എയര്‍ കേരളയ്ക്ക് ഗള്‍ഫ് കമ്പനിയുടെ സഹായം

Web Desk
Posted on March 27, 2018, 9:46 pm

ബേബി ആലുവ

കൊച്ചി: പ്രവാസി മലയാളികളുടെ ഏറെക്കാലമായുള്ള പ്രതീക്ഷയായ എയര്‍ കേരള പദ്ധതി സഫലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. മുന്‍ സര്‍ക്കാരിന്‍റെ അനാസ്ഥയും കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ വ്യോമയാന നയവും മൂലം ചിറകറ്റതായി എഴുതിത്തള്ളിയിയിരുന്ന പദ്ധതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സാധ്യത തേടുന്നത്.
പദ്ധതിയുടെ വിവിധ തലങ്ങളില്‍ സഹകരിക്കാന്‍ അബുദാബി ഏവിയേഷന്‍ (എഡിഎ) എന്ന ഗള്‍ഫിലെ പ്രമുഖ വ്യോമഗതാഗത ഓപ്പറേറ്റ് സ്ഥാപനം മുന്നോട്ടുവന്നതോടെയാണ്, ലക്ഷക്കണക്കായ പ്രവാസി മലയാളികളുടെയും സംസ്ഥാനത്തിന്‍റെയും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.

എഡിഎ ഇതു സംബന്ധിച്ച് കേരള സര്‍ക്കാരിനു നല്‍കിയ രൂപരേഖ സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എയര്‍ കേരള എയര്‍ലൈന്‍സ്, എമര്‍ജന്‍സി ഹെലികോപ്റ്റര്‍ മെഡിക്കല്‍ സര്‍വീസ്, രാജ്യാന്തര വ്യോമയാന അക്കാദമി, സംസ്ഥാനത്തെ വിമാനത്താവളങ്ങളുമായുള്ള സഹകരണം, വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ മേഖലകളില്‍ എഡിഎ സംസ്ഥാനവുമായി സഹകരിക്കും. സ്ഥാപനവുമായി സഹകരിച്ചാല്‍ പദ്ധതിക്കുണ്ടാകുന്ന പ്രയോജനം,സാമ്പത്തികവും നിയമപരവുമായ വശങ്ങള്‍ തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളില്‍ പഠനം നടത്തി സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

2005ലാണ്, സംസ്ഥാന മുഖ്യമന്ത്രി ചെയര്‍മാനും കൊച്ചി അന്താരാഷ്ട്ര വിമാനക്കമ്പനി (സിയാല്‍)യുടെ മേധാവി മാനേജിംഗ് ഡയറക്ടറുമായി സിയാലിന്‍റെ ഉപസ്ഥാപനമായി എയര്‍ കേരള വിമാനക്കമ്പനി രൂപവത്കരിച്ചത്.ഉത്സവ വിശേഷാവസരങ്ങളില്‍ വിമാനക്കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ടിക്കറ്റുകളുടെ നിരക്ക് തോന്നും പോലെ വര്‍ദ്ധിപ്പിച്ച് ഗള്‍ഫ് മലയാളികളെ കൊള്ളചെയ്യുന്ന ഏര്‍പ്പാട് പതിവാക്കിയതോടെയാണ് ഇത്തരമൊരു സംരംഭത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായത്. മറുനാടന്‍ മലയാളികളെ കൂടി ഓഹരി ഉടമകളാക്കി അവര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യമൊരുക്കുക എന്നതും പദ്ധതിയുടെ ഉദ്ദേശ്യങ്ങളിലൊന്നായിരുന്നു. പക്ഷേ, പദ്ധതിക്കു നേരെ കടുത്ത നിബന്ധനകളാണ് കേന്ദ്രം ഉയര്‍ത്തിയത്.നിബന്ധനകള്‍ പാലിക്കാന്‍ നിര്‍വാഹമില്ലാതായതോടെ പദ്ധതി താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എയര്‍ കേരള വിമാനക്കമ്പനി നിര്‍ബന്ധിതമാവുകയായിരുന്നു.

സംസ്ഥാനത്തുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും അവിടെ നിന്നു തിരിച്ചും വിമാന സര്‍വീസ് നടത്തുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടികളിലേക്ക് നീങ്ങിയത്. എന്നാല്‍ വിദേശ വിമാന സര്‍വീസ് തുടങ്ങണമെങ്കില്‍ സ്വന്തമായുള്ളതോ പാട്ടത്തിനെടുത്തതോ ആയ 20 വിമാനങ്ങളെങ്കിലും കൈവശം വേണമെന്ന കേന്ദ്ര വ്യോമയാന നയത്തിലെ കടുംപിടിത്തം സംസ്ഥാനത്തിനു തിരിച്ചടിയാവുകയായിരുന്നു. കേരളത്തിനെന്നു മാത്രമല്ല, രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും പാലിക്കാനാവില്ല എന്ന ഉറച്ച ബോദ്ധ്യത്തോടെയാണ് കടുത്ത വ്യവസ്ഥകളടങ്ങിയ വ്യോമയാന നയത്തിന് കേന്ദ്രം രൂപം കൊടുത്തത്.മുന്‍ യുപിഎ സര്‍ക്കാരിന്‍റെ ചെയ്തികളെ വെല്ലുംവിധം ഈ മേഖലയിലെ കുത്തകകളുടെ ആധിപത്യത്തിന് എല്ലാ ഒത്താശകളും ചെയ്യുകയായിരുന്നു മോഡി സര്‍ക്കാര്‍.

ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം സംസ്ഥാനം സമീപിച്ചെങ്കിലും അനുകൂല തീരുമാനങ്ങളുണ്ടായില്ല.രണ്ടാം യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ടു മന്ത്രിമാരുണ്ടായിരുന്നിട്ടും സംസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണമായിരുന്നിട്ടും കേരളത്തിന്‍റെ ആവശ്യത്തിനു വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായില്ല. കേന്ദ്ര നിലപാടിനോടുള്ള പ്രതിഷേധം കടുത്തപ്പോള്‍ ആഭ്യന്തര പറക്കലിന്‍റെ കാര്യത്തില്‍ അല്പം ദയ കാണിച്ചുവെങ്കിലും വിദേശ പറക്കലിന് 20 വിമാനങ്ങള്‍ നിര്‍ബന്ധം എന്ന പിടിവാശിയില്‍ നിന്ന് കേന്ദ്രം പിന്നാക്കം പോയില്ല. ഈ സാഹചര്യത്തിലാണ്, എയര്‍ കേരള പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി വിരാമമിടാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.അബുദാബി ഏവിയേഷന്‍ കമ്പനി സഹകരണ മനോഭാവത്തോടെ മുന്നോട്ടുവന്നിരിക്കുന്നതിനാല്‍ തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.