ഗുജറാത്ത് നിയമസഭാ സ്പീക്കർ പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് ബിജെപിയുടെ യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച തലസ്ഥാനത്ത് നടന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് സ്പീക്കർ രാജേന്ദ്ര ത്രിവേദി മുഖ്യമന്ത്രി വിജയ് റുപാനിക്കൊപ്പം പങ്കെടുത്തത്. പാർട്ടി നാമനിർദ്ദേശത്തെ തുടർന്നാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിലും സഭാധ്യക്ഷനെന്ന നിലയിൽ സ്പീക്കർ നിഷ്പക്ഷനായിരിക്കണം എന്നാണ് കീഴ്വവഴക്കം. അതുകൊണ്ടുതന്നെ സ്പീക്കറുടെ നടപടി വിമർശനത്തിന് വഴിവച്ചിരിക്കുകയാണ്. റാവുപുര മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായ ത്രിവേദി 2018ലാണ് നിയമസഭാ സ്പീക്കറാവുന്നത്.
നേരത്തേയും പക്ഷപാതപരമായ സമീപനങ്ങളും വിദ്വേഷ — രാഷ്ട്രീയ പരാമർശങ്ങളും കാരണം വിവാദനായകനായിരുന്നു ത്രിവേദി. ബ്രാഹ്മണ വ്യാപാരി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ബ്രാഹ്മണർ പ്രത്യേക ജനുസ്സിൽപ്പെട്ടവരായതിനാൽ എല്ലാവർക്കും അനുഗ്രഹം നല്കുന്നവരാണെന്നും ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവരാണെന്നും പറഞ്ഞത് വിവാദമായിരുന്നു. മറ്റൊരു അവസരത്തിൽ നിയമസഭയിൽ വച്ച് കോൺഗ്രസ് അംഗത്തോട് താങ്കൾ പാകിസ്ഥാനിൽ അല്ലെന്ന് പറഞ്ഞതും വിവാദമായിരുന്നു. ഇതിനെല്ലാം പിറകേയാണ് പാർട്ടി യോഗത്തിൽ പങ്കെടുത്തുകൊണ്ട് പെരുമാറ്റച്ചട്ടവും കീഴ്വഴക്കങ്ങളും അദ്ദേഹം ലംഘിച്ചിരിക്കുന്നത്. ത്രിവേദി പാർട്ടിയോഗത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ദേശീയമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ENGLISH SUMMARY: Gujarat Speaker at the BJP meeting
YOU MAY ALSO LIKE THIS VIDEO