ആളാരവങ്ങളില്ലാതെ, വാഹനനദികള്‍ ഒഴുകാതെ ഗള്‍ഫ് നാടുകള്‍ക്ക് ഒരു പുതിയ മുഖം. കൊറോണയെ തോല്പിക്കാന്‍ സ്വദേശികളും വിദേശികളുമടക്കമുള്ളവര്‍ വീടുകളില്‍ അടച്ചുപൂട്ടിയിരുന്നുകൊള്ളണമെന്ന ഭരണകൂടങ്ങളുടെ കല്പനകള്‍ ശിരസാവഹിക്കുകയാണ് പ്രവാസികളടക്കമുള്ള ജനസമൂഹമാകെ. ഇന്ത്യയില്‍ നിയമം ലംഘിക്കാനുള്ളതാണെങ്കില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിയമം പാലിക്കാനുള്ളതെന്ന് വിളംബരം ചെയ്യുന്ന ദൃശ്യങ്ങള്‍. യുഎഇയിലടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നിരത്തുകളില്‍ വാഹനങ്ങളുടെ മഹാനദികളുടെ ഒഴുക്കാണ് രാപകല്‍. ഒരു ട്രാഫിക് പോയിന്റില്‍ ചുവപ്പു ലൈറ്റു കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിന്നാലെ ഒരു കിലോമീറ്റര്‍ അകലെ വരെ നീളുന്ന വാഹനവ്യൂഹങ്ങള്‍ പതിവുകാഴ്ച. ഇപ്പോള്‍ തെരുവുകള്‍ ശൂന്യം. അത്യാവശ്യ സാധനങ്ങളും മരുന്നും വാങ്ങാന്‍ പൊലീസ് അനുമതിയോടെ നീങ്ങുന്നത് വിരലിലെണ്ണാവുന്ന വാഹനങ്ങള്‍ മാത്രം. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും വാഹനങ്ങള്‍ മാത്രമാണ് മിക്കപ്പോഴും നിരത്തിലുണ്ടാവുക. വാഹനങ്ങള്‍ നിരത്തൊഴിഞ്ഞതോടെ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിറഞ്ഞുകവിയുന്നു.
മിക്ക സ്ഥലങ്ങളിലും പാര്‍ക്കിംഗ് സൗജന്യവുമാണ്. സാധാരണയായി അരലക്ഷത്തിലേറെപ്പേര്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന അബുദാബിയിലെ ഷേഖ് സയേദ് വലിയ പള്ളിയില്‍ പുരോഹിതരും സഹായികളും മാത്രം. വാങ്കുവിളിയിലും മാറ്റം. പ്രാര്‍ത്ഥിക്കാന്‍ വരുവിന്‍ എന്ന വാങ്കുവിളി നിങ്ങള്‍ എവിടെയാണോ അവിടെ നമസ്കാരം നടത്തുക എന്നായി. ഗള്‍ഫിലെ എല്ലാ പള്ളികളിലും നിസ്കാരച്ചടങ്ങുകള്‍ പുരോഹിതന്മാരിലും സഹായികളിലുമൊതുങ്ങുന്നു. അപൂര്‍വം ആരാധകര്‍ മാത്രം. പുരോഹിതരുടെ കുത്തുബപ്രസംഗമടക്കം ചടങ്ങുകള്‍ പത്തു മിനിറ്റിനുള്ളില്‍ കലാശിക്കുന്നു. മറ്റു മതവിഭാഗങ്ങളുടെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നു. ദേവാലയങ്ങളിലേക്കുള്ള വഴികള്‍ ശൂന്യം. തേനീച്ച കൂട്ടുകള്‍ പോലെ മുഴങ്ങിയിരുന്ന മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും പൊലീസിന്റെ അനുമതിയോടെ സാധാനങ്ങള്‍ വാങ്ങാനെത്തുന്ന അപൂര്‍വമാളുകളുടെ കാഴ്ച. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിളമ്പല്‍ നിര്‍ത്തി.
പാഴ്‌സലും അപൂര്‍വം. ഹോം ഡെലിവറിയിലൂടെ ഭക്ഷണമെത്തിക്കുന്ന സംവിധാനം ഹോട്ടലുകള്‍ വ്യാപകമാക്കി. എന്നാല്‍ കൊറോണയെ പേടിച്ച് ഭക്ഷണസാധനങ്ങളുടെ ഡെലിവറിയിലും ജനത്തിനു വിശ്വാസമില്ലാതായപോലെ. ഭക്ഷ്യവിഭവങ്ങളുടെ നാനാത്വവും രുചിവൈവിധ്യവും വരദാനമായി കിട്ടിയ മലയാളികളാണ് അനുഗൃഹീതര്‍. ചമ്മന്തിയും പയറും കഞ്ഞിയും പപ്പടവും പതിവുവിഭവങ്ങളാക്കി പിടിച്ചു നില്‍ക്കുന്നു. ആഡംബരവിഭവങ്ങളോടു കൂടിയ ഭക്ഷണക്രമത്തോട് മലയാളി പ്രവാസി തല്‍ക്കാലത്തേക്ക് വിടചൊല്ലിയിരിക്കുന്നു. അരിയും പയറും ആട്ടയും കറിപ്പൊടികളും വാങ്ങി സ്റ്റോക്കു ചെയ്യുന്നു. ചപ്പാത്തിയും പയറും കഞ്ഞിയുമായി അടച്ചുപൂട്ടലിനിടയില്‍ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു കഴിഞ്ഞ പ്രവാസി മലയാളി കുടുംബങ്ങള്‍ പറയുന്നു; ഇതും ഒരു അനുഭവകാലം. കര, കടല്‍, വ്യോമഗതാഗതങ്ങളെല്ലാം അന്യമായ ആദ്യകാലം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.