ഭാവ്‌നഗറിലുണ്ട് വ്യത്യസ്തനാം ഒരു ഗോരക്ഷകന്‍

Web Desk
Posted on August 21, 2019, 1:48 pm

അഹമ്മദാബാദ്: സംഘംചേര്‍ന്ന് ആയുധങ്ങളുമായി ആക്രോശിച്ചുകൊണ്ട് ഓടിയടുക്കുന്ന ഗോരക്ഷകരുടെ രാജ്യത്ത് ഒരാള്‍ മാത്രം വ്യത്യസ്തനാകുന്നു. ഗോരക്ഷകര്‍ എന്ന വാക്ക് ഭയപ്പെടുത്തുന്നതായി മാറിയിരിക്കുമ്പോള്‍ പശുക്കളെയും മറ്റ് മൃഗങ്ങളെയും രക്ഷിക്കുന്നതിനായി നിശബ്ദനായി പ്രവര്‍ത്തിക്കുകയാണ് ധവാല്‍ രാജ്യഗുര.

ജന്മനാടായ ഗുജറാത്ത് ഭാവ്‌നഗറിലെ സിഹോറാണ് ധവാലിന്റെ പ്രവര്‍ത്തന മേഖല. തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ മാലിന്യക്കൂമ്പാരങ്ങളിലുള്ള ബ്ലേഡുകളും മറ്റ് ലോഹക്കഷണങ്ങളും തിന്ന് അപകടത്തില്‍പ്പെടാതിരിക്കാനുള്ള ധവാലിന്റെ ശ്രമം ഏറെ വിജയത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.

അല്‍പംപോലും ആലോചന കൂടാതെ വലിച്ചെറിയുന്ന ബ്ലേഡുകള്‍, ചില്ലുകഷണങ്ങള്‍, ലോഹക്കഷണങ്ങള്‍, പൊട്ടിയ ബള്‍ബുകള്‍, സിറിഞ്ചുകള്‍ തുടങ്ങിയ വസ്തുക്കള്‍ പശുക്കളടക്കമുള്ളവയുടെ ജീവന്‍തന്നെ അപകടത്തിലാക്കുകയാണെന്ന തിരിച്ചറിവിലായിരുന്നു തുടക്കമെന്ന് ദ സ്‌റ്റേറ്റ്‌സ്മാന്‍ പത്രത്തോട് ധവാല്‍ പറഞ്ഞു.

ഗുജറാത്ത് വൈദ്യുതി ബോര്‍ഡിലെ ഇലക്ട്രീഷ്യനായ ധവാല്‍ ഒരു ദിവസം രാത്രി പട്രോളിങിനിടെയായിരുന്നു ആ കാഴ്ച കണ്ടത്. ടോര്‍ച്ച് വെളിച്ചത്തില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള തിളക്കം കണ്ട് ശ്രദ്ധിച്ചപ്പോള്‍ അവ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ബ്ലേഡുകളാണെന്ന് തിരിച്ചറിഞ്ഞു. പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ തേടിയെത്തിയ ഒരു ഡസന്‍ പശുക്കള്‍ അവിടെ വായില്‍ മുറിവുകളുമായി നില്‍ക്കുന്നു. അവിടെ നിന്നും ധവാല്‍ ശേഖരിച്ചത് നാല് കിലോഗ്രാമോളം ബ്ലേഡുകളായിരുന്നു. ഒരു വലിയ ബാര്‍ബര്‍ഷോപ്പിലെ ഒരു വര്‍ഷത്തെ ബ്ലേഡുകളായിരിക്കണം അവിടെ ഉപേക്ഷിക്കപ്പെട്ടതെന്ന് ധവാല്‍ പറയുന്നു.

ഇവിടെനിന്നും ആ ദൗത്യം ധവാല്‍ ഏറ്റെടുക്കുകയായിരുന്നു. അടുത്തദിവസം തന്നെ എല്ലാ ബാര്‍ബര്‍ ഷോപ്പുകളിലും എത്തി സംസാരിച്ചു. ഇപ്പോള്‍ എല്ലാ മാസവും മൂന്നും നാലും ദിവസങ്ങള്‍ ഇതിനായി ചെലവഴിക്കുന്നു. 200 ഓളം ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും ഉപയോഗിച്ച ബ്ലേഡുകള്‍ ശേഖരിക്കുന്നു. കൂടാതെ ചില്ലുകഷണങ്ങളും ലോഹക്കഷണങ്ങളും മാലിന്യക്കൂനകളില്‍ വലിച്ചെറിയുന്നതിനെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണവും നടത്തുന്നു.

എന്നാല്‍ ഗോരക്ഷകന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. സംഘം ചേര്‍ന്ന് അക്രമം സൃഷ്ടിക്കുന്നതല്ല ഗോസംരക്ഷണമെന്ന് ധവാല്‍ പറയുന്നു. പലയിടത്തും ഗോസംരക്ഷകര്‍ കുറ്റവാളികളുടെ കൂട്ടമായി മാറിയിരിക്കുന്നതായും അവര്‍ പണത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.