ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയും, എന്‍സിപി നേതാവായിരുന്ന ശരദ് പവാറുമാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയേയും, അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെയും അറസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിച്ചുവെന്ന് ശിവസേന (യുബിടി ) നേതാവ് സഞ്ജയ് റാവത്ത് എംപി അഭിപ്രായപ്പെട്ടു. യുപിഎ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്നു അന്നു പവാര്‍ .ഗുജറാത്ത് ഗോധ്രാ കലാപമടക്കം നിരവധി കേസുകളിൽ നരേന്ദ്ര മോഡിയും , അമിത് ഷായും അന്വേഷണം നേരിട്ടിരുന്നുവെന്നും സഞ്ജയ് റാവത് പുസ്തകത്തിൽ പരാമർശിച്ചു.
രണ്ടു വർഷം മുൻപുള്ള തന്റെ ജയിൽ അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ നരകത്തിലെ സ്വര്‍ഗ്ഗം എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത് .കഴിഞ്ഞ ദിവസം നടന്ന പുസ്തക പ്രകാശനത്തിന് മുന്നോടിയായി, വെള്ളിയാഴ്ച റൗത്ത് ശരദ് പവാറിനെ നേരിൽ കണ്ട് പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുകയും ഒരു പകർപ്പ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ, പവാർ, ഗാനരചയിതാവ് ജാവേദ് അക്തർ, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ എന്നിവരുടെ എന്നിവരുടെ സാന്നിധ്യത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
2002 ലെ ഗോധ്ര കലാപത്തിനുശേഷം യുപിഎ മന്ത്രിയായിരിക്കെ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതികളെ ശരദ് പവാർ എതിർത്തിരുന്നുവെന്ന് പുസ്തകത്തിൽ അവകാശപ്പെടുന്നു. ശിവസേന സ്ഥാപകൻ ബാൽ താക്കറെ അമിത് ഷായ്ക്ക് ജാമ്യം ലഭിക്കാൻ സഹായിച്ചതായും പുസ്തകം അവകാശപ്പെടുന്നു. അമിത് ഷാ സഹായം തേടി ഞങ്ങളുടെ വീട്ടിൽ വന്നോയെന്ന് ചോദിച്ചാൽ, എനിക്ക് ഓർമ്മയില്ലെന്ന് പറയാനാണ് താല്പര്യം. കാരണം സഹായം നൽകിയത് വിളിച്ചു പറയുന്ന ശീലമില്ലപ്രകാശന ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രം ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും താക്കറെ പരാമർശിച്ചു.
മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ്, ഡൽഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ മുൻകാല അറസ്റ്റുകൾ ഉദ്ധരിച്ചുകൊണ്ടാണ് താക്കറെ ഇക്കാര്യം പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസുകൾ അന്വേഷിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ലഭിക്കണമെന്നും താക്കറെ നിർദ്ദേശിച്ചു. ഇതിലൂടെ സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിനെതിരെയും നടപടിയെടുക്കാൻ കഴിയുമെന്ന് താക്കറെ പറഞ്ഞു.
അതെ സമയം പുസ്തകത്തിലെ അവകാശവാദങ്ങളോട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ രൂക്ഷമായി പ്രതികരിച്ചു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നമോഡിയെയും, ഷായെയും കുറിച്ച് സംസാരിക്കാൻ തന്റെ മുൻ പാർട്ടി സഹപ്രവർത്തകന് അവകാശമില്ലെന്ന് പറഞ്ഞു.ഗുരുതരമായ ഒരു വിഷയമാണെന്നും, അന്വേഷിക്കേണ്ടതുണ്ടെന്നും പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി നടത്തുന്നത് ധാർമ്മികമായ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.