ഗള്‍ഫില്‍ നികുതിപ്പെരുമഴ വരുന്നു, പ്രവാസികള്‍ കടുത്ത ആശങ്കയില്‍

* പുതിയ നികുതികള്‍ ഘട്ടം ഘട്ടമായി
* പ്രവാസികള്‍ കടുത്ത ആശങ്കയില്‍
അബുദാബി: എണ്ണവില പിന്നെയും താഴേയ്ക്ക് നിപതിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്ക്കാന് വേണ്ടി പുതിയ നികുതികള്‍ ചുമത്താന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ ആലോചിക്കുന്നു.
പ്രത്യക്ഷനികുതികളും പരോക്ഷനികുതികളുമായി പലതവണകളായി ഘട്ടംഘട്ടമായായിരിക്കാം പുതിയ നികുതികള്‍ കൊണ്ടുവരിക. യുഎഇ, സൗദി അറേബ്യ, കുവെെറ്റ്, ബഹ്റെെന്‍, ഒമാന്‍, ഖത്തര്‍ എന്നിവയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍. ഇവയില്‍ ഖത്തറിനെതിരെ ചില കൗണ്‍സില്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആ രാജ്യം നികുതിവര്‍ധനയില്‍ പങ്കാളിയാകുമോ എന്നു തീര്‍ച്ചയില്ല. എണ്ണവില സമീപകാലത്തെങ്ങും വര്‍ധിക്കില്ലെന്നും ഇലക്ട്രോണിക് വാഹന വിപ്ലവത്തോടെ വില ഇനിയും കുറയാനുള്ള സാധ്യതയെന്നുമാണ് ഗള്‍ഫ് നാടുകളുടെ വിലയിരുത്തല്‍. അതിനാല്‍ അടിയന്തരമായി അധികവരുമാന സാധ്യതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഈ രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയുമുണ്ട്.
അതിനാല്‍ എല്ലാ പുതിയ നികുതികളും ഒന്നിച്ചു ചുമത്താതെ ഘട്ടം ഘട്ടമായി നികുതികള്‍ ചുമത്താനാണ് ആലോചന. സ്വത്തു നികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയായിരിക്കും അടിയന്തരമായി ഏര്‍പ്പെടുത്തുക. കുവെെറ്റിലായിരിക്കും പുതിയ നികുതികള്‍ ആദ്യം നിലവില്‍ വരുന്നതെന്നും സൂചനയുണ്ട്. തുടര്‍ന്ന് പ്രവാസികള്‍ ഏറെയുള്ള യുഎഇയിലും സൗദി അറേബ്യയിലും. ആദായനികുതി, വാറ്റ് എന്നിവയിലും വര്‍ധനയുണ്ടാകും. തുടര്‍ന്ന് ആഡംബരനികുതികളും വര്‍ധിപ്പിക്കും. യുഎഇ, ബഹ്റെെന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ അഞ്ച് ശതമാനം വാറ്റ് ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. പല ഗള്‍ഫ് രാജ്യങ്ങളിലും സിഗററ്റിനും പുകയിലയ്ക്കും ഊര്‍ജ്ജദായക പാനീയങ്ങള്‍ക്കും നൂറ് ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയിരുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും. സൗദിയിലെത്തുന്നവരും അതുവഴി കടന്നുപോകുന്നവരുമായ വിദേശികള്‍ ഡിസംബര്‍ മുതല്‍ വിമാനത്താവള നികുതിയും അടയ്ക്കണം.
ഡിസംബര്‍ മുതല്‍ ഹുക്ക, മധുരപാനീയങ്ങള്‍ എന്നിവയ്ക്കും നികുതി ചുമത്തും. പുതിയ നികുതികള്‍ വരുന്നതോടെ പ്രവാസികളുടെ ജീവിതം കൂടുതല്‍ ദുരിതമയമായിത്തീരുമെന്ന കടുത്ത ആശങ്കയുണ്ട്. സാധനവിലകള്‍ കുതിച്ചുയരുമെന്നും ഉറപ്പാണ്. നികുതി ചുമത്താതെ സാമ്പത്തിക മാന്ദ്യമുണ്ടായാല്‍ പതിനായിരക്കണക്കിന് പ്രവാസികളാണ് തൊഴിലില്ലായ്മയിലേയ്ക്കും പിരിച്ചുവിടലിലേയ്ക്കും എടുത്തെറിയപ്പെടുക. നികുതികള്മൂലം ജീവിതച്ചെലവ് വര്‍ധിച്ചാല്‍ തകര്‍ന്നടിയുക ഇത്തിരി സമ്പാദ്യമെന്ന ഗള്‍ഫ് മോഹങ്ങളായിരിക്കും. ചുരുക്കത്തില്‍ ചെകുത്താനും കടലിനുമിടയില്‍ എന്ന അവസ്ഥയിലേക്കായിരിക്കും പ്രവാസികളെ തള്ളിവിടുക എന്ന ആശങ്ക സാമ്പത്തിക വിദഗ്ധരും പങ്കുവയ്ക്കുന്നുണ്ട്.