October 6, 2022 Thursday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍, ആളുകള്‍ കൂടുന്നത് ഒഴിവാക്കണം

Janayugom Webdesk
തിരുവനന്തപുരം
September 29, 2020 1:15 pm

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഗുരുതര സാഹചര്യത്തെ ആരോഗ്യ അടിയന്തിരാവസ്ഥയായി പരിഗണിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ഐഎംഎ . ശാരീരിക അകലം പാലിക്കുക, മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കുക, കൈകള്‍ സോപ്പിട്ടു കഴുകുക, സാനിടൈസര്‍ ഉപയോഗിക്കുക, തുടങ്ങി രോഗപ്രതിരോധത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കര്‍ശന നടപടികളിലൂടേ നടപ്പാക്കി ജനങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇടുങ്ങിയ മുറികളില്‍ കൂടുതല്‍ സമയം ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. പൊതുജനങ്ങള്‍ക്കിടയില്‍ ഈ കാര്യങ്ങളില്‍ വന്നിട്ടുള്ള ഉപേക്ഷ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

 രോഗ വ്യാപനം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍;

ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കുക :

ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക മാത്രമാണ് സമ്പര്‍ക്കവ്യാപനം നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗം. ദിനംപ്രതി ഒരു ലക്ഷം ടെസ്റ്റുകള്‍ എങ്കിലും ആവശ്യമാണ്. സാക്ഷരതയും ആരോഗ്യ സാക്ഷരതയും നല്ല നിലയിലുള്ള നമ്മുടെ സംസ്ഥാനത്ത് ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായേ തീരൂ. ടെസ്റ്റുകള്‍ കുറവായ ഈ ഘട്ടത്തില്‍ പോലും രോഗാതുരതയില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ തലത്തില്‍ നടത്തിയ പഠനങ്ങളിലും നമ്മുടെ സംസ്ഥാനം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി കാണുന്നു.

സാമൂഹിക നിയന്ത്രണങ്ങള്‍ :

ശക്തമായ സാമൂഹിക നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടതുണ്ട്. ജോലി സ്ഥലത്ത് പോകാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും മാത്രമേ വീടിന് പുറത്ത് ഇറങ്ങാവൂ. അല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. സുഹൃത്, ബന്ധു സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. നാം ഓരോരുത്തരും വൈറസ് ബധിതരാവാനും മറ്റുള്ളവരിലേക്ക് രോഗം പരത്തുവാന്‍ സാധ്യതയുള്ളവരാണെന്നും മനസ്സിലാക്കി സൂക്ഷ്മതയോടെ പെരുമാറണം. റിവേഴ്‌സ് ക്വാറന്റയിനില്‍ ഉള്ള വയോജന ങ്ങള്‍ക്കും കുട്ടികള്‍ക്കും രോഗം വരാതെ നോക്കണം. ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥ ഉണ്ടാകാനേ പാടില്ല. മീറ്റിങ്ങുകള്‍, ആഘോഷങ്ങള്‍, പ്രക്ഷോഭങ്ങള്‍, പ്രകടനങ്ങള്‍, ചടങ്ങുകള്‍ ഇവയെല്ലാം കൂടുതല്‍ ആളുകള്‍ സംബന്ധിക്കുന്നതാകയാല്‍ കര്‍ശനമായി നിയന്ത്രിച്ചേ പറ്റൂ. ഇവിടങ്ങളില്‍ ശാരീരിക അകലം പാലിക്കപ്പെടുന്നില്ല എന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ. ആരാധനാലയങ്ങളും സ്‌കൂളുകളും രോഗവ്യാപന ത്തിന് ശമനം ആകാതെ തുറക്കരുത്.

മാളുകള്‍, മാര്‍ക്കറ്റുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഐ.എം.എ. വളരെ നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു, ഇത് അടിയന്തിരമായി പ്രാവര്‍ത്തികമാക്കുക. ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയിന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. ആളുകളുടെ പോക്കുവരവ്, ഇടപഴകല്‍, കൂട്ടംകൂടല്‍ എല്ലാം നിയന്ത്രണ വിധേയമാക്കണം. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ലൈസന്‍സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കേണ്ടതും അതിന് അനുസൃതമായി പ്രവര്‍ത്തി ക്കേണ്ടതുമാണ്. ഇതെല്ലാം നടപ്പിലാക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നായകര്‍ മുന്നിട്ടിറങ്ങണം, റോള്‍ മോഡലുകളായി. ഇത് ഇന്നിന്റെ അനിവാര്യതയാണ്.

