സഞ്ജീവ് ഭട്ടിനെ കാണാനാവില്ല; ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍

Web Desk
Posted on August 14, 2019, 3:03 pm

അഹമ്മദാബാദ്: തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ കാണുന്നതില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ തടഞ്ഞു. പട്ടേലിനെയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും പലാന്‍പൂര്‍ ജയിലില്‍ വച്ച് തടഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കസ്റ്റഡിമരണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. പലാന്‍പൂര്‍ എംഎല്‍എ മഹേഷ് പട്ടേല്‍, പത്താന്‍ എംഎല്‍എ, കിരിത് പട്ടേല്‍, ഹാര്‍ദിക് പട്ടേല്‍ എന്നിവര്‍ അടക്കം 30 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എസ്പി നീരജ് ബാദ്ഗുജാര്‍ പറഞ്ഞു.
1990 ല്‍ സഞ്ജീവ് ഭട്ട് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായിരിക്കെ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ട് ശിക്ഷ അനുഭവിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോഡിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ വേട്ടയാടലാണ് ഭട്ടിനെതിരെ നടക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഗുജറാത്ത് കേഡറിലെ 1988 ബാച്ച് ഓഫീസറാണ് സഞ്ജീവ് ഭട്ട്. ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്തു, അനുവാദമില്ലാതെ അവധിയെടുത്തു എന്നീ കുറ്റങ്ങള്‍ചുമത്തി 2011ല്‍ ഭട്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ച്ചയായ അച്ചടക്കലംഘനം ആരോപിച്ച് 2015ല്‍ പുറത്താക്കുകയും ചെയ്തു.
രഥയാത്രയുമായി ബന്ധപ്പെട്ട് എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരിലൊരാളായ പ്രഭുദാസ് വൈഷ്‌നാനി മരിച്ചതാണ് കേസിന് ആസ്പദമായ സംഭവം. വൈഷ്ണാനി പുറത്തിറങ്ങി പത്തുദിവസത്തിനു ശേഷം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. കേസില്‍ നീതിയുക്തമായ തീരുമാനത്തിലെത്താന്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് അവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
കേസില്‍ സുപ്രധാന സാക്ഷികള്‍ പോലും വിസ്തരിക്കപ്പെട്ടിട്ടില്ലെന്ന് സഞ്ജീവ് ഭട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗുജറാത്ത് കലാപക്കേസില്‍ 2002 ഫെബ്രുവരി 27ന് കലാപത്തിനിടയില്‍ മുഖ്യമന്ത്രി വിളിച്ച ഒരു യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും കലാപം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് പൊലീസിന് മോഡി നിര്‍ദേശം നല്‍കിയിരുന്നുവെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ ഭട്ട് വ്യക്തമാക്കിയത്. എന്നാല്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പിന്നീട് മോഡിക്ക് കലാപത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. അറസ്റ്റിലായ ഭട്ടിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും ആദ്യ ഘട്ടത്തില്‍ പൊലീസ് അനുവദിച്ചിരുന്നില്ല. ജാമ്യ ഹര്‍ജികള്‍ നിരന്തരം തള്ളപ്പെടുകയും ചെയ്തു.