February 4, 2023 Saturday

കൊറോണ കാലത്ത്‌ നാട്ടിലേക്ക്‌ പൈസ അയക്കാത്തതിന്‌ പിണങ്ങിയ ഭാര്യ അറിയാൻ ഒരു പ്രവാസിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്‌

Janayugom Webdesk
April 10, 2020 11:42 am

നാട്ടിൽ നിന്നും ഫ്ലൈറ്റ്‌ കേറുന്ന അന്നുമുതൽ ഓരോ പ്രവാസിയും കാണുന്ന ഒരു സ്വപ്നമുണ്ട്‌ പിറന്ന നാട്ടിലേക്ക്‌ എന്നേക്കുമായി ഒരു തിരിച്ചു വരവുണ്ടെന്ന്‌. വർഷങ്ങൾ കഴിയുംതോറും മാറ്റ്‌ കൂടുക എന്നല്ലാതെ ആ കിനാവിന്‌ മാത്രം മാറ്റ്‌ കുറയില്ല. എന്തൊക്കെ കിനാവുകൾ പൂവണിയാത്ത സന്ദർഭമാണെങ്കിലും നാട്ടിലേക്ക്‌ പോകാനൊരവസരം കിട്ടിയാൽ പിന്നീടൊന്നും ആലോചിക്കാൻ നിൽക്കാതെ അവർ പോകാനൊരുങ്ങും. നാട്ടിലെത്തുന്നത്‌ മുതൽ കാണുന്നതൊക്കെ അവൻ ഖൽബിലേക്ക്‌ പകർത്തും പിന്നീട്‌ അടുത്ത ലീവ്‌ വരുന്നത്‌ വരെ അതെല്ലാം ഓർത്തോർത്ത്‌ അവർ നടക്കും.

ഫ്ലൈറ്റിൽ കേറിയാൽ നാൽപ്പത്‌ കൊല്ലം ഗൾഫിൽ വന്ന്‌ നാട്ടിൽ പോയവനും ഒരു കൊല്ലം നിന്ന്‌ നാട്ടിലേക്ക്‌ പോകുന്നവനും ഒരേ സന്തോഷം, ഒരേ മുഖം. അതാണ്‌ പ്രവാസിയുടെ നാടിനോടുള്ള പിരിശം. പക്ഷെ കാലം അതിന്റെ മറ്റൊരു മുഖം കാണിച്ചു തുടങ്ങിരിക്കുന്നു. മഹാമാരിയായി കൊറോണ വൈറസ്‌ ലോകത്ത്‌ പടരുന്ന സമയമാണ്‌. അതിവിടെ ഗൾഫ്‌ നാടുകളിലും ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്നു.

മരണം മാത്രം സമ്മാനമായി നൽകുന്ന കൊറോണ കാരണം സ്വന്തം വീട്ടുകാർക്കും, നാട്ടുകാർക്കും പ്രവാസികളെ ഭയമാണെന്ന്‌ പലയിടത്തും കണ്ടു. അതിനെ കുറിച്ച്‌ മിണ്ടാതെ നടക്കുന്നത്‌ നാട്ടുകാരെ കുറ്റം പറയാൻ പറ്റില്ലന്നറിയാവുന്നത്‌ കൊണ്ടു തന്നെയാണ്‌. ആരും സുരക്ഷക്കാണല്ലോ മുൻതൂക്കം നൽകുക. ഇതിനിടയിൽ ചില കാര്യങ്ങൾ പ്രിയപ്പെട്ട പ്രവാസികളുടെ വീട്ടുകാർ മനസ്സിലാക്കിയില്ലയെങ്കിൽ നിങ്ങളെ എല്ലാം നൽകി ഇതുവരെ പോറ്റിയ നിങ്ങളുടെ മക്കളുടെ ശാപം ഏറ്റു വാങ്ങേണ്ടി വരും. കാരണം ഗൾഫിൽ പലയിടത്തും പ്രവാസികളുടെ അവസ്ഥകൾ വളരെ പരിതാപകരമാണ്‌.

