Friday
13 Dec 2019

വീണ്ടും ഒരു കരിനിയമം കൂടി

By: Web Desk | Saturday 16 November 2019 10:48 PM IST


ഭീകരതക്കെതിരെയുള്ള നിയമം എന്ന പേരിൽ ഒരു പുതിയ നിയമം കൂടി രാജ്യത്ത് നിലവിൽ വന്നിരിക്കുന്നു. Gurarath control of Terrorissm and organised crime bill ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു എന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിൻജ് ജഡേജ അറിയിച്ചിരിക്കുകയാണ്. രാഷ്ട്രപതിയുടെ അംഗീകാരം ല­ഭിച്ചതോടെ GCTOC ഒരു നിയമമായി മാറും. വളരെ രൂക്ഷമായ എതിർപ്പുകൾക്കിടയിലാണ് ഈ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തെ The Maharashtra control of Organised Crime Act 1999 (MCOCA) കർണാടകയിലെ Karnataka Control of Organised Crime Act എന്നിവയുടെ ചുവടുപിടിച്ചാണ് 2004 ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് Gurarath Control of Organised Crime Bill (GUJCOC) ഗുജറാത്ത് നിയമസഭ പാസാക്കുന്നത്. ഈ നിയമത്തിൽ Indian Evidence Act, Criminal Procedure Code എന്നിങ്ങനെയുള്ള പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ നിന്നും വ്യത്യസ്തമായ വകുപ്പുകൾ ഉള്ളതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമായി വന്നു. 2004 ൽ അന്നത്തെ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം ബില്ലിന് അംഗീകാരം നൽകാതെ തിരിച്ചയച്ചു. വ്യക്തികളുടെ ടെലഫോൺ സംഭാഷണം ചോർത്തിയെടുത്ത് അത് അയാൾക്കെതിരെയുള്ള തെ­ളിവായി കോടതിയിൽ ഹാജരാക്കാം എന്ന വിവാദ വകുപ്പ് അംഗീകരിക്കാനാവില്ല എന്ന നിലപാട് സ്വീകരിച്ചാണ് രാഷ്ട്രപതി ബിൽ 2008 ഡിസംബറിൽ തിരിച്ചയച്ചത്. പക്ഷെ 2009 ജനുവരിയിൽ രാഷ്ട്രപതിയുടെ ഓഫീസ് ബിൽ തിരി­ച്ചു വിളിച്ചു. 2009 ജൂൺ മാസത്തിൽ കൂടുതൽ തിരുത്തലുകൾ സംസ്ഥാനത്തോട് നിർദ്ദേശിച്ചു. പൊലീസ് കസ്റ്റഡിയിൽ നടത്തുന്ന കുറ്റസമ്മതം തെളിവായി സ്വീകരിക്കാതിരിക്കു­ക, വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനുള്ള കാലപരിധി കുറയ്ക്കുക, കോടതിക്ക് ജാമ്യം നൽകുവാനുള്ള തടസങ്ങൾ മാറ്റുക ഇവയായിരുന്നു നിർദ്ദേശങ്ങൾ. പക്ഷെ എൻഡിഎക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഗുജറാത്ത് നിയമസഭ ഈ മാറ്റങ്ങളൊന്നും അംഗീകരിക്കാതെ 2009 ജൂലൈ മാസത്തിൽ തന്നെ വീണ്ടും പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചു. അപ്പോഴും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല. തുടർന്ന് 2015 ൽ ഗുജറാത്ത് നിയമസഭയിൽ ബില്ലിന്റെ പേരിൽ മാറ്റം വരുത്തി Gujarath Control of Terrorism and organised Crime (GCTOC) Bill എന്ന പേരിൽ ഉള്ളടക്കത്തിന് മാറ്റമേതുമില്ലാതെ അവതരിപ്പിച്ച് പാസാക്കി വീണ്ടും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും ബില്ലിന് അംഗീകാരം നൽകിയില്ല. 2004 മുതൽ നാളിതുവരെയുള്ള നാലു രാഷ്ട്രപതിമാരിൽ മൂന്നുപേരും അംഗീകാരം നൽകാതിരുന്ന ബില്ലിനാണ് ഇപ്പോൾ നാലാമത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി എന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്.

