20 April 2024, Saturday

സുധീഷ് പയ്യോളിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

Janayugom Webdesk
കോഴിക്കോട്
January 19, 2023 9:03 pm

6000 മിഠായികളുടെ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് 15.75 ചതുരശ്രമീറ്ററിൽ മൊസൈക്ക് ചിത്രം നിർമ്മിച്ചതിന് കോഴിക്കോട് ജില്ലക്കാരനായ സുധീഷ് പയ്യോളിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ലാര്‍ജസ്റ്റ് കാന്‍ഡി/സ്വീറ്റ് റാപ്പര്‍ മൊസൈക് കാറ്റഗറിയാലാണ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. ജപ്പാൻകാരനായ മോസ് ബർജർ കിയോക്കയുടെ പേരിലുണ്ടായിരുന്ന 14.82 ചതുരശ്രമീറ്ററിന്റെ റെക്കോർഡാണ് രണ്ട് വർഷത്തെ പരിശ്രമത്തിലൂടെ സുധീഷ് മറികടന്നത്. മൊസൈക് വിഭാഗത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റാണിത്.

67 വർഷം പിന്നിടുന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിൽനിന്ന് ഗിന്നസ് നേട്ടം കൈവരിക്കുന്ന 58-ാമത്തെ വ്യക്തിയാണ് സുധീഷ്. 2022 ജൂലൈ 28ന് വൈകുന്നേരം 3.17ന് ആരംഭിച്ച് 29 പുലർച്ചെ 1.30 വരെ 10 മണിക്കൂറും 17 മിനിറ്റും എടുത്താണ് അക്വേറിയത്തിലെ സ്വർണമത്സ്യത്തിന്റെ മോക് ചിത്രം സുധീഷ് പൂർത്തീകരിച്ചത്. ചിത്രത്തിന്റെ നിർമ്മാണത്തിന് സാക്ഷികളായി എത്തിയവർക്ക് വിവിധ വർണ്ണക്കടലാസുകളിലായുള്ള 6000 മിഠായികൾ നൽകി അതിന്റെ കവറുകൾ ശേഖരിച്ച് അതിൽ പശ ചേർത്ത് ക്യാൻവാസിൽ ഒട്ടിച്ചുകൊണ്ടാണ് ഗിന്നസ് റെക്കോർഡ് പരിശ്രമം പൂർത്തീകരിച്ചത്.

2021ൽ കോവിഡ് വിഷയമായുള്ള പെയിന്റിങ്ങും ഏറ്റവും കൂടുതൽ (86) ഇനം കുരുമുളക് ചെടികളുടെ ശേഖരണവും നടത്തി യുആർഎഫ് റെക്കോർഡ് നേട്ടം കൈവ രിച്ചിട്ടുള്ള സുധീഷ് പയ്യോളി, ന്യൂമാഹി എംഎം ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ്. ചിത്രകലയിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി സ്റ്റേജ് ഹിപ്നോട്ടിസം മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീജിഷയാണ് ഭാര്യ. മക്കൾ: ഋതുനന്ദ്, തേജ്വൽ.

Eng­lish Sum­ma­ry: Guin­ness World Record for Sud­heesh Payoli
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.