ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ത്യയുടെ രാഷ്ട്രീയഭാവിയും

Web Desk
Posted on December 18, 2017, 10:25 pm

ഹിമാചല്‍പ്രദേശ്, ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചിരിക്കുന്നു. ഹിമാചല്‍പ്രദേശില്‍ അഴിമതി ആരോപിതമായ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനാവില്ലെന്ന് സൂചന വ്യക്തമായിരുന്നു. അവിടെ കോണ്‍ഗ്രസും ബിജെപിയും മാറിമാറി അധികാരത്തിലെത്തുന്നത് പതിവുരീതിയുമാണ്. ഗുജറാത്തില്‍ 150 സീറ്റുകളുമായി അധികാരത്തില്‍ തിരിച്ചെത്തുമെന്ന അവകാശവാദവുമായാണ് ബിജെപി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ച്ചയായി ആറാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. എന്നാല്‍ അവരുടെ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവുതട്ടിയെന്നത് അപ്രതിരോധ്യമെന്ന മിഥ്യയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. അവിടെ വിജയം ഉറപ്പുവരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കും നന്നായി വിയര്‍ക്കേണ്ടിവന്നു. അധികാരത്തിന്റെ എല്ലാ സാധ്യതകളും ദുരുപയോഗം ചെയ്താണ് ബിജെപി തുടക്കംമുതലേ തങ്ങളുടെ തന്ത്രം മെനഞ്ഞത്. കീഴ്‌വഴക്കങ്ങള്‍ക്ക് വിപരീതമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുസംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് തീയതികള്‍ ഒരുമിച്ച് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ കള്ളക്കളികള്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ജനരോഷം തണുപ്പിക്കാന്‍ ആയിരക്കണക്കിന് കോടി രൂപയുടെ വമ്പന്‍ വികസനപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രിക്ക് അവസരവും സാവകാശവും നല്‍കുകയെന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആ നീക്കത്തിന് പിന്നില്‍. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ സംബന്ധിച്ച പരാതി അവഗണിച്ചുകൂടാത്തതാണ്. വികസനത്തിന്റെ പേരില്‍ വോട്ടര്‍മാരെ പാട്ടിലാക്കാനാവുമെന്ന കണക്കുകൂട്ടല്‍ പണ്ടേപോലെ ഫലിക്കില്ലെന്ന് മോഡിയും കൂട്ടരും താമസംവിനാ തിരിച്ചറിഞ്ഞു. ഹിന്ദുത്വം, മുസ്‌ലിം വിരോധം, പാകിസ്ഥാന്‍ ഭീഷണി തുടങ്ങിയ പഴയകാല കുതന്ത്രങ്ങളില്‍ തന്നെ അഭയം പ്രാപിക്കാന്‍ മോഡിയും കൂട്ടരും നിര്‍ബന്ധിതരായി. ഭിന്നിപ്പിച്ചു മുതലെടുക്കുന്ന സംഘപരിവാറിന്റെ പതിവ് തന്ത്രം തന്നെയാണ് ഇത്തവണത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും അവര്‍ക്ക് തുണയായത്. അത് മോഡിപ്രഭൃതികളുടെ വികസന വാചാടോപത്തിന്റെ യാഥാര്‍ഥ്യമെന്തെന്ന് തുറന്നു കാട്ടുകയും ചെയ്തു.