ഓഫീസുകളിലെ ഹാജര്‍ :

ഓഫീസുകളിലും മറ്റു ജോലി സ്ഥലങ്ങളിലും ഹാജരാവുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരണം. മുഴുവന്‍ പേരും വരേണ്ട ആവശ്യമില്ല. അന്‍പതു ശതമാനമോ അതില്‍കുറവോ മതി. പൊതു ഗതാഗത സംവിധാനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി മാത്രമേ അനുവദിക്കാവൂ.

ഇതെല്ലാം ചെയ്യുമ്പോഴും ഈ നിബന്ധനകള്‍ പൊതുജനം അനുസരിക്കുന്നു എന്നും ഉറപ്പുവരുത്തണം. അതിനായി സര്‍ക്കാര്‍/സര്‍ക്കാരിതര ഉദ്യോഗസ്ഥരുടെ സഹായം തേടാം, പ്രത്യകിച്ചും ഹാജര്‍ നില നിയന്ത്രിക്കുന്ന സാഹചര്യത്തില്‍.

ഹോം ഐസോലേഷന്‍ :

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റിവ് രോഗികളെ വീടുകളില്‍ ഐസോലേറ്റ് ചെയ്യാം, പക്ഷേ അവര്‍ക്ക് ദൈനംദിന വൈദ്യ സഹായം ഉറപ്പുവരുത്തണം. രോഗം പ്രവചിക്കാന്‍ പറ്റാത്ത തലങ്ങളിലേക്ക് പോകാന്‍ സാധ്യത ഉള്ളതിനാല്‍.

സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ കോവിഡ് ചികിത്സ ആരംഭിച്ച സാഹചര്യത്തില്‍ ഓരോ ജില്ലയിലും അതതു സമയങ്ങളില്‍ ലഭ്യമായ/ഒഴിവുള്ള കിടക്കകള്‍/ഐ.സി.യു/ വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണം (റിയല്‍ ടൈം ഡാറ്റ) അടിയന്തിരമായി വെബ് സൈറ്റില്‍ ലഭ്യമാക്കണം. ഇതുവരെ ചികിത്സിക്കപ്പെട്ട കോവിഡ് രോഗികളില്‍ അഞ്ഞൂറ് പേരുടെ ഡാറ്റ മാത്രമേ വിശകലനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഇതിനകം നിരവധി തലത്തില്‍ വിശകലനം നടത്തേണ്ടിയിരുന്ന ഈ ഡാറ്റ പ്രൊഫഷണല്‍ സംഘടനകള്‍ക്ക് ലഭ്യമാക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ പഠനങ്ങള്‍ നടന്നേനെ. ഈ അറിവുകള്‍ മെഡിക്കല്‍ സമൂഹത്തിനും വിദഗ്ദ്ധര്‍ക്കും ലഭ്യമാക്കി മുന്നോട്ടുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

കോര്‍ഡിനേഷന്‍ കമ്മിറ്റി :

കോവിഡ് മഹാമാരി നിയന്ത്രണത്തിന് ഐ.എം.എ. പോലെയുള്ള പ്രൊഫഷണല്‍ സംഘടനകളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ശാസ്ത്രീയ അഭിപ്രായ സമന്വയത്തിലൂടെ മുന്നോട്ട് പോകേണ്ടതുണ്ട്.

ഏകോപനത്തിലെ അപാകത :

ശാസ്ത്രീയമായ ഏകോപനത്തിന്റെ അഭാവം സ്ഥിതിഗതികള്‍ ഗുരുതര മാക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് പറയേണ്ടി വരും, വകുപ്പുകള്‍ തമ്മില്‍ പോലും. കോവിഡ് പോലെയുള്ള മഹാമാരി നേരിടുമ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ആണ് നടപ്പിലാക്കേണ്ടത്. രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങളേക്കാളും രോഗവ്യാപനം തടയാനാണ് മുന്‍ഗണന വേണ്ടത്. നാട്ടിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രഥമ കര്‍ത്തവ്യം.

ആരോഗ്യ രംഗത്തെ വിദഗ്ദ്ധരെ, സംഘടനകളെ ഉള്‍പ്പെടുത്താതെ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാതെ, അവരെ വിശ്വാസത്തില്‍ എടുക്കാതെ ഒരു മാഹമാരിയെ നേരിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധിയിലാണ് ഇന്ന് നാം. അടിയന്തിരമായി ഇതിന് പരിഹാരം കണ്ട് ത്വരിത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായേ പറ്റൂ. നാട്ടിലെ ഓരോ പൗരനും രോഗപ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കും എന്ന ദൃഢപ്രതിജ്ഞയോടെ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ മുന്നേറാം.

Eng­lish sum­ma­ry: guide­lines by Indi­an Medi­a­cal association

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.