Sunday
17 Nov 2019

പ്രളയാനന്തരം കാര്‍ഷിക മേഖലയില്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍

By: Web Desk | Tuesday 20 August 2019 1:06 PM IST


സംസ്ഥാനത്തെ കാര്‍ഷികമേഖലയെ തകര്‍ത്ത പ്രളയം. കാര്‍ഷികരംഗത്ത് വന്‍ നാശനഷ്ടങ്ങള്‍ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ ചിരസ്ഥായിയായ വിളകളെ രക്ഷിക്കുവാനും അടുത്ത വിളവെടുക്കുവാനും നാം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കൃഷിയിലൂടെ മാത്രമേ കാര്‍ഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാവുകയുളളൂ. ഈ വേളയില്‍ കാര്‍ഷിക രംഗത്ത് പൊതുവില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ കര്‍ഷകര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍
വെളളം ഇനിയും ഒഴിഞ്ഞുപോകാതെ വൃക്ഷത്തടങ്ങളില്‍ കെട്ടിക്കിടക്കുന്നുവെങ്കില്‍ ചെറു ചാലുകള്‍ എടുത്ത് വെളളം ഒഴുകി പോകാന്‍ അനുവദിക്കുക.
കെട്ടിക്കിടക്കുന്ന ചെളി കട്ടപിടിച്ച് മണ്ണിലെ വായുസഞ്ചാരം പൂര്‍ണമായി തടസപ്പെടാന്‍ ഇടയാക്കാതെ, അത് ഇളക്കി മാറ്റുകയോ, കൊത്തിക്കിളച്ചു കൊടുക്കുകയോ വേണം.
വളരെ കൂടിയ അളവില്‍ ചെളി കെട്ടിക്കിടക്കുന്ന കൃഷി ഭൂമിയില്‍ സെന്റിന് ഒരു കിലോഗ്രാം എന്ന തോതില്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് മണ്ണില്‍ വിതറിക്കൊടുക്കേണ്ടതാണ്.
മിക്കവാറും കൃഷിഭൂമികളില്‍ നിന്നു പൊട്ടാഷ് ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വിളകള്‍ക്ക് പൊട്ടാഷ് വളങ്ങള്‍ ഇടുക.
അടുത്ത വിളയ്ക്കു മുന്‍പായോ, ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെയോ മണ്ണുപരിശോധന നടത്തേണ്ടതാണ്. അതിന്‍പ്രകാരമുളള പരിപാലനമുറകള്‍ അവലംബിക്കേണ്ടതാണ്.
വിളസംരക്ഷണം
തുടര്‍ച്ചയായുളള മഴമൂലം വിളകളില്‍ കുമിള്‍ രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ഇതില്‍ ഫെറ്റോഫ്‌തോറ കുമിളിന്റെ ആക്രമണം പ്രതേ്യകം ശ്രദ്ധിക്കുക. ഗുരുതരമായി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും മറ്റുളളവയില്‍ രോഗം പടരുന്നത് തടയാനായി നീര്‍വാഴ്ചയും വായുസഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യണം. രോഗബാധ ഇനിയും ഉണ്ടാകാത്ത വിളകളില്‍ സ്യൂഡോമോണിസ്, ട്രൈക്കോഡര്‍മ എന്നീ ജൈവസസ്യ സംരക്ഷണ ഉപാധികള്‍ സ്വീകരിക്കേണ്ടതാണ്.

വിളകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
1. നെല്ല്
പ്രളയത്തെ ചെറുത്തുനിന്ന നെല്‍പ്പാടങ്ങളില്‍ താഴെ പറയുന്ന പരിപാലന മുറകള്‍ അടിയന്തരമായി ചെയ്യേണ്ടതാണ്.
ചെനപ്പ് പൊട്ടിക്കൊണ്ടിരിക്കുന്ന പ്രായമെങ്കില്‍ ഏക്കര്‍ ഒന്നിന് 30 കിലോ യൂറിയ, 10 കിലോ പൊട്ടാഷ് എന്നിവ വിതറിക്കൊടുക്കണം. വരണ്ട കാലാവസ്ഥയുള്ള സാഹചര്യത്തില്‍ മണ്ഡരിയുടെ ആക്രമണത്തിന് സാധ്യതയുണ്ട്. കൂടാതെ പോളകരിച്ചില്‍, ബാക്ടീരിയ മൂലമുള്ള ഇലകരിച്ചില്‍ മുതലായ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രതിവിധിയായി പോളരോഗത്തിനു ട്രൈഫ്‌ലോക്ക്‌സിസ്‌ട്രോബിനും ടെബുകൊനസോളും (0.4 മില്ലിലിറ്റര്‍) എന്ന തോതില്‍ തളിക്കേണ്ടതാണ്. ബാക്റ്റീരിയ മൂലമുള്ള ഇല കരിച്ചിലിനു ചാണകവെള്ളത്തിന്റെ തെളി രണ്ട് ശതമാനം (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളി) സ്‌പ്രേ ചെയ്യുക.
2. കുരുമുളക്
കൊടിയുടെ കടഭാഗത്തെ വെള്ളം നല്ലവണ്ണം വാര്‍ത്ത് കളഞ്ഞ്, ചെടി ഒന്നിന് അരകിലോ വീതം കുമ്മായം വിതറിക്കൊടുക്കേണ്ടതാണ്.
കുമ്മായം ഇട്ട് രണ്ടാഴ്ചക്കു ശേഷം ചെടി ഒന്നിന് പത്തു കിലോ എന്ന തോതില്‍ ജൈവ വളം നല്‍കേണ്ടതാണ്. ശുപാര്‍ശ ചെയ്തിട്ടുള്ള എന്‍പികെ വളങ്ങള്‍ 50:50:200 എന്ന തോതില്‍ നല്‍കേണ്ടതാണ്.
മേല്‍പറഞ്ഞ വളങ്ങള്‍ ഒരു വര്‍ഷം പ്രായമായ വള്ളികള്‍ക്ക് മൂന്നില്‍ ഒരു ഭാഗവും, രണ്ടുവര്‍ഷം പ്രായമായവയ്ക്കു മൂന്നില്‍ രണ്ടു ഭാഗവും, മൂന്നുവര്‍ഷവും അതിനുമുകളിലും പ്രായമായവയ്ക്ക് മുഴുവന്‍ അളവിലും നല്‍കേണ്ടതാണ്.
ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യത്തില്‍ ചെടികളില്‍ സ്‌പ്രേ ചെയ്യണം. കൂടാതെ കോപ്പര്‍ ഓക്‌സിക്ലോറൈഡ് ചെടികളുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കണം. കേടുവന്ന താങ്ങുകള്‍ക്കു താങ്ങായി ശീമക്കൊന്ന നട്ടുകൊടുക്കാവുന്നതാണ്.
സൂക്ഷ്മ മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള വളങ്ങള്‍ ശുപാര്‍ശ പ്രകാരം നല്‍കാാ്വുന്നതാണ്.
3. ജാതി
• ഇലകളില്‍ ചെളി അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ വെള്ളം സ്‌പ്രേ ചെയ്ത് ചെളികളയാന്‍ സാധിക്കുമെങ്കില്‍ നന്നായിരിക്കും.
• മരങ്ങളുടെ കടഭാഗത്ത് അടിഞ്ഞുകൂടിയ ചെളി നീക്കി തടം ചെറുതായി ഇളക്കിക്കൊടുത്ത് വായുസഞ്ചാരം ഉറപ്പു വരുത്തണം.
• ചെടികളുടെ കടഭാഗത്ത് കുമ്മായം 250-500 ഗ്രാം ചെടി ഒന്നിന് എന്ന തോതില്‍ വിതറിക്കൊടുക്കണം.
• ഇല പൊഴിച്ചില്‍/ഇലപുള്ളി രോഗം ഉണ്ടെങ്കില്‍ 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് തളിച്ചു കൊടുക്കണം.