ബിജെപി ഭരണത്തിന്റെ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷത്തെ ഗുണഭോക്താക്കള്‍ വന്‍വ്യവസായങ്ങളും അവയുടെ വളര്‍ച്ചയെ ആശ്രയിച്ചു നിലനില്‍ക്കുന്ന നഗരങ്ങളുമായിരുന്നു. നരേന്ദ്രമോഡി സര്‍ക്കാരിന്റെ വികസന സാമ്പത്തിക നയങ്ങളുടെ കെടുതികള്‍ നേരിട്ട സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും വാണിജ്യ മേഖലയെയും താല്‍ക്കാലികമായി ആശ്വസിപ്പിക്കാന്‍ തിരക്കിട്ട് ചില നടപടികള്‍ക്ക് മോഡി സര്‍ക്കാര്‍ നിര്‍ബന്ധിതമായി. തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവനനികുതിയിളവുകള്‍ ഏറെയും ഗുജറാത്തിലെ മേല്‍പറഞ്ഞ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളവയായിരുന്നു. സാമുദായിക അസംതൃപ്തികളെ നേരിടാന്‍ അമിത്ഷാ തെരഞ്ഞെടുപ്പ് കാലയളവിലുടനീളം ഗുജറാത്തില്‍ തമ്പടിച്ചിരുന്നു. ബിജെപി പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക നയപരിപാടികള്‍ക്കോ പ്രതിലോമ രാഷ്ട്രീയത്തിനോ ഒരു ബദല്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനോ അതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രാഹുല്‍ ഗാന്ധിക്കോ കഴിഞ്ഞില്ല. തങ്ങള്‍ ആവിഷ്‌കരിച്ച നികുതി നയം നടപ്പാക്കുന്നതില്‍ ബിജെപി സര്‍ക്കാരിനുണ്ടായ പാളിച്ചകള്‍ചൂണ്ടിക്കാട്ടുന്നതില്‍ ഒതുങ്ങി ജിഎസ്ടിക്ക് എതിരായ രാഹുലിന്റെ വിമര്‍ശനം പോലും. മുസ്‌ലിം-പാകിസ്ഥാന്‍ വിരോധം ആളിക്കത്തിച്ച് വര്‍ഗീയാടിസ്ഥാനത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് മോഡിയും ബിജെപിയും കിണഞ്ഞു ശ്രമിച്ചപ്പോള്‍ തന്റെ ഹൈന്ദവ യോഗ്യത തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു രാഹുല്‍. രാഹുലിന്റെ മൃദുഹിന്ദുത്വ സമീപനങ്ങള്‍ ന്യൂനപക്ഷങ്ങളിലോ ആദിവാസി സമൂഹങ്ങളിലെ ദളിതരില്‍തന്നെ ഗണ്യമായ ഒരു വിഭാഗത്തിനോ ഒട്ടും ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതായിരുന്നില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എടുത്തുപറയേണ്ട സവിശേഷത ബിജെപിയുടെയും സംഘ്പരിവാറിന്റെയും അപ്രതിരോധ്യത എന്ന സങ്കല്‍പത്തെ പിടിച്ചുലയ്ക്കാന്‍ അതിനായി എന്നതാണ്. എന്നാല്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും സാമ്പത്തിക‑സാമൂഹിക‑രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കെതിരെ വ്യക്തതയാര്‍ന്ന ഒരു ബദലും അതിന് കരുത്തുപകരുന്ന ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് തെല്ലും വിജയിച്ചില്ല. ഹാര്‍ദ്ദിക് പട്ടേലിനെയും ജിഗ്നേഷ് മേവാനിയെയും അല്‍പേഷ് താക്കൂറിനെയും അണിനിരത്തി ഒരു സാമുദായിക സമവാക്യം തെരഞ്ഞെടുപ്പില്‍ വളരെ വൈകിയെങ്കിലും മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞുവെന്നതില്‍ രാഹുലിന് ആശ്വസിക്കാം. എന്നാല്‍ അത്തരത്തിലുള്ള അവസരവാദ നടപടികള്‍കൊണ്ട് ബിജെപി പ്രതിനിധാനം ചെയ്യുന്ന ഒരു പ്രതിലോമ രാഷ്ട്രീയ പ്രതിയോഗിയെ തടയാനാകുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. കോണ്‍ഗ്രസിന് അതിന്റെ ജനവിരുദ്ധ സാമ്പത്തിക നയസമീപനങ്ങള്‍ ഉപേക്ഷിച്ച് കര്‍ഷകരും തൊഴിലാളികളും യുവാക്കളും സ്ത്രീകളുമടങ്ങുന്ന സാമാന്യ ജനവിഭാഗങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സാമ്പത്തിക പരിപാടി അംഗീകരിക്കാനാവുമോ? അതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വിശാലമായൊരു രാഷ്ട്രീയ ബദല്‍ ഉയര്‍ത്താന്‍ അവര്‍ സന്നദ്ധമാകുമോ? അവയ്ക്കുള്ള ഉത്തരമായിരിക്കും ഇന്ത്യയുടെ രാഷ്ട്രീയ ഗതിവിഗതികളെ നിര്‍ണയിക്കുക.