ജോലിയില്ലാതെ ദിവസങ്ങളോളം റൂമിനുള്ളിൽ കഴിയുന്ന ആ ജീവിതം നിങ്ങൾ സ്വപ്നം കാണുന്നത്‌ പോലെയുള്ളതല്ല.. നാട്ടിൽ നിങ്ങൾ കിടന്നുറങ്ങുന്ന മുറികളുടെ വലിപ്പമല്ല ഇവിടെയുള്ള ഒരുപാട്‌ റൂമുകൾക്കുള്ളത്‌. വളരെ ചെറുതും അതിൽ തന്നെ ഒരുപാട്‌ കട്ടിലുകൾ കൊണ്ടും സാധനങ്ങൾ കൊണ്ടും ആളുകൾ കൊണ്ടും നിറഞ്ഞ റൂമുകൾ ആണവ. ഒരാൾക്ക്‌ അസുഖം വന്നാൽ അതെല്ലാവർക്കും പകരും എന്നുറപ്പാണ്‌. ഇവിടെ ഇതുവരെ പോയത്‌ പോലെ ഇനി പോകാൻ സാധിക്കുമോ എന്നറിയാതെ വേവലാതിപ്പെടുന്ന സമയമാണന്ന്‌ നിങ്ങൾ മനസ്സിലാക്കുക . കഴിക്കാൻ വല്ലതും വാങ്ങണമെങ്കിൽ പുറത്തേക്ക്‌ ഇറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്‌. അഥവാ ഇറങ്ങിയാൽ തന്നെ പിടിക്കപ്പെട്ടാൽ ഒരുപാട്‌ പൈസ ഫൈൻ വരുമെന്ന നിയമങ്ങളുണ്ട്‌.

ഭക്ഷണം നൽകുന്ന ഒരുപാട്‌ സഹായ ഹസ്തങ്ങൾ ഇവിടെയുണ്ട്‌ പക്ഷെ അവർക്കും പരിമിതികൾ ഉണ്ടല്ലോ. എത്ര റൂമുകളിൽ അവർക്ക്‌ എത്താൻ സാധിക്കും.? ഒരുപാട്‌ റൂമുകൾ പട്ടിണിയിലാണെന്ന്‌ ആരും അറിയാതെ പോകുന്നുണ്ട്‌ അല്ലെങ്കിൽ ആരെയും അറിയിക്കാതെ പോകുന്നുണ്ട്‌. ഈ സമയത്ത്‌ നാട്ടിലേക്ക്‌ പൈസ അയക്കാത്തതിന്‌ പിണങ്ങിയ കൂട്ടുകാരന്റെ ഭാര്യ പറഞ്ഞത്‌ നിങ്ങൾക്ക്‌ ജോലിക്ക്‌ പോകാതെ റൂമിൽ അടിച്ചു പൊളിക്കാനാണ്‌ പൈസ അയക്കാത്തത്‌ എന്നായിരുന്നു.

ഇവിടുത്തെ അവസ്ഥ അറിയാത്തവർ ഇനിയും ഇങ്ങനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും കാരണം കിട്ടാത്ത സമയങ്ങളിൽ ഒറ്റപ്പെട്ടു പോകുന്നത്‌ പ്രവാസികൾക്ക്‌ ആദ്യത്തെ അനുഭവം അല്ലല്ലോ. ഇത്രയും നാൾ അയച്ചത്‌ പോലെ ഇനി അയക്കാൻ സാധിക്കുമോ എന്ന്‌ ഒരുറപ്പും നിങ്ങൾക്ക്‌ നൽകാൻ ഞങ്ങൾക്ക്‌ കഴിയില്ല. നമ്മുടെ നാട്ടിൽ ജോലിക്ക്‌ വന്ന ബംഗാളികൾക്ക്‌ നമ്മുടെയൊക്കെ സർക്കാർ നൽകുന്ന പരിഗണനയൊന്നും ഇവിടെ എല്ലാ ഗൾഫ്‌ രാജ്യങ്ങളിലും വിദേശികൾക്ക്‌ കിട്ടുന്നില്ല എന്ന്‌ തന്നെ തുറന്ന്‌ പറയാനായിട്ടുണ്ട്‌.