ഈ വിവാദ നിയമത്തിൽ അടങ്ങിയിരിക്കുന്ന മനുഷ്യാവകാശങ്ങളെയും ഭരണഘടന ആർട്ടിക്കിൾ 21 ൽ ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും അടിച്ചമർത്താനുള്ള വകുപ്പുകളാണ് മൂന്നു ഇന്ത്യൻ രാഷ്ട്രപതിമാർ ഈ നിയമത്തിന് അംഗീകാരം നിഷേധിക്കുവാൻ കാരണമായത്. ഈ നിയമം എല്ലാതരത്തിലുള്ള സർക്കാരിനോടുള്ള വിയോജിപ്പുകളെയും അടിച്ചമർത്തുവാനായി ഉ­പ­യോഗിക്കുവാൻ കഴിയും. ഈ നിയമത്തിലെ 14-ാം വകുപ്പുപയോഗിച്ച് വ്യക്തികളുടെ ടെലഫോൺ അടക്കമുള്ള സ്വകാര്യ സംഭാഷണങ്ങൾ ചോർത്തി അത് നിയമാനുസൃതമുള്ള തെളിവായി കോടതിയിൽ ഹാജരാക്കുവാനും 180 ദിവസം വരെ ജാമ്യം അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാനും സാധിക്കും. ഏറ്റവും കൂടുതൽ എതിർപ്പ് വന്നത് 16-ാം വകുപ്പനുസരിച്ച് കസ്റ്റഡിയിൽ പൊലീസ് ഓഫീസറോട് നടത്തുന്ന കുറ്റസമ്മതം പ്രതിക്കെതിരെയുള്ള നിയമാനുസൃതമുള്ള തെളിവായി കോടതിയിൽ ഹാജരാക്കാമെന്നും ആ തെളിവ് സ്വീകരിക്കാമെന്നുമുള്ളതാണ്. കൂടാതെ വിവിധ വകുപ്പുകളനുസരിച്ച് 10 ലക്ഷം രൂപവരെ പിഴ ഈടാക്കാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള നടപടികൾ സ്വീകരിക്കാം. കുറ്റക്കാരനല്ല എന്ന് തെളിയിക്കുവാനുള്ള ബാധ്യത കുറ്റാരോപിതനു തന്നെയാണ്.

ഇന്ത്യയിലെ ഭീകര വിരുദ്ധ നിയമങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അവയെല്ലാം തന്നെ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുകയും വലിയ ജനരോഷവും പ്രക്ഷോഭങ്ങളും നടന്നതിന്റെ അടിസ്ഥാനത്തിൽ പല നിയമങ്ങളും പിൻവലിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഉദാഹരണങ്ങൾ അനവധിയുണ്ട്. 1985 മെയ് 23 ന് നിലവിൽ വന്ന Terrorist and disruptive Activities (prevention) Act (TADA) 1985 മുതൽ 1995 വരെയാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. 1985 ൽ ഓർഡിനൻസായി നിലവിൽ വന്ന ടാഡ, 1989,91,93 വർഷങ്ങളിൽ പുതുക്കിക്കൊണ്ടിരുന്നു. പക്ഷെ വലിയ ജനരോഷത്തെ തുടർന്ന് 95 ൽ വീണ്ടും നിയമം പുതുക്കാതെ സ്വാഭാവികമായി അതില്ലാതാവുകയാണുണ്ടായത്. 1994 ജൂൺ 30 വരെ 76,000 ത്തിലധികം ആളുകൾ ടാഡ നിയമപ്രകാരം അറസ്റ്റിലാവുകയുണ്ടായി. ഇതിൽ 25 ശതമാനം കേസുകളിൽ തുടർന്ന് കുറ്റപത്രം സമർപ്പിക്കാനാവശ്യമായ തെളിവുകളൊന്നും ലഭിക്കാതെ പൊലീസ് അവസാനിപ്പിച്ചു. 35 ശത­മാനം കേസുകൾ മാത്രമേ ഒടുവിൽ വിചാരണക്ക് എത്തിയുള്ളൂ. അതിൽ തന്നെ 95 ശത­മാനം കേസുകളിലും കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടത് കേവലം രണ്ട് ശത­മാനം പേർ മാത്രം. എങ്കിലും ഇന്നും ടാഡ പ്രകാരം അന്ന് എടുത്ത കേസുകൾ പലതും ഇപ്പോഴം തീർന്നിട്ടില്ല.

