Janayugom Online
plain-janayugom

മുഖ്യമന്ത്രിക്കും വിഐപികൾക്കും സഞ്ചരിക്കാൻ 191 കോടിയുടെ വിമാനം

Web Desk
Posted on November 06, 2019, 9:27 pm

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കും ഗവർണറും ഉപമുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർക്കും പറക്കാൻ 191 കോടിയുടെ പുതിയ വിമാനം വാങ്ങി ഗുജറാത്ത് സർക്കാർ. രണ്ട് എൻജിനുള്ള ബൊംബാർഡിയർ ചലഞ്ചർ 650 വിമാനം രണ്ടാഴ്ചയ്ക്കകം സംസ്ഥാനത്തെത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. 12 പേർക്ക് യാത്രചെയ്യാൻ കഴിയുന്നതാണ് വിമാനം. 7000 കിലോമീറ്റർ തുടർച്ചയായി പറക്കാം.

മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ 20 വർഷമായി ഉപയോഗിച്ചുവന്ന ബീച്ച് ക്രാഫ്റ്റ് സൂപ്പർകിങ് വിമാനത്തിന് പകരമായാണ് പുതിയത് എത്തുന്നത്. വിമാനം വാങ്ങുന്നതിന് അഞ്ചുവർഷം മുമ്പ് തുടങ്ങിയ നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അടക്കമുള്ള ഏജൻസികളുടെ അനുമതി വാങ്ങിയശേഷമെ വിമാനം പറത്താനാകൂ. മുമ്പ് ഉപയോഗിച്ചിരുന്നതിനെക്കാൾ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന വിമാനമാണ് പുതുതായി എത്തുന്നത്. ചൈന അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് ഇതിൽ പറക്കാനാകും.

മുമ്പത്തെ വിമാനത്തിന് ദീർഘദൂരം പറക്കാൻ കഴിയാത്തതിനാൽ മണിക്കൂറിന് ഒരുലക്ഷം രൂപവരെ ചെലവ് വരുന്ന സ്വകാര്യ വിമാനങ്ങൾ വിശിഷ്ട വ്യക്തികൾക്കുവേണ്ടി വാടകയ്ക്ക് എടുക്കേണ്ടി വന്നിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അഞ്ച് പേർക്കുമാത്രം സഞ്ചരിക്കാൻ കഴിയുന്ന വിമാനമായിരുന്നു മുമ്പുണ്ടായിരുന്നത്. അഹമ്മദാബാദിൽനിന്ന് ഗുവഹാത്തിയിലെത്താൻ അതിന് അഞ്ച് മണിക്കൂർ വേണ്ടിയിരുന്നു. എന്നാൽ പുതിയ വിമാനത്തിന് രണ്ട് മണിക്കൂർകൊണ്ട് ഈ ദൂരം സഞ്ചരിക്കാനാവുമെന്നും അധികൃതർ പറഞ്ഞു.