വിദേശികൾ വന്നത്‌ പണം ഉണ്ടാക്കാനാണ്‌. ഈ മാരക വൈറസിന്റെ കാര്യത്തിൽ സ്വദേശികളേക്കാൾ വലിയ പരിഗണന വിദേശികൾക്ക്‌ കിട്ടാൻ ഇനി പ്രയാസമാണ്‌. അവരെ ഒന്നും പറയാൻ നമുക്ക്‌ കഴിയില്ല അതിനൊക്കെയുള്ള സജീകരണങ്ങളെ ഇവിടെയൊള്ളൂ. അവരെക്കൊണ്ടാവുന്നത്‌ മാത്രേ അവർ ചെയ്യൂ കാരണം പ്രവാസികളുടെ കാര്യത്തിൽ അവരുടെ ബേജാറ്‌ എത്രയാണെന്ന്‌ ബോധ്യപ്പെട്ട്‌ തുടങ്ങുന്നു. അസുഖം പടർന്നാൽ ഇവിടെ കിടന്ന്‌ മരിക്കാൻ വിധിക്കപ്പെട്ടവരിൽ ആരൊക്കെപെടുമെന്ന്‌ ഒരുറപ്പും പറയാൻ ഇപ്പോഴും കഴിയില്ല.

ഒരു പനി വന്നാൽ ഒന്ന്‌ തൊട്ട്‌ നോക്കാൻ പോലും ഭയം കാരണം കൂടെയുള്ളവർ വരില്ല, ഒന്ന്‌ കൊണ്ടു പോകാൻ കൂടെ വരാൻ കൂടപ്പിറപ്പുകൾ ഇല്ല, ഹോസ്പിറ്റലിൽ ഒറ്റക്ക്‌ പോയി ടെസ്റ്റുകൾ ചെയ്ത്‌ സ്വന്തം ആയുസ്സിന്റെ കാലാവധി എത്രയാണെന്ന്‌ നോക്കുമ്പോൾ മാത്രമേ ഈ ഒറ്റപ്പെടലിന്റെ വേദന നിങ്ങൾക്കൊക്കെ മനസ്സിലാകൂ. ഗൾഫിൽ കൊറോണ കത്തി പടരുന്ന വാർത്തകൾ കണ്ടാൽ നിങ്ങൾ ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുക.

സ്വന്തം മോഹങ്ങളൊക്ക നിങ്ങൾക്ക്‌ വേണ്ടി നാട്ടിൽ വെച്ച്‌ കയറി പോന്ന്‌ പിറന്ന മണ്ണിലേക്ക്‌ പെട്ടന്ന്‌ തിരികെയെത്താൻ മോഹിച്ച ഇക്കൂട്ടർക്ക്‌ നാട്ടിലാറടി മണ്ണ്‌ കിട്ടാത്ത സങ്കടം മാറാൻ മണൽകാട്ടിൽ തുറക്കുന്ന ഖബറിന്റെ വാതിലുകളടയുമ്പോൾ തന്നെ ജന്നത്തിന്റെ എല്ലാ കവാടങ്ങളും ഞങ്ങൾക്കായി തുറക്കണമെന്ന്‌. അന്നെങ്കിലും നിങ്ങളുടെ വിലപ്പെട്ട കണ്ണുനീർ ഞങ്ങൾക്കായി ഒഴുക്കണം. അല്ലാതെ ഒരിക്കലും ഈ സമയത്ത്‌ കിട്ടാത്ത കണക്കുകൾ കൂട്ടി പ്രവാസിയുടെ മൂല്യം നിങ്ങൾ തൂക്കി കണക്കാക്കി ഒറ്റപ്പെടുത്തരുത്‌ എന്ന്‌ വിനയത്തോടെ അപേക്ഷിക്കുന്നു. പടച്ചോൻ എല്ലാ നാട്ടുകാരെയും ഈ വൈറസിൽ നിന്നും കാത്തു രക്ഷിക്കട്ടെ, ആമീൻ.

സ്നേഹത്തോടെ റഷീദ്‌ എം ആർ കെ.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.