4. വാഴ
ചെടികളുടെ കടഭാഗത്ത് വന്നടിഞ്ഞ ചെളി ഇളക്കിമാറ്റി മണ്ണ് നല്ലവണ്ണം ഇളക്കിക്കൊടുക്കേണ്ടതാണ്.
ഇതിനു ശേഷം വാഴയ്ക്ക് ചുറ്റും മണ്ണ് കയറ്റി കൊടുക്കാവുന്നതാണ്.
കേടുവന്ന ഇലകള്‍ മുറിച്ചുമാറ്റേണ്ടതാണ്. 13:0:45 എന്ന വളം 5 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്തുകൊടുക്കണം. രണ്ടാഴ്ചക്കു ശേഷം ജൈവ വളങ്ങള്‍ നല്‍കണം.
ഇലപുള്ളി രോഗം, പനാമ വാട്ടം, മാണം അഴുകല്‍ മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇലപുള്ളി രോഗത്തിന് 0.4 ശതമാനം വീര്യത്തില്‍ മാങ്കോസേബ് എന്ന കുമിള്‍ നാശിനി പശ ചേര്‍ത്ത് തളിച്ചു കൊടുക്കാവുന്നതാണ്. 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികൊനാസോള്‍ എന്ന കുമിള്‍നാശിനി രോഗം വര്‍ധിച്ചു വരുന്ന സാഹചര്യം ഉണ്ടെങ്കില്‍ തളിച്ചു കൊടുക്കണം. പനാമ വാട്ടം വന്ന വാഴകള്‍ക്ക്് 0.2 ശതമാനം വീര്യത്തില്‍ കാര്‍ബെന്‍ഡാസിം അല്ലെങ്കില്‍ 0.1 ശതമാനം വീര്യത്തില്‍ പ്രൊപ്പികൊനാസോള്‍ കുമിള്‍ നാശിനി കടഭാഗത്ത് ഒഴിച്ചു കൊടുക്കണം.
മാണം അഴുകല്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ചു ഒഴിച്ച് കൊടുക്കാവുന്നതാണ്.
5. തെങ്ങ്
തെങ്ങിന് കൂമ്പ് ചീയല്‍ രോഗം രൂക്ഷമായി വരാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച തെങ്ങുകള്‍ വൃത്തിയാക്കിയതിനു ശേഷം 10 ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം പുരട്ടണം. 0.1 ശതമാനം വീര്യത്തില്‍ തളിച്ച് കൊടുക്കുകയും ചെയ്യണം. ഇലകരിച്ചില്‍, കമുകിന്റെ മഹാളി, തേങ്ങ പൊഴിച്ചില്‍ തുടങ്ങിയ കുമിള്‍ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം 10 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊടുക്കുന്നത് ഫലപ്രദമാണ്.
6. കമുക്
പ്രധാനമായും മഹാളി രോഗമാണ് കാണാന്‍ സാധ്യത. ബോര്‍ഡോ മിശ്രിതം 1 ശതമാനം വീര്യത്തില്‍ തളിച്ച് കൊടുക്കുന്നത് രോഗത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

7. ഏലം
ആവശ്യത്തില്‍ കൂടുതല്‍ തണല്‍ ഉണ്ടെങ്കില്‍ അത് നിയന്ത്രിച്ചു കൊടുക്കുന്നത് അഴുകല്‍ രോഗത്തെ തടയാന്‍ ഫലപ്രദമാണ്. രോഗം ബാധിച്ച ചെടികളില്‍ 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് തളിച്ചു കൊടുക്കുകയും കടഭാഗത്ത് ഒഴിച്ച് കൊടുക്കുകയും ചെയ്യണം. കടചീയല്‍ രോഗത്തിനും ഈ മരുന്ന് ഫലപ്രദമാണ്.

8. പച്ചക്കറി
ഒച്ച് വര്‍ഗത്തില്‍പ്പെട്ട കീടങ്ങള്‍ ഈര്‍പ്പം കൂടുന്ന മുറയ്ക്ക് അപകടകാരികള്‍ ആയി മാറാന്‍ സാധ്യതയുണ്ട്. ഇവയെ നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് രാത്രികാലങ്ങളില്‍ ആകര്‍ഷിച്ച് പിടിച്ചെടുത്തു ഉപ്പു ലായനിയില്‍ ഇട്ടു നശിപ്പിച്ചു കളയാം. വെള്ളരി വര്‍ഗ പച്ചക്കറികളില്‍ ഇലപുള്ളിയും തുടര്‍ന്ന് ഇല കരിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാന്‍ സൈമോക്‌സില്‍ + മാങ്കോസേബ് (0.3 ശതമാനം) തളിച്ച് കൊടുക്കണം. 0.3 ശതമാനം വീര്യത്തില്‍ മാങ്കോസേബ് എന്ന കുമിള്‍നാശിനി തളിച്ച് കൊടുത്താല്‍ വഴുതനയുടെ കായ്ചീയല്‍, വെണ്ടയുടെ ഇലപുള്ളി രോഗം മുതലായവയെ നിയന്ത്രിക്കാം. പയറിന്റെ കടചീയല്‍, ഇലപുള്ളി രോഗം മുതലായവയും നിയന്ത്രിക്കുന്നതിനായി മാങ്കോസേബ്+ കാര്‍ബെചന്ഡാനസിം (0.2 ശതമാനം) വീര്യത്തില്‍ തളിച്ചുകൊടുക്കണം.

9. പോളി ഹൗസ് വിളകള്‍
പോളിഹൗസുകള്‍ക്ക് കേടുപാടുകള്‍ വന്നിട്ട് കീടങ്ങള്‍ അകത്തു പ്രവേശിക്കുവാന്‍ സാധ്യതയുണ്ട്. പ്രധാനമായും ഇല തിന്നു നശിപ്പിക്കുന്ന പുഴുക്കളുടെ ആക്രമണം പ്രതീക്ഷിക്കാം. ഫഌബെന്‍ഡയാമിഡ് 2 മില്ലി/10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ ഇവയെ നിയന്ത്രിക്കാം.

Related News