Saturday
16 Feb 2019

രാജസ്ഥാനില്‍ ഗുജ്ജാര്‍ പ്രതിഷേധം അക്രമാസക്തമായി; പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു

By: Web Desk | Sunday 10 February 2019 10:21 PM IST

ജയ്പൂര്‍: സംവരണ വിഷയത്തില്‍ രാജസ്ഥാനിലെ ഗുജ്ജാര്‍ വിഭാഗം നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു.  മൂന്ന് പൊലീസ് വാഹനങ്ങളും രണ്ട് ജീപ്പും ഒരു ബസ്സും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. അക്രമാസക്തരായ ജനങ്ങള്‍ പൊലീസിനുനേരെ കല്ലേറ് നടത്തിയതായും ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. തൊഴില്‍, വിദ്യാഭ്യാസ സംവരണമാവശ്യപ്പെട്ട് ഗുജ്ജാര്‍ വംശജര്‍ നടത്തിയ പ്രകടനത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.  പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് നിരവധി ട്രെയിനുകളും തടസ്സപ്പെട്ടിരുന്നു. 13 തീവണ്ടികള്‍ ഇവിടെ വൈകി ഓടിയതായും 20 ഓളം തീവണ്ടികള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ധോല്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. തൊഴില്‍, വിദ്യാഭ്യാസം എന്നിവക്ക് അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബെയിന്‍സ്ലയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഡല്‍ഹി മുംബൈ പാതയിലെ ട്രാക്കിലിരുന്ന ഗുജ്ജാര്‍ പ്രക്ഷോഭകര്‍ ഗതാഗതം തടസപ്പെടുത്തിയിരുന്നു.