Tuesday
26 Mar 2019

പ്രവാസി കോര്‍പ്പറേറ്റുകള്‍ രാഹുല്‍പക്ഷത്തേക്ക് കളം മാറുന്നു

By: Web Desk | Friday 11 January 2019 10:14 PM IST


Rahul Gandhi- janayugom

പ്രത്യേക ലേഖകന്‍

ദുബായ്: കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഒറ്റക്കെട്ടായി മോഡിപക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി കോര്‍പ്പറേറ്റുകള്‍ കൂട്ടത്തോടെ രാഹുല്‍പക്ഷത്തേക്ക്.
കേന്ദ്രത്തിലെ ഭരണമാറ്റം മുന്നില്‍ക്കണ്ടാണ് ഈ കൂടുമാറ്റമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുഎഇ സന്ദര്‍ശനമാരംഭിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പര്യടനം പ്രമാണിച്ച് ഒരു ഇന്ത്യന്‍ നേതാവിന്റെയും സന്ദര്‍ശന ചരിത്രത്തിലില്ലാത്തവിധം വിപുലമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രചാരണത്തിന് നവമാധ്യമങ്ങളുടെ സര്‍വസാധ്യതകളും പ്രയോജനപ്പെടുത്തിയിരിക്കുന്നു. മോഡി പലകുറി യുഎഇ സന്ദര്‍ശിച്ചപ്പോഴെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രചാരണ മാമാങ്കമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഗള്‍ഫിലെ പ്രമുഖ പത്രങ്ങളെല്ലാം മുപ്പതും നാല്‍പ്പതും പേജുള്ള പ്രതേ്യക പതിപ്പുകളാണ് ഇന്നലെ പുറത്തിറക്കിയത്. പല സപ്ലിമെന്റുകളിലും രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിക്കുന്ന സചിത്ര ലേഖനങ്ങള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒരു പേജിലുള്ള അഭിമുഖത്തോടുകൂടിയാണ് ചില പത്രങ്ങളുടെ പ്രതേ്യക പതിപ്പുകള്‍. എല്ലാ പ്രതേ്യക പതിപ്പുകളിലും പ്രവാസി ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ മുഴുവന്‍ പേജ് പരസ്യങ്ങളില്‍ രാഹുലിന് യുഎഇയിലേയ്ക്ക് സ്വാഗതമോതുന്നു. ദുബായില്‍ ഇന്നലെ രാഹുല്‍ അഭിസംബോധന ചെയ്ത പ്രവാസി സംഗമത്തിന് കോണ്‍ഗ്രസിനെക്കാള്‍ ആവേശത്തോടെ രംഗത്തിറങ്ങിയത് മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനകളായിരുന്നു.

Related News