23 April 2024, Tuesday

ഗുജറാത്ത് ഒരു ഭീതിയും ഹിമാചല്‍ പ്രതീക്ഷയുമാണ്

Janayugom Webdesk
December 9, 2022 5:00 am

ളരെ ആകാംക്ഷയോടെ രാജ്യം കാത്തിരുന്ന‑ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തെര‍ഞ്ഞെടുപ്പിലെ — ജനവിധിയുടെ ഫലപ്രഖ്യാപനമാണ് ഇന്നലെയുണ്ടായത്. ഗുജറാത്തില്‍ സമ്മതിദായകര്‍ 156 മണ്ഡലങ്ങളില്‍ ജയിപ്പിച്ച് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നല്കി. അതേസമയം ഹിമാചല്‍ പ്രദേശ് ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ തിരിച്ചടി നല്കി പ്രതീക്ഷയേകുകയും ചെയ്തു. 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിയ വ്യത്യാസത്തിലാണ് ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തിയത്. 182 അംഗ നിയമസഭയില്‍ 99 സീറ്റുകളോടെയാണ് മോഡിയുടെയും അമിത് ഷായുടെയും സംസ്ഥാനത്ത് കഴിഞ്ഞ തവണ അധികാരം നേടിയത്. അതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് 16 സീറ്റുകള്‍ കുറവായിരുന്നു അത്. ഇത്തവണ വന്‍ മുന്നേറ്റമാണ് ഗുജറാത്തില്‍ ബിജെപി നടത്തിയിരിക്കുന്നത്. 2017ല്‍ 16 സീറ്റുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് 77 സീറ്റ് നേടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസ് ഇത്തവണ തകര്‍ന്നടിഞ്ഞു. 17 എന്ന ദയനീയ പതനത്തിലെത്തി അവര്‍. സംസ്ഥാനം പിടിച്ചടക്കുമെന്ന് അവകാശപ്പെട്ട് മത്സരത്തിനെത്തിയ ആംആദ്മി പാര്‍ട്ടിയാകട്ടെ അഞ്ചു സീറ്റിലൊതുങ്ങുകയും ചിലയിടങ്ങളിലെങ്കിലും ബിജെപി വിജയത്തിന് കാരണമാകുകയും ചെയ്തു. ഹിമാചലിലെ 68 അംഗ നിയമസഭയില്‍ 44 അംഗങ്ങളുമായി മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപി 25 സീറ്റുമായി ദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ് 40 സീറ്റുകള്‍ നേടി ഭരണമുറപ്പിക്കുകയും ചെയ്തു. 2017ലെ തെര‍ഞ്ഞെടുപ്പില്‍ 21 സീറ്റുകളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും സത്യസന്ധതയും


