ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കുടുക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന ഭട്ടിനെ ട്രാൻസ്ഫർ വാറന്റ് മുഖേനയാണ് ഗുജറാത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
നേരത്തെ ഇതേ കേസിൽ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും മുൻ ഡിജിപി ആർബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭട്ടിനെ കസ്റ്റഡിയിൽ കൈമാറുന്നതിനായി പൊലീസ് ട്രാൻസ്ഫർ വാറന്റ് ഹാജരാക്കി.
രാജസ്ഥാനിലെ അഭിഭാഷകനെ മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ സഞ്ജീവ് ഭട്ട് നിലവിൽ പാലമ്പൂർ ജയിലിലാണ്.
27 വർഷം പഴക്കമുള്ള കേസിലാണ് 2018ൽ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ വിചാരണയ്ക്കിടെ ജാംനഗറിലെ കസ്റ്റഡി മരണക്കേസിൽ ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിനു പിന്നാലെയാണ് ടീസ്റ്റ സെതൽവാദിനെയും ആർബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, വ്യാജ തെളിവുണ്ടാക്കൽ, ക്രിമിൽ ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് കേസ്.
English summary;Gujarat riot; Sanjeev Bhatt arrested
You may also like this video;