കൊറോണയും എണ്ണവിലത്തകര്ച്ചയുംമൂലം തൊഴില്‍ നഷ്ടപ്പെട്ട് സാമ്പത്തികപ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ സൗജന്യമായി വിമാനടിക്കറ്റ് നല്‍കണമെന്ന കേരള ഹെെക്കോടതിവിധി ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ പരസ്യമായി ലംഘിക്കുന്നു.
മടങ്ങാന്‍ ടിക്കറ്റിനു കാശില്ലാതെയും ഭക്ഷണമില്ലാതെയും നരകയാതന അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കോടതിവിധി വലിയ ആശ്വാസമായതിനിടെയാണ് ഇത്തരമൊരു വിധി വന്ന കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞ് യുഎഇ, സൗദിഅറേബ്യ, കുവെെറ്റ്, ബഹ്റെെന്‍, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പൊട്ടന് കളിക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
പ്രവാസികളില്‍ നിന്ന് വിവിധ സേവനങ്ങള്‍ക്കായി എംബസികള്‍ ഈടാക്കുന്ന തുകയില്‍ നിന്നും തൊഴില്‍രഹിതരായ നിര്‍ധന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റിനുള്ള തുക നല്‍കണമെന്നായിരുന്നു ഹെെക്കോടതിവിധി. എംബസികളിലെ ഇന്ത്യന്‍ പൗരന്മാരുടെ സാമൂഹ്യക്ഷേമത്തിനായുള്ള ഈ ഫണ്ട് നിര്‍ധന പ്രവാസികള്‍ക്കു മടക്കയാത്രാ ടിക്കറ്റ് നല്കാന് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. ഏഴായിരം കോടി രൂപയിലേറെയാണ് വിവിധ ഗള്‍ഫ് എംബസികളിലായി ഈ ഫണ്ടില്‍ കുമിഞ്ഞുകൂടി കിടക്കുന്നതെന്ന് ‘ജനയുഗം’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിധിക്കു പിന്നാലെ ആയിരക്കണക്കിനു നിര്‍ധന‑തൊഴില്‍രഹിത പ്രവാസികളാണ് ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളെ സമീപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖ, ടിക്കറ്റെടുക്കാന്‍ ത്രാണിയില്ലാത്തതിനു കാരണമായ സാമ്പത്തികാവസ്ഥയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, തൊഴിലും വിസയും നഷ്ടപ്പെട്ട രേഖ, ഗള്‍ഫിലെ താമസരേഖ എന്നിവ സഹിതം സൗജന്യ മടക്കയാത്ര ടിക്കറ്റിന് അപേക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.ഇതനുസരിച്ച് എംബസികളിലും കോണ്‍സുലേറ്റുകളിലും എത്തിയ പ്രവാസികളോട് ഇത്തരം ഒരു കോടതിവിധിയെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.
സൗജന്യ മടക്കയാത്രാ ടിക്കറ്റിന് എല്ലാ വിവരങ്ങളും കാണിച്ച് സത്യവാങ്മൂലം, സാക്ഷ്യപത്രവും ഇ‑മെയില്‍ വഴി അറിയിച്ചിട്ടും മറുപടിയില്ല. ഫോണില്‍ സൗജന്യ ടിക്കറ്റിനെക്കുറിച്ച് ആരാഞ്ഞാല്‍ നീര്‍നായകളെപ്പോലെ ചാടിക്കടിക്കുന്ന മട്ടിലാണ് എംബസി ജീവനക്കാരുടെ പെരുമാറ്റമെന്നും പാവപ്പെട്ട പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു. ഹെെക്കോടതി വിധി ഇന്ത്യയിലേയും ഗള്‍ഫിലേയും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതും ശ്രദ്ധേയം.
കോടതിവിധിയുണ്ടായിട്ടും അതു മറച്ചുവയ്ക്കുന്നതും ലംഘിക്കുന്നതും സുപ്രീംകോടതിയിലേക്ക് കേസ് വലിച്ചിഴച്ച് സൗജന്യ മടക്കയാത്രാ ടിക്കറ്റ് നല്കുന്നതു താമസിപ്പിക്കാനുള്ള മനുഷ്യത്വഹീനമായ തന്ത്രമാണ് കേന്ദ്രം പയറ്റുന്നതെന്ന ആരോപണവും ശക്തമായി.
English Summary: Gulf embassies in contempt of court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.