Web Desk

ന്യൂഡൽഹി

December 04, 2020, 9:38 am

മാസ്ക് ധരിക്കാത്തവർക്ക് ശിക്ഷ കോവിഡ് സെന്ററുകളിൽ നിർബന്ധിത സേവനം; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Janayugom Online

ഗുജറാത്തിൽ മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലാകുന്നവർക്ക് ശിക്ഷയായി കോവിഡ് കെയർ സെന്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വ്യാഴാഴ്ചയാണ് സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ബുധനാഴ്ചയാണ് ഗുജറാത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കാത്തവർക്ക് ശിക്ഷയായി കോവിഡ് കെയർ സെന്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. അഞ്ച് മുതൽ 15 ദിവസം വരെ കോവിഡ് കെയർ സെന്ററുകളിൽ സേവനം ചെയ്യുന്നതിനു പുറമെ 1000 രൂപ പിഴയും വിധിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് ‑19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിൽ ആശങ്കയും അസംതൃപ്തിയും പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് ജെ. ബി. പാർദിവാല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസേന 4 മുതൽ 6 മണിക്കൂർ വരെ സേവനം ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ക്ലീനിംഗ്, വീട്ടുജോലി, പാചകം ചെയ്യാനും ഭക്ഷണം വിളമ്പാനും സഹായിക്കുക, ഡാറ്റ തയ്യാറാക്കൽ തുടങ്ങിയ വൈദ്യേതര സ്വഭാവമുള്ളതാണ് ഈ സേവനങ്ങൾ. ഈ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേചെയ്തിരിക്കുന്നത്.

You may also like this video;