ഗുജറാത്തില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 18 കുട്ടികള്‍

Web Desk
Posted on November 02, 2017, 12:41 pm

അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞും കാവലിരിക്കുന്ന അമ്മയും

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് ദിവസത്തിനിടെ പോഷകാഹാരക്കുറവ് മൂലം മരിച്ചത് 18 കുട്ടികള്‍. അഹമ്മദാബാദിലെ പ്രധാന സിവില്‍ ആശുപത്രിയായ അസര്‍വയിലാണ് കുട്ടികള്‍ കൂട്ടത്തോടെ മരിച്ചത. പോഷണമില്ലായ്മ മൂലമുള്ള ഭാരക്കുറവിനെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മുഖ്യമന്ത്രി വിജയ് രൂപാണി, ആരോഗ്യമന്ത്രി ശങ്കര്‍ ചൗധരി എന്നിവരുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സ്വകാര്യാശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തവയാണ് ഏറെ. ഒന്‍പതുകുട്ടികള്‍ ശനിയാഴ്ച മാത്രം മരിച്ചു. അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക വളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്ത് ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്. ശിശുമരണ നിരക്കില്‍ 17-ാം സ്ഥാനത്താണ് ഗുജറാത്തുള്ളത്. ഇവരില്‍ നല്ലൊരു ശതമാനം കുട്ടികളും ഭാരക്കുറവ് മൂലമാണ് മരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്റെ അഭാവം മൂലം കുട്ടികള്‍ മരിച്ച സംഭവത്തില്‍ യുപിയിലെ യോഗി സര്‍ക്കാരിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നാലെയാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫോട്ടോ കടപ്പാട് ദി ഇന്ത്യന്‍ എക്‌സ്പ്രസ്.