ഹിമാചലില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയില്‍ ആഹ്ലാദിക്കുമ്പോഴും ഗുജറാത്തിലുണ്ടായ വലിയ വിജയം ഭയപ്പെടുത്തുന്നതാണ്. ഭരണവിരുദ്ധ വികാരത്തിന്റെയും രാജ്യവ്യാപകമായി മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ജനവികാരങ്ങളുടെയും പ്രതിഫലനം ഗുജറാത്തിലുണ്ടാകുമെന്ന് ബിജെപി ഭയന്നിരുന്നുവെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2017ലെ തെര‍ഞ്ഞെടുപ്പ് വിധിയുടെ പാഠവും അവരുടെ മനസിലുണ്ടായിരുന്നു. അത്തരമൊരു പ്രതീക്ഷ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കുമുണ്ടായിരുന്നു. ജനാധിപത്യത്തില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും ലംഘിച്ചാണ് ബിജെപി ഗുജറാത്തില്‍ വോട്ടു തേടിയതെങ്കിലും സാങ്കേതികമായി ആ വിജയം അംഗീകരിക്കേണ്ടതു തന്നെയാണ്. സാമുദായിക ധ്രുവീകരണത്തിനുള്ള എല്ലാ വിവാദങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവന്നു. 2002ലെ കലാപത്തിന്റെ അഗ്നിത്തിരികള്‍ വീണ്ടും തെളിച്ചെടുത്ത് ന്യൂനപക്ഷങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ഗുജറാത്ത് കലാപം ന്യായീകരിക്കുക മാത്രമല്ല, അത് പൂര്‍ണമായും ശരിയായിരുന്നുവെന്ന് വാദിക്കുകയും കുറ്റവാളികളെ വെള്ളപൂശിയുള്ള പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ തുറന്നുവിട്ടു. വര്‍ഗീയതയുടെ അവസാന ചീട്ടും ഇറക്കിക്കളിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന നടപടികളുണ്ടായി. കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍ പോലും സംശയത്തിന്റെ നിഴലിലായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിലെ പഞ്ചായത്ത് അംഗങ്ങളെ പോലെ തമ്പടിച്ചാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നയിച്ചത്. വാഗ്ദാനങ്ങളത്രയും വാരിച്ചൊരിയുകയും ചെയ്തു. പ്രതിപക്ഷ വോട്ടുകള്‍ കൂട്ടിയോജിപ്പിക്കുവാന്‍ ശേഷിയുള്ളവരാരും അവിടെയുണ്ടായില്ല. ഉള്ള ചില കക്ഷികള്‍ പരസ്പരം മത്സരിച്ച് ശക്തി തെളിയിക്കുവാനുള്ള ബുദ്ധിശൂന്യതയാണ് പ്രദര്‍ശിപ്പിച്ചത്. ഇതിന്റെയെല്ലാം ഫലമായുണ്ടായ വോട്ടു വിഭജനവും ധ്രുവീകരണങ്ങളും ബിജെപിക്കു പകരമാകുവാന്‍ മറ്റൊന്നില്ലെന്ന സ്ഥിതിയും അവരുടെ വിജയം ഗുജറാത്തില്‍ എളുപ്പമാക്കി.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും സത്യസന്ധതയും


തമ്മിലടിയും തൊഴുത്തില്‍ക്കുത്തും കൂറുമാറ്റവും തുടങ്ങി പരമ്പരാഗത ശീലക്കേടുകളെല്ലാമുണ്ടായിരുന്നുവെങ്കിലും ബിജെപിക്ക് ബദലാണെന്ന പ്രതീതിയുണ്ടാക്കുവാന്‍ കോണ്‍ഗ്രസിനായി എന്നതാണ് ഹിമാചല്‍ പ്രദേശില്‍ അവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ മഹത്വംകൊണ്ടല്ല ബിജെപിയെ അത്രമേല്‍ വെറുത്തതുകൊണ്ടാണ് ജനങ്ങള്‍ ഹിമാചലില്‍ അവരെ തോല്പിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി കോര്‍പറേഷന്‍ തെര‍ഞ്ഞെടുപ്പില്‍ ആംആദ്മിയെ ജയിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്. ബിജെപിക്ക് അധികാരം കിട്ടിയ സംസ്ഥാനങ്ങളിലെല്ലാം ഇതേ വികാരം ജനങ്ങളില്‍ വളര്‍ന്നുവരുന്നുണ്ട്. പ്രക്ഷോഭങ്ങളായും സമരങ്ങളായും പ്രകടിപ്പിക്കപ്പെടുന്ന ആ വികാരം തെര‍ഞ്ഞെടുപ്പുകളില്‍ പ്രതിഫലിപ്പിക്കാനാകാത്തത് പകരം സംവിധാനത്തെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷ നിറവേറ്റാന്‍ സാധിക്കുന്നില്ലെന്നതു കൊണ്ടാണ്. ചിലയിടങ്ങളിലെങ്കിലും കോണ്‍ഗ്രസിനെ അവര്‍ക്ക് അത്രമേല്‍ വിശ്വസിക്കുവാനാകില്ലെന്നതും കാരണമാണ്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതുറപ്പായും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് ഗുജറാത്ത് വിധിയെഴുത്ത് ഭീതിയും ഹിമാചല്‍പ്രദേശ് നേരിയ പ്രതീക്ഷയുമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.