പോകാന്‍ തയ്യാറായി വന്നു. തടയാന്‍ പറ്റില്ല. അവര്‍ക്കും കുടുംബവും ബന്ധുക്കളും എല്ലാമുണ്ട്. പക്ഷേ സര്‍ക്കാര്‍ സംരക്ഷിക്കുന്ന അസംഘടിത മേഖലയില്‍ പണി ചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളികളെയും വ്യവസായ മേഖലകളില്‍ പണിയെടുത്തിരുന്ന, സര്‍ക്കാരില്‍ നിന്നും സഹായമില്ലാതെ സംരംഭകര്‍ സംരംക്ഷിച്ചിരുന്ന അതിഥി തൊഴിലാളികളില്‍ അത്യാവശ്യക്കാരെയും ആദ്യഘട്ടത്തില്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. ഇതിപ്പോ കമ്പനി തുറക്കാമെന്നായപ്പോള്‍ പണിക്കാരില്ലാതെയായി,” എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശത്തെ ചെറുകിട മത്സ്യവിഭവ കയറ്റുമതി സംരംഭകന്‍ തന്റെ അവസ്ഥ വിവരിക്കുന്നതിങ്ങനെ.

സംസ്ഥാനത്തുനിന്ന് അതിഥി തൊഴിലാളികളെ തീവണ്ടി മാര്‍ഗ്ഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ കേരളത്തിലെ സംരംഭകര്‍ സ്വന്തം പണം മുടക്കി സംരക്ഷിച്ചിരുന്നവര്‍ ആദ്യഘട്ടത്തിലേ തിരിച്ചുപോകാന്‍ തയ്യാറെടുക്കുകയാണ്. ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ച് പല സംരംഭകരും പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്നത് ഇവരെ പ്രതിസന്ധിയിലാക്കുന്നു. നാട്ടിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവരെ മാത്രം മടക്കി അയച്ചാല്‍ മതി, നിര്‍ബന്ധിച്ച് ആരെയും മടക്കി അയക്കേണ്ട എന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യവസായ മേഖലകളിലെ സംരംഭകര്‍ക്ക് തൊഴിലാളികളോട് തീവണ്ടികളുടെ വിവരം പറയാതിരിക്കാനാവില്ല.

you may also like this video;

അതോടെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട്, ചെറുകിട സംരംഭകര്‍ സംരംക്ഷിക്കുന്നവര്‍ പോലും പോകാന്‍ തയ്യാറാകും. അവരെ തടയാനും സംരംഭകര്‍ക്ക് സാധിക്കില്ല. ഉദാഹരണത്തിന് കെട്ടിട നിർമാണ മേഖലയിൽ ജോലിചെയ്തിരുന്ന 400 അതിഥി തൊഴിലാളികളില്‍ ആദ്യം നാട്ടില്‍ പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് 50 ഓളം പേരായിരുന്നു. പക്ഷേ ഒരു രാത്രി കടന്നുപോയപ്പോള്‍ എണ്ണം 200 ആയി. ”ആരും പോകരുതെന്ന് പറയുന്നില്ല. പക്ഷേനിർമ്മാണം പുനരാരഭിക്കുമ്പോൾ എല്ലാവരും കൂട്ടത്തോടെ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഞങ്ങള്‍ പിന്നെങ്ങനെ പ്രവര്‍ത്തിക്കും,” ബിൽഡർമാർ പറയുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംരംഭകര്‍ കൊണ്ടുവന്ന് താമസിപ്പിച്ച് ജോലി ചെയ്യിക്കുന്ന അതിഥി തൊഴിലാളികള്‍ പൊതുവേ നാട്ടില്‍ തിരിച്ചുപോകുമ്പോഴാണ് വേതനം കണക്കുപറഞ്ഞ് തീര്‍ക്കുന്നത്. പലര്‍ക്കും അത് നല്‍കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ പലരും തൊഴിലുടമയോട് അഡ്വാന്‍സ് തുക ചോദിക്കുന്നുണ്ട്. തിരിച്ചെത്തുമ്പോള്‍ കണക്കു പറയാമെന്നാണ് അവരുടെ വാദം. നാല്‍പ്പതുദിവസത്തോളമായി പൂട്ടികിടക്കുന്ന വ്യവസായ സ്ഥാപനളിലെ ഉടമകൾക്ക് ഈ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല.