ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രവേശന കവാടമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വൈബ്രന്റ് ഗുജറാത്ത് മാറി. അഡാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ മുന്ദ്ര തുറമുഖം വഴിയാണ് സഹസ്രകോടികള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുകള്‍ രാജ്യത്തേക്ക് എത്തുന്നത്. 2020 മുതല്‍ 24 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 വന്‍ മയക്കുമരുന്ന് വേട്ടയില്‍ പത്തും മുന്ദ്ര തുറമുഖം വഴിയായിരുന്നുവെന്ന് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നതും മുന്ദ്ര തുറമുഖത്തായിരുന്നു. 2021ല്‍ 5,976 കോടി രൂപയുടെ ഹെറോയിന്‍ വേട്ടയിലൂടെയാണ് മുന്ദ്ര തുറമുഖം മയക്കുമരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമാണെന്ന് ലോകം തിരിച്ചറിഞ്ഞത്. അതേവര്‍ഷം തമിഴ്നാട് തൂത്തുക്കുടിയിലെ വി ഒ ചിദംബരനാര്‍ (വിഒസി) തുറമുഖത്ത് നിന്ന് 1,515 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി.
2020 മുതലാണ് ഗുജറാത്ത് തീരം വഴി മയക്കുമരുന്ന് കടത്ത് വര്‍ധിച്ചത്. ഹെറോയിന്‍, കൊക്കയ്ന്‍, മെത്തഫിറ്റമിന്‍, ട്രംഡോള്‍ ടാബ്‌ലറ്റ് തുടങ്ങിയ മാരക മയക്കുമരുന്നുകളാണ് മുന്ദ്ര തുറമുഖത്ത് നിന്ന് പിടികൂടിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. 2021 ല്‍ 5,976 കോടിയുടെ 2,988 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡിആര്‍ഐ) മുന്ദ്രയില്‍ പിടികൂടിയത്. 2021ല്‍ തമിഴ്‌നാട്ടിലെ വിഒസി തുറമുഖത്ത് നിന്ന് 303 കിലോ കൊക്കയ്നാണ് പിടികൂടിയത്. 2020ല്‍ 191 കിലോ ഹെറോയിന്‍ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്രു തുറമുഖത്ത് നിന്ന് പിടികൂടി.
രാജ്യത്തേയ്ക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ തുറമുഖങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ അറിയിച്ചത്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ഡിഐആര്‍ഐ, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവയുടെ സഹകരണത്തോടെ കരയിലും കടലിലും പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്തെക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന വാതായനമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെക്കുറിച്ച് ആഭ്യന്തര സഹമന്ത്രി മൗനം പാലിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. അഡാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ തുറമുഖത്ത് നിന്ന് മാത്രം ക്വിന്റല്‍ കണക്കിന് മയക്കുമരുന്ന് പിടികൂടിയതും സംശയാസ്പദമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.