Web Desk

അഹമ്മദാബാദ്

May 14, 2021, 9:27 pm

71 ദിവസത്തിനിടെ കോവിഡ് മരണം 4,200 എന്ന് ഗുജറാത്ത് സര്‍ക്കാര്‍; വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റ് 1.23 ലക്ഷം

Janayugom Online

മോഡിയും ബിജെപിയും മോഡലായി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്തില്‍ കോവിഡ് മരണങ്ങള്‍ പെരുകുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളെല്ലാം കൃത്രിമമാണെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2021 മാർച്ച് മുതൽ മെയ് 10 വരെയുള്ള കോവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്ക് 4,218 ആണ്. എന്നാൽ 71 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയ പ്രകാരം ഔദ്യോഗികമായി വിതരണം ചെയ്ത മരണ സർട്ടിഫിക്കറ്റുകളുടെ എണ്ണം 1.23 ലക്ഷമാണ്. ഔദ്യോഗിക കണക്കിനേക്കാൾ 65,085 എണ്ണത്തിന്റെ വർധനവാണിതെന്ന് ഗുജറാത്തിലെ പ്രാദേശിക പത്രമായ ‘ദിവ്യഭാസ്കറി‘നെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം കോവിഡ് മരണങ്ങൾ വരെ ഗുജറാത്തിൽ സംഭവിച്ചിരിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2020 മാർച്ച് ഒന്നുമുതൽ മെയ് പത്തുവരെയുള്ള കാലയളവിൽ രാജ്കോട്ട് നഗരത്തിൽ 2,020 മരണ സർട്ടിഫിക്കറ്റുകള്‍ വാങ്ങിയതായാണ് രേഖകള്‍. 2021 മാർച്ച് ഒന്ന് മുതൽ മെയ് 10 വരെ 10,878 സർട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ അനുവദിച്ച് വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഈ കാലയളവിൽ ആകെ 288 പേരേ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂവെന്നാണ് സർക്കാര്‍ പുറത്തുവിട്ട കണക്ക്. 

അഹമ്മദാബാദ് നഗരത്തിൽ 13,593 പേർക്കാണ് ഈ കാലയളവിൽ മരണ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. എന്നാല്‍ ഈ കാലയളവിൽ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സർക്കാർ കണക്ക് പ്രകാരം 2,126 ആണ്. സൂറത്ത് നഗരത്തിൽ 2020 മാർച്ച് ഒന്നു മുതല്‍ മെയ് 10വരെയുള്ള കാലത്ത് 2,769 കോവിഡ് സർട്ടിഫിക്കറ്റുകളാണ് നൽകിയിട്ടുള്ളത്. 2021ൽ ഇതേ കാലയളവില്‍‍ 8,851 മരണ സർട്ടിഫിക്കറ്റുകളുടെ വിതരണം ഇവിടെ നടന്നിരിക്കുന്നു. എന്നാല്‍ ഈ കാലത്ത് സൂറത്തിലെ കോവിഡ് മരണം 1,074 എന്നാണ് സർക്കാർ റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാം നഗറിലെ ആശുപത്രിയിൽ കഴിഞ്ഞ ഒറ്റ ദിവസം മാത്രം 58 കൊവിഡ് മരണങ്ങളാണ് ഉണ്ടായതെന്ന് മറ്റൊരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാർ സ്ഥിരീകരിച്ചത് ഒമ്പതു പേരുടെ കോവിഡ് മരണം മാത്രമാണ്. 

ENGLISH SUMMARY:Gujarat gov­ern­ment says Covid death 4,200 in 71 days but 1.23 lakh death cer­tifi­cates issued
You may also like this video