ടാഡയ്ക്ക് ശേഷം 2002 ൽ ഏതാണ്ട് അതേ രൂപഭാവങ്ങളോടെ നടപ്പിലാക്കിയ നിയമമാണ് The Prevention of Terrorism Act (POTA). എൻഡിഎ സർക്കാരാണ് ഈ കരിനിയമവും കൊണ്ടുവന്നത് രാജ്യസഭയിൽ 98 വോട്ടുകൾക്കെതിരെ 113 വോട്ടുകളോടെ POTA ബിൽ പരാജയപ്പെട്ടു. പിന്നീട് ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം ചേർന്നാണ് ബിൽ പാസ്സാക്കിയെടുത്തത്. ഇത്തരത്തിൽ പാസാക്കിയെടുത്ത മൂന്നാമത്തെ ബില്ലാണ് POTA. ഈ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ എട്ടുമാസങ്ങൾക്കകം തന്നെ 940 പേരെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തു. തമിഴ്‌നാട്ടിൽ വൈകോയെ അറസ്റ്റ് ചെയ്ത് നാലുമാസത്തോളം കുറ്റപത്രം നൽകാതെയും 14 മാസം കുറ്റപത്രം നൽകിയ ശേഷവും ജാമ്യമില്ലാതെ തടവിൽ പാർപ്പിച്ചു. അപ്പോൾ ഈ നിയമപ്രകാരം ജയിലിലടക്കപ്പട്ട സാധാരണ പൗരന്റെ അവസ്ഥ എത്ര ഭീതിജനകമായിരുന്നിരിക്കും. 2004 ഒക്ടോബർ ഏഴിന് യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേ­ഷം POTA നിയമം റദ്ദാക്കി. കാശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നിലവിലുള്ള Armed Forces (Special Powers) Act 1958,(AFSPA) മഹാരാഷ്ട്രയിലെയും കർണാടകയിലേയും Control of organised Crime Actകൾ ഇവയെല്ലാം തന്നെ വളരെയധികം ദുരുപയോഗം ചെ­യ്യപ്പെട്ട നിയമങ്ങളാണ്. ഇതിൽ നിന്നും വ്യക്തമാവുന്നത് ഇത്രയധികം ഇന്ത്യൻ പൗരന്മാർ യാതൊരു കാരണവുമില്ലാതെ പീഡിപ്പിക്കപ്പെട്ടു എന്നുതന്നെയാണ്. ജനങ്ങൾക്കെതിരായി നടന്ന ഈ കുറ്റകൃത്യത്തിന് ഉത്തരവാദിത്വം ഇത്തരം നിയമങ്ങൾ വരുംവരായ്കകൾ നോക്കാതെ നടപ്പിലാക്കുന്നതാണ്

നിലവിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന രണ്ടു നിയമങ്ങളാണ് പ്രധാനമായും നിലവിലുള്ളത് Unlawful Activites (Prevention) Act 1967 (UAPA), National Security Act 1980 എന്നിവയാണ് ആ നിയമങ്ങൾ. POTA റദ്ദാക്കിയശേഷം Terrorist Actന്റെ നിർവചനം കൂടി ഉൾപ്പെടുത്തിക്കൊണ്ട് 2004 ൽ യുഎപിഎയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി. 2012,2013,2014,2017 വർഷങ്ങളിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്തതോടെ യുഎപി­എക്ക് മുൻപ് റദ്ദാക്കിയ TADA എന്ന കരി നിയമത്തിന്റെ രൂപവും ഭാവവും കൈവന്നു. Association of Protection of civil Rights 2019 ൽ യുഎപിഎ യിൽ വരുത്തിയ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭേദഗതി ചെയ്ത യുഎപിഎയിലെ സെക്ഷൻ 35,36 പ്രകാരം സർക്കാരിന് ഒരു വ്യക്തിയെ ടെററിസ്റ്റ് ആയി നോട്ടിഫൈ ചെയ്യാൻ സാധിക്കുന്നതിനെതിരെ ആണ് ഈ സംഘടന സുപ്രീം കോടതി മുമ്പാകെ റിട്ട് ഫയൽ ചെയ്തിരിക്കുന്നത്. ഭരണഘടന ആർട്ടിക്കിൾ 14 (റൈറ്റ് ടു ഇക്വാളിറ്റി) 19 (റൈറ്റ് ടു ഫ്രീ സ്പീച്ച് ആന്റ് എക്സ്പ്രഷൻ) 21 (റൈറ്റ് ടു ലൈഫ്) എന്നിവയ്ക്ക് വിരുദ്ധമാണ് യുഎപിഎ യിലെ മേൽ പറഞ്ഞ വകുപ്പുകൾ എന്നാണ് സുപ്രീം കോടതി മുമ്പാകെയുള്ള കേസിൽ സംഘടന വാദിക്കുന്നത്. സിപിഐ, ഈ നിയമത്തിനെതിരായി നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സിപിഐ (എം), സിപിഐ (എം എൽ), ലിബറേഷൻ തുങ്ങിയ മറ്റു പാർട്ടികളും യുഎപിഎക്കെതിരായ നിലപാടുകൾ ത­ന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14,19,21 എന്നിവ പ്രകാരം ഒരു പൗരന് ഉറപ്പു നൽകിയിരിക്കുന്ന മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഒരു നിയമമാണ് യുഎപിഎ.

ജനവിരുദ്ധമായ ഇത്തരം നിയമങ്ങൾ നടപ്പിലാക്കരുത് എന്ന് സിപിഐ സുവ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 23-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലും ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. സിപിഐ(എം) 21-ാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയവും യുഎപിഎ അടക്കമുള്ള കരിനിയമങ്ങൾ ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുന്ന പൈശാചിക നിയമങ്ങളാണെന്നും അവയ്ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയുന്നു. ഫാസിസ്റ്റ് നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് സാധാര­ണ പൗരന്മാർക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ വിശാലമായ ഇടത്-ജനാധിപത്യ ശക്തികളുടെ ഐക്യനിര ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം മറ്റെന്തിനേക്കാളുമുപരി പ്രസക്തമാവുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത്. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിസ്റ്റു പാർട്ടികൾ മുൻകൈ എടുക്കേണ്ടിയിരിക്കുന്നു.